siraj editorial
പ്രത്യുത്പാദന ശേഷിയിലെ ഇടിവ് രാജ്യത്തിന് ആഘാതം
ചൈനയുടെ ഗതി ഇന്ത്യക്കു വരാതിരിക്കണമെങ്കില്‍ ജനസംഖ്യാ വളര്‍ച്ചയുമായി ബന്ധപ്പെട്ട് ദീര്‍ഘ വീക്ഷണത്തോടു കൂടി ഒരു നയം രാജ്യം ആവിഷ്‌കരിക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ മൂലധനം മനുഷ്യ സമ്പത്താണെന്ന കാര്യം വിസ്മരിക്കരുത്
ഇന്ത്യന്‍ സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറഞ്ഞതായി ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ട്. ബുധനാഴ്ച പുറത്തുവിട്ട 2019-2021 വര്‍ഷത്തെ സര്‍വേ റിപ്പോര്‍ട്ടിലാണ് രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം (ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് -ടി എഫ് ആര്‍) രണ്ടായി കുറഞ്ഞതായി കണ്ടെത്തിയത്. നേരത്തേ 2.2 ശതമാനമായിരുന്നു. ബിഹാറിലാണ് പ്രത്യുത്പാദന നിരക്ക് ഏറ്റവും കൂടുതല്‍. മൂന്ന് ശതമാനം. ഏറ്റവും കുറവ് ഛണ്ഡീഗഢിലാണ്, 1.4 ശതമാനം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം പ്രത്യുത്പാദന നിരക്ക് 2.1 ശതമാനത്തില്‍ കൂടുതലാണെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 1951ല്‍ 5.9ഉം, 1992ല്‍ 3.4ഉം ആയിരുന്നു പ്രത്യുത്പാദന നിരക്ക്.
ജൂലൈയില്‍ വേള്‍ഡ് ബേങ്ക് ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1980ന് ശേഷം ഇന്ത്യയിലെ ജനന, പ്രത്യുത്പാദന നിരക്ക് അയല്‍രാജ്യമായ ചൈനയെക്കാളും ഗണ്യമായി കുറഞ്ഞു വരികയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ രാജ്യത്തെ പ്രത്യുത്പാദന നിരക്ക് 54 ശതമാനവും ജനന നിരക്ക് 50 ശതമാനത്തിലേറെയും കുറഞ്ഞുവെന്നാണ് വേള്‍ഡ് ബേങ്ക് ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 1980ല്‍ ചൈനയിലെ പ്രത്യുത്പാദന നിരക്ക് ഒരു സ്ത്രീക്ക് 2.61 കുട്ടികള്‍ ആയിരുന്നു. 2019ല്‍ 1.69 കുട്ടികളായി കുറഞ്ഞു. ഇന്ത്യയിലാകട്ടെ 1980ല്‍ ഒരു സ്ത്രീക്ക് 4.82 കുട്ടികള്‍ എന്നത് 2019ല്‍ 2.2 ആയി കുറയുകയുണ്ടായി. 2020ലെ ചൈനയുടെ വാര്‍ഷിക ജനസംഖ്യാ വര്‍ധനാ നിരക്ക് 0.31 ശതമാണ്. 1980ന് ശേഷം ഈ നിരക്കില്‍ 75 ശതമാനത്തിലേറെ കുറവുണ്ടായി.
ഇതേ കാലയളവില്‍ 2.32 ശതമാനമായിരുന്ന ഇന്ത്യയിലെ വാര്‍ഷിക ജനസംഖ്യാ വര്‍ധനാ നിരക്ക് നിലവില്‍ 0.98 ശതമാനമാണ്. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ ജനന നിരക്കിലുണ്ടായ കുറവ് വേഗത്തിലും സ്ഥിരതയാര്‍ന്നതുമാണെന്ന് വേള്‍ഡ് ബേങ്ക് ഗ്രൂപ്പ് വിലയിരുത്തുന്നു.
