Connect with us

pravasi

പ്രവാസപ്പണത്തിലെ ഇടിവ്

ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമില്ലായിരുന്നുവെങ്കിൽ കേരളം പട്ടിണി മരണങ്ങൾക്ക് വരെ സാക്ഷിയാകേണ്ടി വരുമായിരുന്നുവെന്നാണ് കുടിയേറ്റവുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തിയ പ്രൊഫ. ഇരുദയ രാജൻ നിരീക്ഷിക്കുന്നത്.

Published

|

Last Updated

കേരളീയ പ്രവാസികൾ കേരളത്തിലേക്ക് അയക്കുന്ന പണത്തിന്റെ വിഹിതം ഗണ്യമായി കുറഞ്ഞിരിക്കയാണ്. റിസർവ് ബേങ്ക് അടുത്ത ദിവസം പുറത്തിറക്കിയ ഗവേഷണ ലേഖനത്തിലാണ് കേരളീയ വിഹിതം അഞ്ച് വർഷത്തിനിടെ പകുതിയോളമായി കുറഞ്ഞ വിവരം പുറത്ത് കൊണ്ടുവന്നത്. 2016-17ൽ രാജ്യത്തെത്തിയിരുന്ന പ്രവാസി വരുമാനത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. 2020-21ൽ ഇത് 10.2 ശതമാനമായി താഴ്ന്നു. മഹാരാഷ്ട്രയിലേക്കാണ് ഇപ്പോൾ പ്രവാസികളുടെ വിഹിതം കൂടുതലായി എത്തുന്നത്. അഞ്ച് വർഷം മുമ്പ് കേരളത്തിന് പിന്നിൽ രണ്ടാമതായിരുന്ന മഹാരാഷ്ട്രയുടെ വിഹിതം കഴിഞ്ഞ വർഷം 16.7 ശതമാനത്തിൽ നിന്ന് 35.2 ശതമാനമായി വളർന്നിരിക്കുകയാണ്.

സഊദി അറേബ്യ, യു എ ഇ, കുവൈത്ത്, ഒമാൻ, ഖത്വർ, ബഹ്‌റൈൻ എന്നിവയുൾപ്പെട്ട ജി സി സി രാജ്യങ്ങളിലെ സ്വദേശിവത്കരണവും തൊഴിൽ രംഗത്തെ മാറ്റവും ഏറ്റവുമധികം ബാധിച്ചത് കേരളത്തെയാണ്. നേരത്തേ ഗൾഫ് കുടിയേറ്റം കൂടുതലും കേരളമുൾപ്പെടെ ദക്ഷിണേന്ത്യയിൽ നിന്നായിരുന്നു. ഗൾഫ് കുടിയേറ്റത്തിന് തുടക്കം കുറിച്ചത് കേരളീയരാണ്. പിന്നീടാണ് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനക്കാരും ഉത്തരേന്ത്യക്കാരും തൊഴിൽ തേടി ഗൾഫിലേക്ക് നീങ്ങാൻ തുടങ്ങിയത്. 1990ൽ 12 ലക്ഷം മലയാളികളുണ്ടായിരുന്ന ഗൾഫിൽ 2014ഓടെ അവരുടെ എണ്ണം 25 ലക്ഷമായി വർധിച്ചു. ഒരു തവണയെങ്കിലും ജോലി തേടി ഗൾഫിലെത്തിയവരുടെ എണ്ണം 36.5 ലക്ഷം വരും. എന്നാൽ സമീപ കാലത്തായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേർ ഗൾഫ് നാടുകളിലേക്ക് കുടിയേറുന്നത്. 2020ൽ ഗൾഫ് മേഖലയിലേക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ച 50 ശതമാനത്തിലേറെ പേരും ഉത്തർ പ്രദേശ്, ബിഹാർ, ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ കാണിക്കുന്നു. കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള പണത്തിന്റെ കുറവിന് കാരണമിതാണെന്ന് വിലയിരുത്തപ്പെടുന്നു. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവരുടെ എണ്ണത്തിലെ വർധന, കൊവിഡ് സൃഷ്ടിച്ച വെല്ലുവിളികൾ, കുടിയേറ്റരീതികളിലെ മാറ്റം എന്നിവയും കാരണമായതായി ആർ ബി ഐയിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നോർക്കയുടെ കണക്കനുസരിച്ച് 14.7 ലക്ഷം പ്രവാസികളാണ് കേരളത്തിൽ തിരിച്ചെത്തിയത്. ഇവരിൽ 59 ശതമാനവും യു എ ഇയിൽ നിന്നാണ്.

