Articles
ഹിന്ദുത്വയുടെ പതിറ്റാണ്ട്; മൃതപ്രായമായ ശാസ്ത്രം
കൊവിഡിന്റെ മറവില്‍ ഒളിച്ചു കടത്തിയെന്ന വ്യാപക വിമര്‍ശനങ്ങള്‍ നേരിട്ട ദേശീയ വിദ്യാഭ്യാസ നയം 2020 പുതിയ അധ്യയന വര്‍ഷത്തോടെ പൂര്‍ണാര്‍ഥത്തില്‍ നീറ്റിലിറക്കാനാണ് മോദി സര്‍ക്കാറിന്റെ തീരുമാനം. ജൂണ്‍ നാലിന്റെ തിരഞ്ഞെടുപ്പ് ഫലം ഭാവി നിര്‍ണയിക്കുന്ന അനേകം കാര്യങ്ങളില്‍ ദേശീയ വിദ്യാഭ്യാസ നയം പ്രബലമായ ഒന്നാണ്.
ഗൗരവമേറിയ സംവാദങ്ങള്‍ അനിവാര്യമായ ചില നയം മാറ്റങ്ങള്‍ വരെ ചര്‍ച്ചക്ക് അവസരം നല്‍കാതെ നിയമമാക്കി മാറ്റുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തുന്ന സര്‍ക്കാറിനാണ് ഒരു ദശകമായി ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. പാതിവെന്തതും ഒട്ടും വേവാത്തതുമായ നിരവധി നിയമങ്ങള്‍ ഇതിനോടകം ചുട്ടെടുത്ത് കഴിഞ്ഞിട്ടുണ്ട്. കൊവിഡിന്റെ മറവില്‍ ഒളിച്ചു കടത്തിയെന്ന വ്യാപക വിമര്‍ശനങ്ങള്‍ നേരിട്ട ദേശീയ വിദ്യാഭ്യാസ നയം- 2020 പുതിയ അധ്യയന വര്‍ഷത്തോടെ പൂര്‍ണാര്‍ഥത്തില്‍ നീറ്റിലിറക്കാനാണ് മോദി സര്‍ക്കാറിന്റെ തീരുമാനം. ജൂണ്‍ നാലിന്റെ തിരഞ്ഞെടുപ്പ് ഫലം ഭാവി നിര്‍ണയിക്കുന്ന അനേകം കാര്യങ്ങളില്‍ ദേശീയ വിദ്യാഭ്യാസ നയം പ്രബലമായ ഒന്നാണ്.
സ്‌കൂളുകളിലെ 10+2 രീതി മാറ്റി 5+3+3+4 എന്ന പുതിയ മാറ്റമടക്കം ഒരേ സമയം രണ്ട് ബിരുദത്തിന് പഠിക്കാമെന്നതുള്‍പ്പെടെ ഉപരിപ്ലവമായ നിരവധി പരിഷ്‌കാരങ്ങള്‍ പുതിയ നിയമത്തിലുണ്ട്. നാല് വര്‍ഷ ബിരുദത്തില്‍ ഒന്നാം വര്‍ഷം പുറത്തു പോകുന്നയാള്‍ക്ക് സര്‍ട്ടിഫിക്കറ്റും, രണ്ടാം വര്‍ഷം അവസാനിപ്പിക്കുന്നവര്‍ക്ക് ഡിപ്ലോമയും, മൂന്നാം വര്‍ഷക്കാര്‍ക്ക് ബിരുദവും കിട്ടും. നാലാം വര്‍ഷം പാസ്സാകുന്നവര്‍ ഓണേഴ്‌സ് ബിരുദധാരികളുമാകും. ഓണേഴ്‌സ് ബിരുദക്കാര്‍ക്ക് നേരിട്ട് ഗവേഷണ പഠനത്തിന് ചേരാവുന്നതാണ്. എന്നാല്‍ പുതിയ നയത്തെ തീര്‍ത്തും പിന്തിരിപ്പനാക്കുന്ന നിരവധി കാര്യങ്ങള്‍ വേറെയുണ്ട്.
