Kerala
പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാനുള്ള തീരുമാനം; എതിര്‍പ്പുമായി പി ജയരാജന്‍
തിരുവനന്തപുരം | പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാനുള്ള സി പി എം തീരുമാനത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തി പി ജയരാജന്‍. പാര്‍ട്ടി സംസ്ഥാന സമിതിയിലാണ് ജയരാജന്‍ എതിര്‍പ്പറിയിച്ചത്. ശശി ചെയ്ത തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ നിയമിക്കുമ്പോള്‍ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ശശി മുമ്പ് പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയ സംഭവങ്ങള്‍ മറക്കരുത്.
മുമ്പ് പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയ സംഭവങ്ങള്‍ മറക്കരുത്. തെറ്റുകള്‍ ആവര്‍ത്തിക്കാനും ഇടയുണ്ട്. എന്നാല്‍, നിയമനത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ നേരത്തെ പറയേണ്ടിയിരുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. എന്തുകൊണ്ട് നേരത്തെ വിവരങ്ങള്‍ നല്‍കിയില്ലെന്ന് കോടിയേരി ചോദിച്ചു. സംസ്ഥാന സമിതി അംഗമായ താന്‍ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോഴാണ് തന്റെ അഭിപ്രായങ്ങള്‍ പറയുന്നതെന്ന് പി ജയരാജന്‍ ഇതിനു മറുപടി നല്‍കി.
ഇന്ന് ചേര്‍ന്ന സി പി എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിക്കാന്‍ തീരുമാനിച്ചത്. പുത്തലത്ത് ദിനേശന്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണിത്.
ദേശാഭിമാനിയുടെ പുതിയ പത്രാധിപരായി ദിനേശനെ തീരുമാനിച്ചിട്ടുണ്ട്.