ആത്മീയം
സമർപ്പിത ജീവിതം
വിശുദ്ധ റമസാനിലെ വ്രതാനുഷ്ഠാനവും മറ്റു സത്കര്‍മങ്ങളുമെല്ലാം വിശ്വാസിയുടെ ജീവിതം പവിത്രമാക്കുന്നതിനുള്ള വൈവിധ്യമാർന്ന പരിശീലന പരിപാടികളാണ്. ഭൗതിക കാമനകളുടെയും പൈശാചിക പ്രേരണകളുടെയും പ്രലോഭനങ്ങളുടെയും ചതിക്കുഴികളിലും കെണിവലകളിലും അകപ്പെടാതെ ആത്മത്യാഗത്തിന്റെയും ഭക്തിയുടെയും വഴിയില്‍ മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തിയെടുക്കുന്നതിനും നിയതമായ ചട്ടക്കൂടിനുള്ളിൽ ഉറപ്പിച്ച് നിർത്തുന്നതിനുമുള്ള ആത്മീയ ശിക്ഷണമാണ് റമസാൻ നൽകുന്നത്.
സത്യവിശ്വാസി ഉയര്‍ന്ന സ്വപ്‌നവും ഉന്നത കാഴ്ചപ്പാടും ഉദാത്ത ലക്ഷ്യവുമായി ജീവിക്കണമെന്നതാണ് മതത്തിന്റെ താത്പര്യം. വിചാരവും വിവേകവും ചോര്‍ന്നുപോയ നിഷ്ക്രിയരായ ഒരു സമൂഹത്തെയല്ല ഇസ്്ലാം വിഭാവനം ചെയ്യുന്നത്. മറിച്ച്, സൃഷ്ടിപ്പിന്റെ പിന്നിലെ കൃത്യമായ ലക്ഷ്യം തിരിച്ചറിഞ്ഞ് അത് സാക്ഷാത്കരിക്കുന്നതിനുവേണ്ടി നിരന്തരം പ്രയത്നിക്കുന്നവരെയാണ്. മഹാത്ഭുതങ്ങളുടെ കലവറയായ മനുഷ്യ ശരീരത്തിന്റെ ഘടനയും സംവിധാനവും ആഴത്തിൽ മനസ്സിലാക്കിയാല്‍ തന്നെ ഉടമസ്ഥനായ അല്ലാഹുവിന്റെ ഉൺമയെ തിരിച്ചറിയാനും അവനുള്ള കൃതജ്ഞതയുടെ ഭാഗമായി നിത്യാരാധനകളിൽ മുഴുകാനും അക്ഷരാർഥത്തിൽ ജീവിതം സ്രഷ്ടാവിന് സമർപ്പിക്കാനും വിശ്വാസിക്ക് സാധിക്കും. അപ്പോൾ അവൻ പരാജയങ്ങളിൽ പതറുകയോ പ്രതിസന്ധികളിൽ തളരുകയോ ഇല്ല. പരീക്ഷണങ്ങള്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചു വീശിയാലും വിശ്വാസിയുടെ മനസ്സില്‍ പ്രതീക്ഷയുടെ വിളക്ക് അണയുകയില്ല. അവയെല്ലാം ആസ്വാദ്യകരമായ അനുഭവമാക്കിത്തീർക്കാനും ക്ഷമിക്കാനും അവന് എളുപ്പത്തിൽ കഴിയും.
ഉറച്ച വിശ്വാസവും ശുഭപ്രതീക്ഷകളുമാണ് മനുഷ്യനെ കർമനിരതനാക്കുന്നത്. വിശ്വാസത്തിൽ ദൃഢത കുറയുമ്പോൾ പരാജയബോധവും നൈരാശ്യവും പിടികൂടും. അത് നിശ്ചയദാര്‍ഢ്യവും നിർഭയത്വവും ഇല്ലാതാകാനും മനക്കരുത്ത് ചോര്‍ന്നുപോകാനും സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും ചിറകൊടിയാനും ഇടവരുത്തും. ഇതിനാണ് പിശാചുക്കളും ശത്രുക്കളും ലക്ഷ്യമിടുന്നതും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതും.