പുരാണേതിഹാസങ്ങളും പ്രാചീന കഥകളും മിത്തുകളും കേട്ടുകേള്‍വികളും ഭാരതീയ ചരിത്രമായാണ് അവതരിപ്പിച്ചിട്ടുള്ളത്. പുതിയകാല ഇന്ത്യാ ചരിത്രം പൂര്‍ണമായി തമസ്‌കരിച്ചിട്ടുണ്ട്. ഗുപ്ത – മൗര്യ സാമ്രാജ്യങ്ങളും, അശോകന്‍, കനിഷ്‌കന്‍, ഹര്‍ഷവര്‍ധന്‍, യശോവര്‍മന്‍ തുടങ്ങിയവര്‍ പതാകവാഹകരായ അഞ്ച് നൂറ്റാണ്ട് കാലത്തെ ബൗദ്ധ ആധിപത്യവും ഡല്‍ഹി സുല്‍ത്താനേറ്റും മുഗള്‍ ആധിപത്യവും പ്രാധാന്യം കിട്ടാത്തവയില്‍ പെടുന്നു. കോളനിവത്കരണവും ഐതിഹാസികമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടവും പുതിയ പാഠങ്ങളില്‍ തമസ്‌കരിക്കപ്പെടുകയാണ്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ രൂപപ്പെട്ട സംസ്‌കാരങ്ങളെയും നാഗരികതകളെയും അവഗണിക്കുന്നു. ഭാരത കേന്ദ്രീകൃത സാംസ്‌കാരികതയില്‍ മാത്രം സ്തുതിയും ശ്രദ്ധയും കേന്ദ്രീകരിക്കുന്ന വിധത്തില്‍ കരിക്കുലങ്ങള്‍ പുതുക്കിപ്പണിയാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നു. ഉച്ചനീചത്വങ്ങള്‍ കൊടികുത്തി വാണ, ചൂഷിത വ്യവസ്ഥിതി പിടിമുറുക്കിയ വേദിക് ബ്രഹ്മണിക്കല്‍ കാലഘട്ടം ഉത്കൃഷ്ട യുഗമായി സിലബസുകളില്‍ ഇടംപിടിക്കുകയാണ്.
പൗരാണിക ഭാരതീയ തത്ത്വചിന്തകളിലെ നവോത്ഥാന സംബന്ധിയും സംവാദാത്മകവുമായ ചിന്തകള്‍ പുതിയ ടെക്സ്റ്റുകളില്‍ കാണ്‍മാനില്ല. കപിലന്‍, കണാദന്‍, ബ്രഹസ്പതി, അക്ഷയപാദ ഗൗതമര്‍, മാര്‍ക്കണ്ഡേയന്‍ എന്നിവരുടെയെല്ലാം ഭാഗങ്ങള്‍ വിട്ടുകളഞ്ഞിട്ടുണ്ട്. അവര്‍ വികസിപ്പിച്ചെടുത്ത ഭാരതീയ ദര്‍ശനങ്ങളായ സാംഖ്യം, യോഗം, ന്യായം, വൈശേഷികം, ചാര്‍വാകം, മീമാംസ തുടങ്ങിയ യുക്തിസഹമായ സമര്‍ഥനങ്ങളില്‍ പുതിയ പാഠ്യപദ്ധതികള്‍ നിശബ്ദമാണ്. പകരം, ഭാരതീയ ജ്ഞാന വ്യവസ്ഥ എന്ന പേരില്‍ വര്‍ണാശ്രമ ധര്‍മവും മനു സൂക്തങ്ങളും ആനയിക്കപ്പെടുന്നു. സരസ്വതി നദി, വേദഗണിതം, ജ്യോതിഷം, പഞ്ചശോഷ സിദ്ധാന്തം തുടങ്ങിയവയുടെ ഗവേഷണ സാധ്യതകളിലേക്ക് വലിയ പ്രോത്സാഹനങ്ങളുടെ വാതായനങ്ങളാണ് പുതുക്കിയ പദ്ധതി തുറന്നിട്ടിരിക്കുന്നത്.
1968ലും 1986ലും മാസങ്ങള്‍ നീണ്ട ചര്‍ച്ചകളും നിര്‍ദേശങ്ങളും കൊണ്ട് സമഗ്രമാക്കിയാണ് വിദ്യാഭ്യാസ നയങ്ങള്‍ രൂപപ്പെടുത്തിയത്. വലിയ ബജറ്റ് നീക്കിയിരിപ്പുകള്‍ വഴി ശാസ്ത്ര- സാങ്കേതിക – വൈജ്ഞാനിക സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുകയും മാനവരാശിയുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള ഗവേഷണ പഠനങ്ങളില്‍ ഇന്ത്യ അദ്വിതീയ സ്ഥാനം കൈവരിക്കുകയും ചെയ്തു. എന്നാല്‍ പുതിയ വിദ്യാഭ്യാസ നയം, രാജ്യത്തെ എല്ലാ പഠന ഗവേഷണങ്ങളും നാഷനല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (എന്‍ ആര്‍ എഫ്) എന്ന സ്ഥാപനത്തിന്റെ കീഴിലേക്ക് മാറ്റിയിട്ടുണ്ട്. എന്‍ ആര്‍ എഫ് പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഗവേഷണ പദ്ധതികള്‍ രസാവഹമാണ്. കൗരവരുടെ ജനനം, സ്റ്റെം സെല്‍ സാങ്കേതിക വിദ്യയുമായുള്ള ബന്ധം, ഗണപതിയുടെ കൊമ്പ് തുന്നിച്ചേര്‍ത്ത വൈദ്യശാസ്ത്ര വൈദഗ്ധ്യം, റൈറ്റ് സഹോദരന്‍മാര്‍ക്ക് മുന്നേ യാഥാര്‍ഥ്യമാക്കിയ പുഷ്പക വിമാനത്തിന്റെ ഘടനാപരമായ ഉള്ളടക്കം, ലങ്ക ദഹിപ്പിച്ചപ്പോഴും ഹനുമാന്റെ വാല്‍ സുരക്ഷിതമായതിന്റെ രഹസ്യം, മൃതസഞ്ജീവനിയുടെ പുനരുത്പാദനം, സരസ്വതി നദിയുടെയും മരുത്വാ മലയുടെയും സ്ഥാനം തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്. രാഷ്ട്രീയ ശിക്ഷാ ആയോഗ് രൂപവത്കരിച്ച് വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ നിന്ന് കേന്ദ്ര പട്ടികയിലേക്ക് മാറ്റാനുള്ള നീക്കങ്ങളും തകൃതിയാണ്.
