Connect with us

Kerala

തീരുമാനമായി; എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന്

കളമശ്ശേരി മെഡിക്കല്‍ കോളജ് ഉപദേശക സമിതിയുടേതാണ് തീരുമാനം.

Published

|

Last Updated

കൊച്ചി | അന്തരിച്ച സി പി എം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കാന്‍ തീരുമാനമായി. കളമശ്ശേരി മെഡിക്കല്‍ കോളജ് ഉപദേശക സമിതിയുടേതാണ് തീരുമാനം. കേരള അനാട്ടമി ആക്ട് പ്രകാരമാണ് സമിതി തീരുമാനമെടുത്തത്.

തന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കണമെന്നു തന്നെയായിരുന്നു ലോറന്‍സിന്റെ ആഗ്രഹം എന്നതിന് കൃത്യവും വ്യക്തവും വിശ്വാസയോഗ്യവുമായ സാക്ഷി മൊഴി ഉണ്ടായിരുന്നുവെന്ന് സമിതി വിലയിരുത്തി. മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് സമിതി അറിയിച്ചു.

എം എം ലോറന്‍സിന്റെ മക്കളുടെ വാദങ്ങള്‍ വിശദമായി കേട്ട ശേഷമായിരുന്നു സമിതി തീരുമാനം. മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുകൊടുക്കണം എന്നായിരുന്നു പിതാവിന്റെ ആഗ്രഹമെന്ന് മകന്‍ സജീവന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

സാക്ഷികളായ അഡ്വ. അരുണ്‍ ആന്റണിയും എബിയും മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കണം എന്നായിരുന്നു ലോറന്‍സിന്റെ ആഗ്രഹമെന്നാണ് ഉപദേശക സമിതിയെ അറിയിച്ചത്. വിഷയത്തില്‍ മകള്‍ സുജാത കൃത്യമായി നിലപാട് പറഞ്ഞില്ല. എന്നാല്‍, എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കരുതെന്ന് മകള്‍ ആശ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.