Connect with us

Kerala

കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള തീരുമാനം; കഞ്ചിക്കോട് ബ്രൂവറിക്കെതിരെ ചെന്നിത്തല

അനുമതി നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും പ്രതിപക്ഷ ആരോപണം സ്വാഭാവികമെന്നും എക്‌സൈസ് മന്ത്രി

Published

|

Last Updated

പാലക്കാട് | പാലക്കാട് കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി തുടങ്ങാനുള്ള നീക്കത്തിന് പിന്നില്‍ വന്‍ അഴിമതിയാണെന്നും കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനുള്ള തീരുമാനത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ അനുമതി നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും പ്രതിപക്ഷ ആരോപണം സ്വാഭാവികമെന്നും എക്‌സൈസ് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു.

പ്രകൃതിയോടും ജനങ്ങളോടും കടുത്ത അപരാധമാണിതെന്നാണ് രമേശ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തല്‍. പാരിസ്ഥിതിക പഠനം നടന്നിട്ടുണ്ടോയെന്നും ഒയാസിസിന് മാത്രം എങ്ങനെ അനുമതി കിട്ടിയെന്നും ടെന്‍ഡര്‍ ക്ഷണിച്ചോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കഴിഞ്ഞ തവണ ബ്രൂവറി അനുവദിക്കാന്‍ അനുമതി കൊടുത്തതിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ച സ്ഥലത്താണ് ഇപ്പോള്‍ വീണ്ടും അനുമതി കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2022ല്‍ ബ്രൂവറി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നെങ്കിലും പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് പിന്നോട്ട് പോവുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്. പ്ലാച്ചിമട സമരം നടത്തിയ ജനങ്ങളാണ് ഇവിടെയെന്നും ഇപ്പോള്‍ അതിനടുത്തായാണ് ബ്രൂവറിക്ക് അനുമതി നല്‍കിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കമ്പനിക്കാണ് ടെന്‍ഡര്‍ നല്‍കിയതെന്ന് മന്ത്രി എം ബി രാജേഷ് വിശദീകരിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അനുമതി നല്‍കിയത്. എക്സ്ട്രാ നൂട്രല്‍ ആല്‍ക്കഹോള്‍ നിര്‍മാണത്തിനായാണ് അനുമതി. ഇത് സംസ്ഥാനത്തെ മദ്യ നയത്തിന്റെ ഭാഗമാണെന്നും രാജേഷ് പറഞ്ഞു.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഒയാസിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയത്. കഴിഞ്ഞ മദ്യനയത്തിന്റെ ഭാഗമായെടുത്ത തീരുമാനത്തിന്റെ തുടര്‍ച്ചയായിരുന്നു നടപടിയെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് വന്‍ അഴിമതിയാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്.

 

 

Latest