ഇസ്്ലാമിക ചരിത്രത്തില്‍ പുതിയ മുന്നേറ്റങ്ങൾക്കും സാംസ്കാരിക പിറവികൾക്കും വിജയശ്രീലാളിതക്കും രാഷ്ട്ര നിർമിതികൾക്കുമെല്ലാം ഹേതുവായതിന്റെ പിന്നിലെ രഹസ്യം അചഞ്ചലമായ വിശ്വാസവും അടങ്ങാത്ത ദൈവഭയഭക്തിയും നിസ്വാർഥമായ സമർപ്പണ ബോധവുമായിരുന്നു. ആസൂത്രണങ്ങളില്ലാതെ അലസരും അലക്ഷ്യരും അശ്രദ്ധരുമായി ജീവിക്കാന്‍ ഇസ്്ലാം അനുവദിക്കുന്നില്ല. പ്രവാചകന്മാരും ആരിഫീങ്ങളും ജീവിത ലക്ഷ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും ഉദാത്തമായ അനേകം മാതൃകകൾ സൃഷ്ടിച്ചവരായിരുന്നു. നൂഹ് നബി (അ)യും വിശ്വാസികളും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ടതും യൂസുഫ് നബി (അ) ഈജിപ്തിനെ പിടിച്ചുകുലുക്കിയ പട്ടിണിയെ പ്രതിരോധിച്ചതും ദാവൂദ് നബി (അ)യും സുലൈമാന്‍ നബി (അ)യും മൂസാ നബി(അ)യുമെല്ലാം ശക്തമായ മുന്നേറ്റം നടത്തിയതും വ്യക്തമായ വിജയം വരിച്ചതും സമർപ്പണ മനോഭാവത്തിലൂടെയായിരുന്നു. മഹാനായ ഖലീലുല്ലാഹി ഇബ്റാഹിം നബി(അ) കത്തിജ്വലിക്കുന്ന തീക്കുണ്ഡത്തിലെറിയപ്പെട്ടപ്പോഴും ബീവി ഹാജറ (റ) ജനശൂന്യവും ജലശൂന്യവുമായ മക്കാ മണലാരണ്യത്തിൽ തനിച്ചു കഴിയാൻ വിധിക്കപ്പെട്ടപ്പോഴും തളരാതിരുന്നത് ഉറച്ച വിശ്വാസം കൊണ്ടായിരുന്നു. നിരായുധരായ തിരുനബി(സ)യും അനുചരരും ബദ്റിലും മറ്റു പോർക്കളങ്ങളിലും സർവായുധ സജ്ജരായ അശ്വഭടന്മാർക്കു മുമ്പിൽ ചെറുത്തു നിൽപ്പ് നടത്തിയതും ശത്രുവിന്റെ മുമ്പിൽ വിരിമാറ് കാണിച്ച് “ഞങ്ങള്‍ക്ക് അല്ലാഹു മതി, ഭരമേൽപ്പിക്കാൻ അവൻ എത്രയോ നല്ലവനാണ്’ എന്ന് ഉറക്കെ പറയാന്‍ കഴിഞ്ഞതും പോർമുഖത്ത് തലകുനിക്കാതെ വിജയക്കൊടി പാറിക്കാൻ സാധിച്ചതും സത്യവിശ്വാസത്തിൽ ചാലിച്ച സമര്‍പ്പണത്തിന്റെ കരുത്തിലായിരുന്നു. മനുഷ്യസാധ്യമായ എല്ലാവിധ ആസൂത്രണങ്ങളും നടത്തുകയും അത് വിജയിപ്പിക്കുന്നതിനാവശ്യമായ കര്‍മപദ്ധതികളാവിഷ്‌കരിക്കുകയും അല്ലാഹുവില്‍ സര്‍വവും ഭരമേൽപ്പിക്കുകയും ചെയ്തപ്പോൾ പ്രപഞ്ച നാഥന്റെ കരുണാ കടാക്ഷം അവരെയെല്ലാം എല്ലായിടങ്ങളിലും തുണച്ചു.
