Siraj Article
വികേന്ദ്രീകൃത ജനാധിപത്യവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ മണ്ഡലങ്ങളും സ്ഥാനങ്ങളും നിശ്ചയിക്കല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടിക തയ്യാറാക്കല്‍/പുതുക്കല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍/ ഉപാധ്യക്ഷന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍/ചെയര്‍മാന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാര സ്ഥാനങ്ങള്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ നടപടികളുടെ മേല്‍നോട്ടം എന്നിവ കമ്മീഷന്‍ നിര്‍വഹിക്കുന്നു
ജനഹിതമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. ഹിതപരിശോധന വഴി ഇന്ത്യന്‍ ജനാധികാരശക്തി തങ്ങളുടെ അധീശത്വം അരക്കിട്ടുറപ്പിക്കുന്ന സംവിധാനക്രമമാണ് തിരഞ്ഞെടുപ്പുകള്‍. ലോക്‌സഭയിലേക്കും സംസ്ഥാന നിയമ സഭകളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പിന് തുല്യപ്രാധാന്യമാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയക്കുള്ളത്. താഴെത്തട്ടിലേക്ക് അധികാരമെത്തുകയും പ്രാദേശികതല ആവശ്യങ്ങളും പരിഗണനകളും ചര്‍ച്ച ചെയ്ത് പദ്ധതികളും ക്ഷേമപരിപാടികളും രൂപം നല്‍കി നടപ്പാക്കുകയും ചെയ്യുന്നതിന് ജനങ്ങളെ പ്രാപ്തരാക്കി ശക്തിപ്പെടുത്തി ശ്രേണീബന്ധമായ ഭരണകൂട വ്യവസ്ഥ സൃഷ്ടിക്കാന്‍ നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും കഴിഞ്ഞു.
തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ മാത്രമല്ല തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് ഭരണസംവിധാനത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഓരോ പൗരനും ഭരണഘടന അവസരം നല്‍കുന്നു. വോട്ട് ചെയ്യുക ഒരേ സമയം നമ്മുടെ അവകാശവും ശക്തിയുമാകുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 73,74 ഭേദഗതികള്‍ വഴിയാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് അധികാരം വികേന്ദ്രീകരിച്ചത്. ഗ്രാമതലത്തില്‍ ത്രിതല സംവിധാനങ്ങളായ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരതലത്തില്‍ മുനിസിപ്പാലിറ്റികളിലേക്കും കോര്‍പറേഷനുകളിലേക്കും ആസൂത്രണ പ്രക്രിയക്ക് ചുക്കാന്‍ പിടിക്കുന്ന ജില്ലാ ആസൂത്രണ സമിതികളിലേക്കുമുള്ള അംഗങ്ങളെയും മേധാവികളെയും വിവിധ കമ്മിറ്റികളെയും തിരഞ്ഞെടുക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള സ്വതന്ത്ര സംവിധാനമായിട്ടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപിതമായത് 1993 ഡിസംബര്‍ മൂന്നിനാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 243 കെ, 243 ഇസെഡ്. എ എന്നീ അനുഛേദങ്ങള്‍ പ്രകാരം സംസ്ഥാനത്തെ ഗ്രാമ, നഗരതലത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സമ്മതിദായക പട്ടികകള്‍ തയ്യാറാക്കുന്നതിന്റെയും തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന്റെയും മേല്‍നോട്ടം, നിര്‍ദേശം, നിയന്ത്രണം എന്നിവ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലാണ് നിക്ഷിപ്തമായിട്ടുള്ളത്.
പാര്‍ലിമെന്റ്/അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുള്ള അധികാരവും പദവിയും തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണ്. കമ്മീഷന്‍ ഈ ഉത്തരവാദിത്വം കാര്യക്ഷമമായി നിര്‍വഹിച്ചു വരികയാണ്. സംസ്ഥാന സര്‍ക്കാര്‍, കമ്മീഷന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തനത്തിനാവശ്യമായ സ്റ്റാഫ്, ഫണ്ട് തുടങ്ങിയവ അനുവദിക്കുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് അര്‍ധ-ജുഡീഷ്യല്‍, അര്‍ധ-നിയമനിര്‍മാണ, ഭരണനിര്‍വഹണ അധികാരങ്ങളുള്ള ഭരണഘടനാ സ്ഥാപനമാണ്.