കേരളത്തിന്റെ സമ്പദ്ഘടനക്ക് കനത്ത ആഘാതമാണ് പ്രവാസി വരുമാനത്തിലെ ഗണ്യമായ കുറവ്. വിദേശ മലയാളികളിൽ നിന്നുള്ള പണത്തിന്റെ വരവും ടൂറിസവുമാണ് കേരളത്തിന്റെ സാമ്പത്തികരംഗം ചലനാത്മകമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. അവർ ചോര നീരാക്കി സമ്പാദിച്ച പണത്തിന്റെ കൂടി ബലത്തിലാണ് കേരളം ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് മികച്ച വളർച്ച കൈവരിച്ചത്. മുഖ്യമായും ഈ രണ്ട് മേഖലകളാണല്ലോ കേരള വികസത്തിന്റെ പ്രതീകമായി ഉയർത്തിക്കാട്ടുന്നതും കേരള മോഡലിന് വഴി വെച്ചതും. കേരളത്തിലെ ബേങ്കുകളിൽ പണം കുമിഞ്ഞു കൂടുന്നതും ഓരോ സാമ്പത്തിക വർഷത്തെയും നിക്ഷേപ ലക്ഷ്യങ്ങൾ ബേങ്കുകൾ നിഷ്പ്രയാസം മറികടക്കുന്നതും ഗൾഫുകാരന്റെ പണം കൊണ്ടാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി നഗര- ഗ്രാമങ്ങൾക്കിടയിൽ വലിയ അന്തരമില്ല കേരളത്തിൽ. എല്ലായിടങ്ങളിലും സ്‌കൂളുകൾ, ആശുപത്രികൾ, കമ്പോളങ്ങൾ, പൊതുകിണർ, പ്രാർഥനാ കേന്ദ്രങ്ങൾ തുടങ്ങിയവ ദൃശ്യമാണിവിടെ. ഈ വളർച്ചയിൽ കേരളം പ്രവാസികളോട് കടപ്പെട്ടിരിക്കുന്നു. നോട്ട് നിരോധനം ഏൽപ്പിച്ച ആഘാതത്തിൽ കേരളത്തിന് താങ്ങ് പ്രവാസികൾ അയക്കുന്ന പണമായിരുന്നു. മഹാപ്രളയം ഏൽപ്പിച്ച ദുരിതത്തിൽ നിന്നു കരകയറാനും കൈയയച്ചു സംഭാവന നൽകിയത് പ്രവാസികളാണ്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 35 ശതമാനത്തിലധികം വരും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണം. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമില്ലായിരുന്നുവെങ്കിൽ കേരളം പട്ടിണി മരണങ്ങൾക്ക് വരെ സാക്ഷിയാകേണ്ടി വരുമായിരുന്നുവെന്നാണ് കുടിയേറ്റവുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തിയ പ്രൊഫ. ഇരുദയ രാജൻ നിരീക്ഷിക്കുന്നത്. കേരളത്തിൽ നിന്ന് തൊഴിൽ ആവശ്യാർഥം വിദേശ രാജ്യങ്ങളിലേക്ക് പോയവർ 10 മുതൽ 15 ശതമാനം വരെ മാത്രമാണെങ്കിലും അവരുടെ കുടുംബ ശൃംഖല കൂടി പരിഗണിക്കുമ്പോൾ ഏതാണ്ട് അമ്പത് ശതമാനം കേരളീയരും പ്രവാസി സാമ്പത്തിക വ്യവസ്ഥയുടെ ഗുണഭോക്താക്കളാണെന്ന് കാണാം. നിരവധി കുടുംബങ്ങളിൽ പട്ടിണിയകന്നതും ഭൂമിയില്ലാത്തവർ ഭൂമി വാങ്ങിയതും വീട് വെച്ചതുമെല്ലാം പ്രവാസികളുടെ പണം ഒഴുകാൻ തുടങ്ങിയതോടെയാണ്. പ്രവാസികളുടെ പങ്ക് മാറ്റിനിർത്തിക്കൊണ്ട് കേരളത്തിന്റെ കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ വളർച്ചയെ നോക്കിക്കാണാനാകില്ല.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്തിന്റെ പൊതുകടം 2,96,900 കോടിയിലെത്തി നിൽക്കുന്നു. സംസ്ഥാനത്തിന്റെ റവന്യൂകമ്മി മുൻ വർഷത്തെ 1.76 ശതമാനത്തിൽ നിന്ന് 2.51 ശതമാനമായും ധനക്കമ്മി 2.89 ശതമാനത്തിൽ നിന്ന് 4.40 ശതമാനമായും വർധിച്ചു. പ്രളയങ്ങൾ, കൊവിഡ്, ജി എസ് ടി നഷ്ടപരിഹാരം അവസാനിച്ചത്, സർക്കാർ ജീവനക്കാരുടെ ശമ്പള വർധന തുടങ്ങിയ കാരണങ്ങളാണ് സാമ്പത്തിക ഞെരുക്കത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സമ്പദ്ഘടനയിൽ തെല്ലെങ്കിലും ആശ്വാസമാകേണ്ട പൊതുമേഖലാ സ്ഥാപനങ്ങളാകട്ടെ സർക്കാറിന് തീരാബാധ്യതയായി മാറിയിരിക്കുന്നു. ശമ്പളം നൽകണമെങ്കിൽ കടമെടുക്കേണ്ട അവസ്ഥയിലാണ്. ട്രഷറികളിൽ നിയന്ത്രണം ഏർപ്പെടുത്തിയാണ് കഴിഞ്ഞ മാസം ശമ്പളം നൽകിയത്. ഈയൊരു സാഹചര്യത്തിൽ പ്രവാസി വരുമാനം കൂടി ഇടിഞ്ഞാൽ കൂടുതൽ പരിതാപകരമാകും സംസ്ഥാനത്തിന്റെ അവസ്ഥ. പദ്ധതി പ്രവർത്തനങ്ങൾക്ക് കിഫ്ബിയെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. എന്നാൽ കിഫ്ബി സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമല്ല. ഭരണച്ചെലവ് പരമാവധി നിയന്ത്രിക്കുക, നികുതി പിരിവ് കൂടുതൽ കാര്യക്ഷമമാക്കുക, കാർഷിക വ്യവസായ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് സമ്പദ്ഘടന മെച്ചപ്പെടുത്താൻ സർക്കാറിന്റെ മുമ്പിലുള്ള മാർഗങ്ങൾ.