National
പ്രധാനമന്ത്രിക്കും ഡീപ് ഫേക്ക് വീഡിയോ; ഏറ്റവും വലിയ ഭീഷണിയെന്ന് മോദി
ഡീപ്ഫേക്കുകള്‍ നിര്‍മ്മിക്കാനായി കൃത്രിമ ബുദ്ധിയുടെ ദുരുപയോഗം നടത്തുമ്പോള്‍ പൗരന്മാരും മാധ്യമങ്ങളും ജാഗ്രത പാലിക്കണമെന്നും മോദി
ന്യൂഡല്‍ഹി| ഡീപ് ഫേക്ക് വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇന്ത്യന്‍ സംവിധാനം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് ഡീപ്ഫേക്കുകളെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവ സമൂഹത്തില്‍ കുഴപ്പമുണ്ടാക്കും. ഡീപ്ഫേക്കുകള്‍ നിര്‍മ്മിക്കാനായി കൃത്രിമ ബുദ്ധിയുടെ ദുരുപയോഗം നടത്തുമ്പോള്‍ പൗരന്മാരും മാധ്യമങ്ങളും ജാഗ്രത പാലിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വര്‍ധിച്ചുവരുന്ന ഈ പ്രശ്‌നങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി സ്ത്രീകള്‍ക്കൊപ്പം ഗര്‍ബ കളിക്കുന്നുവെന്ന തരത്തില്‍ പ്രചരിച്ച ഡീപ് ഫേക്ക് വീഡിയോ അദ്ദേഹം പരാമര്‍ശിച്ചു. താന്‍ ഗര്‍ബ നൃത്തം കളിക്കുന്ന വീഡിയോ വളരെ യഥാര്‍ത്ഥമാണെന്ന് തോന്നിപ്പിക്കുന്നതാണെന്ന് മോദി പറഞ്ഞു. എന്നാല്‍ ചെറുപ്പം മുതല്‍ ഇതുവരെ താന്‍ ഗര്‍ബ കളിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപിയുടെ ദീപാവലി മിലന്‍ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.