Kerala
ശബരീശന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന; സന്നിധാനത്ത് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്
ഇന്ന് ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം വകുപ്പു മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ശബരിമല | മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് തങ്ക അങ്കി ചാര്‍ത്തി ശബരീശന് ദീപാരാധന നടന്നു.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് മണ്ഡലപൂജയ്ക്കു ചാര്‍ത്തുന്നതിനുള്ള 451 പവന്‍ തൂക്കമുള്ള തങ്ക അങ്കി 1973 ല്‍ നടയ്ക്കു വച്ചത്.
പതിനെട്ടാംപടിക്കു മുകളില്‍ ദേവസ്വം വകുപ്പു മന്ത്രി വി എന്‍ വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എ അജികുമാര്‍, ജി സുന്ദരേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തങ്ക അങ്കി ഏറ്റുവാങ്ങി.
എ ഡി ജി പി. എസ് ശ്രീജിത്ത്, എ ഡി എം. അരുണ്‍ എസ് നായര്‍, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ ബി കൃഷ്ണകുമാര്‍ സന്നിഹിതരായിരുന്നു. തമിഴ്നാട് ദേവസ്വം വകുപ്പുമന്ത്രി പി കെ ശേഖര്‍ബാബുവും തങ്ക അങ്കി ദര്‍ശനത്തിന് എത്തിയിരുന്നു.
സോപാനത്തില്‍ വച്ച് തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തിയും അരുണ്‍കുമാര്‍ നമ്പൂതിരിയും സഹശാന്തിമാരും ചേര്‍ന്ന് തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയി. 6.30ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടന്നു. തുടര്‍ന്ന് ഭക്തര്‍ക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ അവസരം ഒരുക്കി.
ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം വകുപ്പു മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഘോഷയാത്ര മൂന്നുമണിയോടെ സന്നിധാനത്തേയ്ക്കു തിരിച്ചു. വൈകിട്ട് 5.20ന് ശരംകുത്തിയിലെത്തിയ ഘോഷയാത്രയ്ക്ക് ദേവസ്വം ബോര്‍ഡ് ഔദ്യോഗിക സ്വീകരണം നല്‍കി. എ ഡി എം. അരുണ്‍ എസ് നായര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിജു വി നാഥ് എന്നിവരടങ്ങിയ സംഘം ശരംകുത്തിയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.
മണ്ഡലപൂജ നാളെ
ശബരിമല | മണ്ഡലകാല തീര്‍ഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ നാളെ (ഡിസം: 26, വ്യാഴം) നടക്കും. ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടക്കുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്.
മണ്ഡല മഹോത്സവത്തിന് വ്യാഴാഴ്ച സമാപനം; മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് തുറക്കും
ശബരിമല | നാല്‍പത്തിയൊന്നു ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു നാളെ (ഡിസംബര്‍ 26, വ്യാഴം) സമാപനം. മണ്ഡലപൂജ ദിവസമായ വ്യാഴാഴ്ച രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.