Kerala
ധനപ്രതിസന്ധി വിഷയത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് തുടക്കം
ഉച്ചയ്ക്ക് ഒരുമണിക്ക് സഭ നിര്‍ത്തിവെച്ച് നടത്തുന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് രണ്ട് മണിക്കൂറാണ് അനുവദിച്ചത്.
തിരുവനന്തപുരം | സംസ്ഥാനത്തെ ധനപ്രതിസന്ധിയില്‍ നിയമസഭയില്‍ അടിയന്തര പ്രമേയചര്‍ച്ചക്ക് റോജി എം ജോണ്‍ എംഎല്‍എ തുടക്കം കുറിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നു പോകാന്‍ കാരണം ഇടതുസര്‍ക്കാരാണെന്ന് എംഎല്‍എ വിമര്‍ശിച്ചു. പ്രതിസന്ധിക്ക് കാരണം ധൂര്‍ത്തും നികുതി പിരിവ് കാര്യക്ഷമമല്ലാത്തതാണെന്നും റോജി എം ജോണ്‍ ചൂണ്ടിക്കാട്ടി. ഇന്ധനസെസ് പിന്‍വലിക്കണമെന്നും റോജി എം ജോണ്‍ ആവശ്യപ്പെട്ടു. കേന്ദ്ര നിലപാട് പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധനപ്രതിസന്ധി പറഞ്ഞ് നികുതി കൂട്ടുകയാണ് സര്‍ക്കാര്‍. ദുരഭിമാനം വെടിഞ്ഞു ഇന്ധന സെസ് പിന്‍വലിക്കണം. ക്ഷേമ നിധി പെന്‍ഷന്‍ കൊടുക്കാത്തവരാണ് ഇടത് ബദല്‍ പറയുന്നതെന്നും എംഎല്‍എ അടിയന്തര പ്രമേയത്തില്‍ വിമര്‍ശിച്ചു. കേന്ദ്രം ചെയ്യുന്ന അതെ പണിയാണ് തദ്ദേശ സ്ഥാപനങ്ങളോട് സംസ്ഥാനസര്‍ക്കാര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട കേസ് വാദിക്കാന്‍ വക്കീലിനെ ഇറക്കിയത് ലക്ഷങ്ങള്‍ മുടക്കിയാണെന്നും റോജി എം ജോണ്‍ വിമര്‍ശിച്ചു.
ഉച്ചയ്ക്ക് ഒരുമണിക്ക് സഭ നിര്‍ത്തിവെച്ച് നടത്തുന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് രണ്ട് മണിക്കൂറാണ് അനുവദിച്ചത്.