ഭരണഘടനയിലെ പ്രസക്ത വകുപ്പുകള്‍, 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട്, 1999ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ (കൂറുമാറ്റം നിരോധിക്കല്‍) ആക്ട്, അനുബന്ധ ചട്ടങ്ങള്‍ എന്നിവയില്‍ വ്യവസ്ഥ ചെയ്യുന്ന അധികാരങ്ങളും ചുമതലകളുമാണ് കമ്മീഷന്‍ നിര്‍വഹിച്ചു വരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ മണ്ഡലങ്ങളും സ്ഥാനങ്ങളും നിശ്ചയിക്കല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടിക തയ്യാറാക്കല്‍/പുതുക്കല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍/ ഉപാധ്യക്ഷന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍/ചെയര്‍മാന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാര സ്ഥാനങ്ങള്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ നടപടികളുടെ മേല്‍നോട്ടം എന്നിവ കമ്മീഷന്‍ നിര്‍വഹിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ എന്നിവരുടെ രാജി, അംഗങ്ങളുടെ അയോഗ്യത, കൂറുമാറ്റം എന്നിവ സംബന്ധിച്ച തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതും കമ്മീഷന്റെ ചുമതലയാണ്. കൂടാതെ ഗ്രാമസഭ/ വാര്‍ഡ് സഭകള്‍ വിളിച്ചുകൂട്ടുന്നതില്‍ വീഴ്ച വരുത്തുക, പഞ്ചായത്ത്/മുനിസിപ്പല്‍ കമ്മിറ്റിയുടെയോ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെയോ യോഗങ്ങളില്‍ തുടര്‍ച്ചയായി ഹാജരാകാതിരിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ദുര്‍വിനിയോഗം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍, അംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതും കമ്മീഷന്റെ ചുമതലകളില്‍പ്പെടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഡീലിമിറ്റേഷനു വേണ്ടി രൂപവത്കരിക്കുന്ന ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ചെയര്‍മാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറാണ്.
എം എസ് കെ രാമസ്വാമിയാണ് ആദ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍. തിരുവനന്തപുരത്ത് വികാസ് ഭവനും നിയമസഭാ മന്ദിരത്തിനും സമീപത്തായി നിര്‍മിച്ച കമ്മീഷന്റെ സ്വന്തം ആസ്ഥാന മന്ദിരം കഴിഞ്ഞ വര്‍ഷം മെയിലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ 1995ലാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പ് നടത്തിയത്.
2020 ഡിസംബറില്‍ കൊവിഡ് പഞ്ചാത്തലത്തില്‍ വന്ന തിരഞ്ഞെടുപ്പ് വെല്ലുവിളികള്‍ക്കിടയിലും സമാധാനപരവും പ്രശ്‌നരഹിതവുമായി നടത്താനായി. പ്രസ്തുത തിരഞ്ഞെടുപ്പില്‍ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ (2022ല്‍ തിരഞ്ഞെടുപ്പ് നടക്കേണ്ട മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഉള്‍പ്പെടെ 1,200 തദ്ദേശ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് നിലവിലുള്ളത്) 21,900 വാര്‍ഡുകളിലുമായി 74,835 സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. തിരഞ്ഞെടുക്കപ്പെട്ട 21,865 അംഗങ്ങള്‍ സത്യപ്രതിഞ്ജ ചെയ്യുകയും തുടര്‍ന്ന് ഭരണസമിതികള്‍ നിലവില്‍ വരികയും ചെയ്തു.
അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പൊതുതിരഞ്ഞെടുപ്പ് നടത്തുക മാത്രമല്ല കമ്മീഷന്റെ ചുമതല. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനു ശേഷം 47 വാര്‍ഡുകളിലുണ്ടായ ആകസ്മിക ഒഴിവുകള്‍ ഉപതിരഞ്ഞടുപ്പിലൂടെ നികത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. വിവിധ കാരണങ്ങളാല്‍ തദ്ദേശ സ്ഥാപനങ്ങളിലുണ്ടാകുന്ന ആകസ്മിക ഒഴിവുകള്‍ ആറ് മാസത്തിനുള്ളില്‍ നികത്തുന്നതിനുള്ള നടപടിയാണ് കമ്മീഷന്‍ സ്വീകരിക്കുന്നത്. കൂറുമാറ്റം സംബന്ധിച്ചുള്ള പരാതികളില്‍ യഥാസമയം തീര്‍പ്പുകല്‍പ്പിക്കുന്നതിനും തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്കുകള്‍ യഥാസമയം സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുന്നതിനുള്ള നടപടികളും കമ്മീഷന്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്.