സത്യവിശ്വാസികള്‍ ജീവിതത്തിലെ സകല മേഖലകളിലും എല്ലാ കാര്യങ്ങളും സര്‍വശക്തനായ അല്ലാഹുവില്‍ സമര്‍പ്പിച്ച് അവനില്‍ അഭയം പ്രാപിക്കേണ്ടവരാണ്. ഇതാണ് തവക്കുല്‍ (ഭരമേൽപ്പിക്കല്‍). പരിമിതമായ സാധ്യതകളും കഴിവുകളും ഉപയോഗപ്പെടുത്തി ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി നിര്‍വഹിച്ച ശേഷം സര്‍വജ്ഞനായ അല്ലാഹുവില്‍ എല്ലാം സമര്‍പ്പിച്ചു ജീവിക്കുക എന്നതാണ് തവക്കുലിന്റെ താത്പര്യം. ദൈവിക മാര്‍ഗത്തില്‍ അവന്റെ സമയവും സമ്പത്തും ശരീരവും അധ്വാനവുമെല്ലാം സമര്‍പ്പിക്കുന്നതിനെ ‘തള്ഹിയത്ത്’ അഥവാ സമര്‍പ്പണം എന്നാണ് പറയുന്നത്. തവക്കുലിന് സമർപ്പണം അനിവാര്യമാണ്. എല്ലാ വിഷയങ്ങളിലും ഇതുണ്ടാകണം. വിശുദ്ധ ഖുർആൻ ഒരുപാട് ഇടങ്ങളിൽ ഇത് വ്യക്തമാക്കുന്നുണ്ട്. അല്ലാഹു പറയുന്നു: “സത്യവിശ്വാസികൾ അല്ലാഹുവിൽ ഭരമേൽപ്പിക്കട്ടെ’ (ആലു ഇംറാൻ: 160). അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവന് സമാധാനവും സംരക്ഷണവും ലഭിക്കുകയും ഉപജീവനമാർഗം ലളിതമാക്കപ്പെടുകയും ചെയ്യും. അല്ലാഹു പറയുന്നു : “വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (അൻഫാൽ : 49) ഉമറുബ്‌നുല്‍ ഖത്വാബി(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറയുന്നു: നിശ്ചയം നിങ്ങള്‍ അല്ലാഹുവില്‍ യഥാവിധി കാര്യങ്ങള്‍ ഭരമേല്‍പ്പിക്കുകയാണെങ്കില്‍, പക്ഷികള്‍ക്ക് ആഹാരം നല്‍കപ്പെടും പ്രകാരം നിങ്ങള്‍ക്കും ആഹാരം നല്‍കപ്പെടും. അവ പ്രഭാതത്തില്‍ ഒട്ടിയ വയറുമായി പുറപ്പെടുന്നു.വൈകുന്നേരം നിറഞ്ഞ വയറുമായി മടങ്ങുന്നു. (തിര്‍മിദി)
ശാരീരികേഛകള്‍ക്കെതിരെയുള്ള പ്രതിരോധ സമരത്തില്‍ ഏതു നേരവും മുഴുകേണ്ടവനാണ് വിശ്വാസി. സ്വയേഛകളെ വരുതിയില്‍ വരുത്തുമ്പോഴാണ് സ്രഷ്ടാവിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താന്‍ സാധിക്കുന്നത്. അതിന് ആത്മാവിനെ നിയന്ത്രിക്കേണ്ടതുണ്ട്. ആത്മാവിനെ നിയന്ത്രണ വിധേയമാക്കുന്നതിന് കഠിനാധ്വാനം അനിവാര്യമാണ്. അതുകൊണ്ടാണ് ആത്മാവിനോടുള്ള സമരത്തെ ഏറ്റവും വലിയ ജിഹാദെന്ന് തിരു നബി (സ) വിശേഷിപ്പിച്ചത്.
ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായക സംഭവമായ ബദ്റിന്റെ ചരിത്രം തവക്കുലിന്റെയും സമർപ്പണത്തിന്റെയും ഒരായിരം ഓർമകളാണ് സമ്മാനിക്കുന്നത്. സര്‍വായുധ വിഭൂഷിതരായ രാക്ഷസീയ സംഘത്തിന്റെ മുമ്പിൽ നിരായുധരായ ചെറുസംഘത്തെ വിജയത്തിലെത്തിച്ചത് അവരുടെ സഹകരണവും സമര്‍പ്പണവും മനപ്പൊരുത്തവുമാണ്. ത്യാഗവും സഹനശീലവും പരിശീലിച്ച മഹാമനസ്കരായിരുന്നു അവർ.
ബദ്ർ നൽകുന്ന പാഠങ്ങളെയും സമര വീര്യത്തെയും അടുത്തറിയാനും തിരുനബി(സ) യുടെയും സ്വഹാബത്തിന്റെയും സമർപ്പണ ബോധത്തെ തിരിച്ചറിയാനും വിശ്വാസിക്കു സാധിക്കണം. അപ്പോഴാണ് നന്മകളുടെ നാമ്പുകൾ നനച്ചു വളർത്താനും തിന്മകൾക്കെതിരെ പടപൊരുതാനുമുള്ള കരുത്ത് ലഭിക്കുന്നത്. പിശാചിനോടും ദേഹേഛകളോടും പടപൊരുതി നോമ്പിന്റെ അടിസ്ഥാന ലക്ഷ്യമായ തഖ്്വ (സൂക്ഷ്മത) ആർജിച്ചെടുത്ത് ഇഹപര വിജയികളിൽ ഉൾപ്പെടാൻ സർവശക്തൻ അനുഗ്രഹികട്ടെ !