കുടുംബാസൂത്രണത്തിന്റെ ഭാഗമായി കുട്ടികളുടെ എണ്ണം കുറക്കാന്‍ ജനങ്ങള്‍ മുന്നോട്ടു വന്നതാണ് ജനന നിരക്ക് കുറയാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്. സര്‍വേ നടത്തിയ സംസ്ഥാനങ്ങളില്‍ 67 ശതമാനം പേരും കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായി കണ്ടു. നേരത്തേ ഇത് 54 ശതമാനമായിരുന്നു. എന്നാല്‍ കുടുംബാസൂത്രണത്തിനു സ്വീകാര്യത വര്‍ധിച്ചു വരുന്നത് മാത്രമല്ല, വിവാഹത്തോടും സെക്‌സിനോടും ആധുനിക സമൂഹത്തില്‍ വളര്‍ന്നു വരുന്ന താത്പര്യക്കുറവ് കൂടിയാണ് ഇതിനു കാരണം. ചൈനയില്‍ ഒരു വാര്‍ത്താ ഏജന്‍സി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് സാമ്പത്തിക പുരോഗതി ഉണ്ടാകുന്തോറും ഒറ്റക്കു ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ്. 1995നും 2009നും ഇടയില്‍ ജനിച്ച യുവാക്കളില്‍ ഭൂരിഭാഗം പേരും വിവാഹം ഒരു അനിവാര്യതയായി കാണുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ 43 ശതമാനം സ്ത്രീകളും വിവാഹം കഴിക്കാന്‍ താത്പര്യം ഇല്ലാത്തവരോ വിവാഹത്തിന്റെ കാര്യത്തില്‍ വ്യക്തമായ തീരുമാനം പറയാന്‍ കഴിയാത്തവരോ ആണെന്നും സര്‍വേ വിലയിരുത്തി. ഇത് ചൈനയുടെ മാത്രം കാര്യമല്ല, ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും വിവാഹത്തോട് താത്പര്യം കുറഞ്ഞു വരികയാണ് പുതുതലമുറയില്‍. സമൂഹത്തില്‍ ലൈംഗികാതിപ്രസരം വര്‍ധിക്കുകയാണെങ്കിലും ദാമ്പത്യത്തില്‍ സെക്‌സ് കുറയുകയാണെന്നും ആധുനിക ജീവിതത്തിലെ തിരക്കും സമ്മര്‍ദങ്ങളും മൊബൈല്‍ പോലുള്ള ഉപകരണങ്ങളുടെ വരവും ഏറ്റവും കൂടുതല്‍ പരുക്കേല്‍പ്പിച്ചത് ദമ്പതികള്‍ക്കിടയിലെ ലൈംഗികതയെയാണെന്നുമാണ് സാമൂഹിക, ലൈംഗിക ശാസ്ത്രജ്ഞരുടെ പക്ഷം. “ഡബിള്‍ ഇന്‍കം നോ സെക്‌സ്’ (ഡിന്‍സ്) എന്നാണ് നവതലമുറ ദമ്പതികള്‍ക്കിടയിലെ ഈ പ്രതിഭാസത്തെ ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ഡിന്‍സ് ദമ്പതികളില്‍ നല്ലൊരു പങ്കും ജീവിത പങ്കാളിയേക്കാളേറെ പ്രണയിക്കുന്നത് മൊബൈലിനെയും ലാപ്‌ടോപ്പിനെയുമാണ്. വിവാഹേതര ബന്ധങ്ങളുള്ളവരും കുറവല്ല. ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയവയും ലൈംഗികതയെ ബാധിക്കുന്നുണ്ട്.
ജനന നിരക്കിലെ കുറവിനു കാരണമെന്താകട്ടെ, തൊഴില്‍, സാമ്പത്തിക മേഖലകളില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ലോകത്ത് പ്രായമായവരുടെ എണ്ണം വന്‍തോതില്‍ കൂടുകയും യുവാക്കള്‍ ഗണ്യമായി കുറയുകയുമാണ് ജനസംഖ്യാ നിയന്ത്രണത്തിന്റെ അനന്തര ഫലമെന്നാണ് യു എസിലെ വാഷിംഗ്ടണ്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 2100ഓടെ 65 വയസ്സിനു മുകളിലുള്ളവര്‍ 237 കോടിയും 20 വയസ്സിന് താഴെയുള്ളവര്‍ 170 കോടിയുമായിരിക്കുമെന്നും സര്‍വേ വിലയിരുത്തുന്നു. യുവാക്കള്‍ കുറയുമ്പോള്‍ തൊഴില്‍, സാമ്പത്തിക മേഖലക്ക് അത് തിരിച്ചടിയാകും. ജനസംഖ്യ കുറയുന്നത് കാലാവസ്ഥക്കും ഭക്ഷ്യ വിതരണ സംവിധാനത്തിനും നല്ലതാണെങ്കിലും തൊഴില്‍, സാമ്പത്തിക വളര്‍ച്ച, സാമൂഹിക പിന്തുണാ സംവിധാനങ്ങള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തി. ജനസംഖ്യ കുറക്കുന്നതിനായി നേരത്തേ ദമ്പതികള്‍ക്ക് “ഒരു കുട്ടി’ നയം നടപ്പാക്കിയ ചൈന 2016ല്‍ രണ്ട് കുട്ടി നയത്തിലേക്കും ഇപ്പോള്‍ മൂന്ന് കുട്ടികളാകാമെന്ന തീരുമാനത്തിലേക്കും ഇറങ്ങി വരേണ്ടി വന്നത് ജനന നിരക്കിലെ കുറവ് രാജ്യത്ത് സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ തുടര്‍ന്നാണല്ലോ. 15-57 പ്രായക്കാരായ തൊഴില്‍ ശേഷിയുള്ളവരുടെ എണ്ണത്തില്‍ 2014ല്‍ മാത്രം 3.71 മില്യനാണ് ചൈനക്ക് കുറവ് വന്നത്. 1979ന് ശേഷമുള്ള മൊത്തം തൊഴില്‍ ശേഷി നഷ്ടം 67 മില്യനാണ്. ഈ സാഹചര്യത്തില്‍ പ്രത്യുത്പാദന നിരക്കിലെ ഇടിവ്, പ്രതീക്ഷയോടെയല്ല ആശങ്കയോടെയാണ് രാജ്യവും നോക്കിക്കാണേണ്ടത്. ചൈനയുടെ ഗതി ഇന്ത്യക്കു വരാതിരിക്കണമെങ്കില്‍ ജനസംഖ്യാ വളര്‍ച്ചയുമായി ബന്ധപ്പെട്ട് ദീര്‍ഘ വീക്ഷണത്തോടു കൂടി ഒരു നയം രാജ്യം ആവിഷ്‌കരിക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ മൂലധനം മനുഷ്യ സമ്പത്താണെന്ന കാര്യം വിസ്മരിക്കരുത്.