വിവര സാങ്കേതികവിദ്യയുടെ സാധ്യതകള്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ നിഷ്പക്ഷവും സുതാര്യവും സ്വതന്ത്രവുമാക്കുന്നതിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി കമ്മീഷന്‍ വിവിധ പ്രവത്തനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇലക്ടറല്‍ റോള്‍ മാനേജ്‌മെന്റ് സിസ്റ്റം, പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിനായുള്ള ഇ ഡ്രോപ്പ്, തിരഞ്ഞെടുപ്പ് ഫലം ലഭ്യമാക്കുന്ന ട്രെന്‍ഡ്, തിരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കുന്നതിനുള്ള പോള്‍ മാനേജര്‍ തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ കമ്മീഷന്‍ പ്രാബല്യത്തിലാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകളുടെ പ്രസക്ത ഭാഗങ്ങള്‍, സ്ഥാനാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, ഡയറക്ടറി തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുള്ള ഗൈഡും, പരിശീലനത്തിനും യോഗങ്ങള്‍ക്കുമായി വീഡിയോ കോണ്‍ഫറന്‍സ് സൗകര്യവും കമ്മീഷന്റെ പുതിയ സംരംഭങ്ങളാണ്. കമ്മീഷന്റെ വിവിധ വെബ് സൈറ്റുകള്‍ ഏകീകരിച്ച് പുതുക്കിയ വെബ് സൈറ്റ് ഉടന്‍ നിലവില്‍ വരും. വിവിധ മൊബൈല്‍ ആപ്പുകളും തയ്യാറാക്കുന്നുണ്ട്. ഇതുവഴി തിരഞ്ഞെടുപ്പ് പ്രക്രിയയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ലളിതവും കുറ്റമറ്റതുമാക്കി മാറ്റുന്നതിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനും മറ്റ് വികസന ആവശ്യങ്ങള്‍ക്കും കൃത്യതയുള്ള ഭൂപടങ്ങള്‍ അനിവാര്യമാണ്. സര്‍വേ വകുപ്പ് മുഖാന്തിരം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2010ലെയും 2015ലെയും ഡീലിമിറ്റേഷന്‍ കമ്മീഷനുകള്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ക്ക് അനുസൃതമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഐ കെ എമ്മുമായി ചേര്‍ന്ന് കേരള സംസ്ഥാന ഐ ടി മിഷന്റെ സാങ്കേതിക സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ ഭൂപടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ വാര്‍ഡുകളുടെ അതിര്‍ത്തികളും കൃത്യമായി ഈ ഡിജിറ്റല്‍ ഭൂപടങ്ങളിലേക്ക് രേഖപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
ഗ്രാമസഭ/വാര്‍ഡ്‌സഭ മുതല്‍ തദ്ദേശസ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്കായി ഭരണഘടനാനുസൃതം തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍, വോട്ടവകാശം നേടുകയും വിനിയോഗിക്കുകയും ചെയ്യേണ്ട വോട്ടര്‍മാര്‍, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്ന ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവരുടെ അവകാശങ്ങളും കടമകളും നിലവിലുള്ള ഭരണഘടനാ നിയമ വ്യവസ്ഥകള്‍ പ്രകാരം കാര്യക്ഷമമായി നടപ്പാക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കും. 18 വയസ്സ് കഴിഞ്ഞ മുഴുവന്‍ യോഗ്യരായ വോട്ടര്‍മാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പുകളില്‍ പരമാവധി പോളിംഗ് ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികളുമുണ്ടാകും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നടത്തുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കും.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ പൊതുജനാഭിപ്രായം തേടിയിരുന്നു. കമ്മീഷന് ലഭിച്ച നിരവധി നിര്‍ദേശങ്ങളില്‍ പ്രായോഗികമായവ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പ്രവൃത്തിപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ കൂടുതല്‍ സുതാര്യവും ലളിതവും കാര്യക്ഷമവുമാക്കുന്നതിനു വേണ്ടി വിവരസാങ്കേതികവിദ്യ കൂടുതല്‍ സഹായിക്കും. പാര്‍ലിമെന്റ്/അസംബ്ലി തിരഞ്ഞെടുപ്പിനും തദ്ദേശ തിരഞ്ഞെടുപ്പിനും ഏക വോട്ടര്‍പട്ടിക, വോട്ടര്‍ പട്ടികയിലെ പേര് ഇരട്ടിപ്പ് ഒഴിവാക്കല്‍, പോളിംഗ് സാമഗ്രികള്‍ സ്വരൂപിക്കല്‍, പോളിംഗ് ബൂത്തുകളുടെ മാപ്പിംഗ്, പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസം, പോളിംഗ് സാമഗ്രികളുടെ വിതരണം, സ്റ്റാറ്റിറ്റ്യൂട്ടറി ഫോറങ്ങള്‍ ഡിജിറ്റലൈസ് ചെയ്യല്‍, വോട്ടെണ്ണല്‍ പ്രക്രിയ തുടങ്ങിയവയും ഗ്രാമ/ വാര്‍ഡ് തലയോഗങ്ങള്‍, ആസ്തിബാധ്യതാ സ്റ്റേറ്റ്‌മെന്റുകള്‍, ആകസ്മിക ഒഴിവുകളുടെ റിപ്പോര്‍ട്ടിംഗ്, തിരഞ്ഞെടുപ്പ് ചെലവു കണക്കുകള്‍ സമര്‍പ്പിക്കുന്ന പ്രക്രിയ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളുമായും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമായും ബന്ധപ്പെട്ട രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നത് കമ്മീഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതാണ്.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതക്കും സാമൂഹിക നീതിക്കും അടിസ്ഥാനം പ്രായപൂര്‍ത്തി വോട്ടവകാശമാണ്. ഇത് നേടുന്നതിനും ആയത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുമുള്ള വിവേകം വോട്ടര്‍മാര്‍ പ്രകടിപ്പിക്കുന്നതു വഴിയാണ് ജനാധിപത്യം ശക്തിപ്പെടുന്നത്. ഇക്കാര്യത്തില്‍ ഭരണഘടനയുടെ അടിത്തറയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണം ഉറപ്പുവരുത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണ്.