സയന്റിഫിക് ടെംപര്‍
മനുഷ്യന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സമസ്യകളെ ശാസ്ത്ര- സാങ്കേതിക വികാസ പരിണാമങ്ങളിലൂടെ സമീപിക്കുകയും നിര്‍ധാരണത്തിന് ശ്രമിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രയോഗത്തിന്റെ അര്‍ഥം. രാഷ്ട്രശില്‍പ്പിയായ പണ്ഡിറ്റ് നെഹ്‌റുവാണ് ഈ ആശയത്തിന്റെ ഉപജ്ഞാതാവ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51(എ)യുടെ ഭാഗമായി ഇത് മാറി. രാജ്യത്ത് ഇന്ന് കാണുന്ന ഐ ഐ ടി, എ ഐ ഐ എം എസ്, എന്‍ ഐ ടി, ഐ ഐ എം തുടങ്ങിയവയും ബഹിരാകാശ – കാലാവസ്ഥ – ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങളുമെല്ലാം ഈ ആശയത്തിന്റെ ചുവട് പിടിച്ചാണ് മുന്നേറിയത്. ഹരിത വിപ്ലവവും ഭക്ഷ്യ സ്വയംപര്യാപ്തതയും മുതല്‍ ഇന്ത്യ ആണവശക്തിയായതു വരെ നെഹ്‌റുവിന്റെ സയന്റിഫിക് ടെമ്പറിന്റെ ഗുണഫലങ്ങളാണ്. 1976ല്‍ ഭരണഘടനാ ഭേദഗതിയിലൂടെ സയന്റിഫിക് ടെമ്പര്‍ ഭാരതീയന്റെ മൗലിക കടമയായി മാറി. അത്തരമൊരു രാഷ്ട്രത്തെയാണ് കഴിഞ്ഞ ഒരു ദശകക്കാലത്തെ ഭരണകൂടം കാതങ്ങള്‍ക്ക് പിറകിലേക്ക് തിരിച്ചു നടത്തുന്നത്.
1986ല്‍ നാനൂറിലധികം സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന രാജീവ് ഗാന്ധിയുടെ കാലത്തെ വിദ്യാഭ്യാസ നയം ഒരു പാര്‍ലിമെന്റ് സമ്മേളനമുടനീളം ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാനങ്ങളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും നിരവധി കൂടിയാലോചനകള്‍ നടന്നു. അതിനു ശേഷം 1992ലാണ് പൂര്‍ണമായ അര്‍ഥത്തില്‍ നിയമം പ്രാബല്യത്തിലായത്. എന്നാല്‍ 2020ലെ നയം അന്തിമമാക്കാന്‍ മണിക്കൂറുകള്‍ പോലുമെടുത്തില്ല. എന്നാല്‍ സംഘ്പരിവാര്‍ അനുബന്ധ സംഘടനകള്‍ ബന്ധപ്പെട്ടവരുമായി പല തവണ യോഗം ചേര്‍ന്നിട്ടുണ്ട്. വിദ്യാഭ്യാസം എന്നത് നിഷ്‌കളങ്കമായ ഒരു അറിവ് പകരല്‍ പ്രക്രിയ മാത്രമല്ല. രാഷ്ട്രവും ലോകവും ലക്ഷ്യം വെക്കുന്ന ഒരു സാമൂഹിക ക്രമത്തെ ചലിപ്പിക്കുന്ന ഘടനയുടെ രൂപപ്പെടുത്തലാണ് വിദ്യാഭ്യാസ പ്രക്രിയയിലൂടെ നിറവേറ്റപ്പെടുന്നത്. ഒരു മഹത്തായ രാഷ്ട്രത്തിന്റെ മുഴുവന്‍ ഭൂതകാല നേട്ടങ്ങളും റദ്ദ് ചെയ്ത് അയഥാര്‍ഥമായ മിഥ്യകളില്‍ അഭിരമിക്കുന്ന അടിമ മനസ്സുകളെ ഉത്പാദിപ്പിക്കാന്‍ ഒരുമ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം അടിയന്തരമായി സമൂലമായ തിരുത്തെഴുത്തുകള്‍ക്ക് വിധേയമാകേണ്ടതുണ്ട്. ഫെഡറല്‍ ഘടനക്ക് ഗുരുതരമായ പോറലേല്‍പ്പിക്കുന്ന കേന്ദ്രീകൃത ധാര്‍ഷ്ട്യം നടപ്പിലാകുന്ന പക്ഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് സമൂഹം ഇരയാകുമെന്നത് തീര്‍ച്ചയാണ്.