Kerala
പുനര്‍നിയമനത്തിന്റെ പേരില്‍ പിരിച്ചുവിട്ട ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ പുനര്‍നിയമിക്കാന്‍ തീരുമാനം
ഒന്നര വര്‍ഷത്തോളം ജോലി ചെയ്തവരെയാണ് പിരിച്ചുവിട്ടിരുന്നത്.

തിരുവനന്തപുരം | പിഎസ്സി വഴി നിയമനം ലഭിച്ച ശേഷം തസ്തിക പുനര്‍നിര്‍ണയത്തിന്റെ പേരില്‍ പിരിച്ചുവിട്ട ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കും. 68 ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഒന്നര വര്‍ഷത്തോളം ജോലി ചെയ്തവരെയാണ് പിരിച്ചുവിട്ടിരുന്നത്.
68 സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ട് 2025 മെയ് വരെ ഇവര്‍ക്ക് പുനര്‍നിയമനം നല്‍കും. ഒന്നരവര്‍ഷത്തോളം ജോലി ചെയ്ത ശേഷമാണ് വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടത്. ഒഴിവുകള്‍ വരുന്നതനുസരിച്ച് സീനിയോരിറ്റി അടിസ്ഥാനത്തില്‍ നിയമനം നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ പിരിച്ചുവിടുമ്പോള്‍ അറിയിച്ചത്.
പിരിച്ചുവിട്ടതിന് പിന്നാലെ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ അധ്യാപകര്‍ യാചക സമരം നടത്തിയിരുന്നു.
തസ്തികാ പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി സീനിയര്‍ അധ്യാപകര്‍ ആഴ്ചയിലെടുക്കേണ്ട ക്ലാസ് 24ല്‍ നിന്ന് 25 ആക്കിയിരുന്നു. ഇതോടെ ജൂനിയര്‍ അധ്യാപകര്‍ എടുക്കേണ്ട ക്ലാസുകള്‍ ഏഴില്‍ നിന്ന് ആറായി കുറഞ്ഞു. ഇതോടെയാണ് 68 അധ്യാപകരെ വിദ്യാഭ്യാസവകുപ്പ് പിരിച്ചുവിട്ടത്. മെച്ചപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് നേരത്തെ ഉണ്ടായിരുന്ന സര്‍ക്കാര്‍ ജോലി രാജിവച്ചാണ് ഇവരില്‍ പലരും അധ്യാപക ജോലിയില്‍ പ്രവേശിച്ചത്.