vlogger rifa mehnu death
റിഫ മെഹ്നുവിന്റെ കഴുത്തില്‍ ആഴത്തിലുള്ള പാട്; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി
മെഡി.കോളജ് ആശുപത്രിയില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.
കോഴിക്കോട് | ദുബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ കഴുത്തില്‍ ആഴത്തിലുള്ള പാട് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ന് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് ഇക്കാര്യം മനസ്സിലായത്. കോഴിക്കോട് മെഡി.കോളജ് ആശുപത്രിയില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. തുടര്‍ന്ന് കാക്കൂര്‍ പാവണ്ടൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഫോറന്‍സിക് സര്‍ജന്‍ ഡോ.ലിസ ജോണ്‍ ആണ് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയത്. പോസ്റ്റ് മോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പോലീസിന് ലഭിച്ചു. വിശദ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കും. അതോടെ ദുരൂഹത നീക്കാന്‍ സാധിക്കും.
മാര്‍ച്ചിലാണ് ബാലുശ്ശേരി സ്വദേശനിയായ റിഫ മെഹ്നുവിനെ ദുബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം നാട്ടില്‍കൊണ്ടുവന്ന് പെട്ടെന്ന് സംസ്‌കരിച്ചതും തുടർന്നുള്ള ആരോപണങ്ങളുമെല്ലാം മാതാപിതാക്കളിലും ബന്ധുക്കളിലും സംശയങ്ങള്‍ ജനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മന്ത്രി ശശീന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. താമരശ്ശേരി ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല.