From the print
ഡിഡാഡ് പദ്ധതി; രക്ഷിച്ചത് 568 കുട്ടികളെ
കുട്ടി ഡിജിറ്റൽ അഡിക്റ്റ് ആണോ...? വിളിക്കൂ 9497 975400
![](https://assets.sirajlive.com/2025/02/addiction-897x538.jpg)
തിരൂർ | നിങ്ങളുടെ കുട്ടി ഡിജിറ്റൽ ഗാഡ്ജറ്റുകൾക്ക് അഡിക്റ്റ് ആണോ…? ഭയപ്പെടേണ്ട. കേരള പോലീസിന് കീഴിൽ പ്രവർത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി മക്കളെ ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുന്ന സംവിധാനം സഹായത്തിനെത്തും. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കേരള പോലീസിന്റെ ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റൽ ചങ്ങലയിൽ നിന്ന് രക്ഷപ്പെട്ടത് 568 കുട്ടികളാണ്.
സോഷ്യൽ പോലീസിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 2023 ജനുവരിയിൽ കുട്ടികളിലെ മൊബൈൽ, ഇന്റർനെറ്റ് അടിമത്തത്തെ നിയന്ത്രിക്കാനായി ആരംഭിച്ച പദ്ധതിയാണ് ഡിഡാഡ് (ഡിജിറ്റൽ ഡീ അഡിക്‌ഷൻ). സംസ്ഥാനത്താകെ ഈ പദ്ധതിയിലൂടെ 568 കുട്ടികൾക്ക് കൗൺസലിംഗ് നൽകി ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നൽകിയിട്ടുണ്ടെന്നാണ് കണക്ക്.
ദേശീയതലത്തിൽ തന്നെ ആ ദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി പോലീസ് നടപ്പാക്കിയത്. നാളിതുവരെ 1,537 കുട്ടികൾ ഈ പദ്ധതിയിൽ റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ആറ് ജില്ലകളിലാണ് ഡിഡാഡ് സെന്ററുകൾ പ്രവർത്തിക്കുന്നത്. കൊല്ലത്താണ് ഡിജിറ്റൽ അടിമത്വത്തിലായ ഏറ്റവും അധികം കുട്ടികളുള്ളത്. 314 പേർ. ഇതിൽ 93 പേർ മോചിതരായി. തിരുവനന്തപുരത്ത് 253 കുട്ടികളിൽ 112 പേരും തൃശൂരിൽ 256 കുട്ടികളിൽ 72 പേരും കോഴിക്കോട്ട് 263 കുട്ടികളിൽ 110 പേരും കണ്ണൂരിൽ 252 കുട്ടികളിൽ 105 പേരും കൊച്ചിയിൽ 199 കുട്ടികളിൽ 76 പേരുമാണ് കൗൺസലിംഗിലൂടെ ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചിതരായത്. നിലവിൽ 761 കുട്ടികൾ ഈ പദ്ധതിയിലൂടെ മോചനത്തിന്റെ പാതയിലാണ്. കൗൺസലിംഗിലൂടെ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളുള്ള കുട്ടികൾക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്.
അമിതദേഷ്യം, അക്രമാസക്തരാകൽ, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്. 14 മുതൽ 17 വരെ പ്രായക്കാരാണ് ഇതിൽ അകപ്പെടുന്നതിൽ കൂടുതൽ പേരും. ആൺകുട്ടികളാണ് കൂടുതൽ. ഇവർ വിനാശകരമായ ഗെയിമുകൾക്കാണ് അടിപ്പെടുന്നത്. അക്രമാസക്തരായി മാതാപിതാക്കളെയും സുഹൃത്തുക്കളെയും ഉപദ്രവിക്കുന്ന ഘട്ടങ്ങളിലേക്കുവരെ കുട്ടികളെത്തുന്നു. പെൺകുട്ടികൾ സാമൂഹികമാധ്യമങ്ങളിലാണ് അടിപ്പെടുന്നത്. മനഃശാസ്ത്ര വിദഗ്ധർ തയ്യാറാക്കിയ ഇന്റർനെറ്റ് അഡിക്‌ഷൻ പരിശോധന വഴിയാണ് ഡിജിറ്റൽ അടിമത്തത്തിന്റെ തോത് കണ്ടെത്തുക. തുടർന്ന് കുട്ടികളെ ഇതിൽ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിംഗ്, മാർഗനിർദേശങ്ങൾ എന്നിവ നൽകും. ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയിൽ രക്ഷിതാക്കൾ, അധ്യാപകർ, ഈ മേഖലയിലെ വിവിധ സംഘടനകൾ, ഏജൻസികൾ എന്നിവർക്ക് “ഡിഡാഡ്’ അവബോധവും നൽകുന്നുണ്ട്. 9497975400 എന്ന നമ്പറിലൂടെ ഡിഡാഡിൽ ബന്ധപ്പെടാവുന്നതാണ്. കുട്ടികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.