Connect with us

Editors Pick

ഭൂമിയിലെ ഏറ്റവും ആഴമേറിയ ഗർത്തം; നിഘൂഢതകൾ നിറഞ്ഞ മരിയാന ട്രഞ്ച്

മരിയാന ട്രെഞ്ചിന് 69 കിലോമീറ്റർ വീതിയുണ്ട്, ചലഞ്ചർ ഡീപ്പ് അതിൻ്റെ ആഴമേറിയ പോയിൻ്റാണ്.

Published

|

Last Updated

സഫിക് സമുദ്രത്തിൽ ജപ്പാൻ, ഫിലിപ്പീൻസ്, പാപ്പുവ ന്യൂ ഗിനിയ എന്നിവയ്ക്കിടയിൽ സ്ഥിതി ചെയ്യുന്ന മരിയാന ട്രഞ്ച്‌ ഭൂമിയിലെ ഏറ്റവും ആഴമേറിയ ഗർത്തമാണ്. 2,500 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന മലനിരകളും മലയിടുക്കുകളും നിറഞ്ഞ മേഖലയാണിത്.

എവറസ്റ്റ് കൊടുമുടിയെ മുഴുവൻ വിഴുങ്ങാൻ തക്ക ആഴമുള്ള വിശാലമായ ഗർത്തമാണ്‌ ഇതെന്ന്‌ കേൾക്കുമ്പോൾ അതിൻ്റെ വ്യാപ്‌തി നമുക്ക്‌ ഊഹിക്കാവുന്നതേ ഉള്ളൂ. നൂറുകണക്കിന് പേർ ബഹിരാകാശത്തേക്ക് പോകുകയും ആയിരക്കണക്കിന് ആളുകൾ എവറസ്റ്റ് കീഴടക്കുകയും ചെയ്തപ്പോൾ, വിരലിലെണ്ണാവുന്നവർ മാത്രമേ മരിയാന ട്രെഞ്ചിൻ്റെ ആഴത്തിൽ എത്തിയിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്.

1875-ൽ ബ്രിട്ടീഷ് റോയൽ നേവി കപ്പൽ എച്ച്‌എംഎസ്‌ ചലഞ്ചർ ആണ് മരിയാന ട്രെഞ്ച് കണ്ടെത്തിയത്. നാല് വർഷം നീണ്ട 70,000 കിലോമീറ്റർ യാത്രയിൽ, നീണ്ട കയറുകളിൽ ഘടിപ്പിച്ച ലെഡ് ബ്ലോക്കുകൾ ഉപയോഗിച്ച് സംഘം സമുദ്രത്തിൻ്റെ ആഴവും ഘടനയും അളന്നു. പ്രാഥമിക സർവേയിൽ 8,183 മീറ്റർ ആഴം രേഖപ്പെടുത്തി.

1951-ൽ റോയൽ നേവിയുടെ എച്ച്‌എംഎസ്‌ ചലഞ്ചർ 2 സോണാർ ഉപയോഗിച്ച് 10,900 മീറ്റർ ആഴം അളന്നു. കപ്പലിൻ്റെ ബഹുമാനാർത്ഥം ഈ ആഴമേറിയ പോയിൻ്റിന് “ചലഞ്ചർ ഡീപ്പ്” എന്ന് പേരും നല്‍കി. 2010-ൽ സെൻ്റർ ഫോർ കോസ്റ്റൽ ഓഷ്യൻ മാപ്പിംഗ് ഉൾപ്പെടെയുള്ള കൂടുതൽ സർവേകൾ 10,994 മീറ്റർ ആഴം സ്ഥിരീകരിച്ചു.

മരിയാന ട്രെഞ്ചിന് 69 കിലോമീറ്റർ വീതിയുണ്ട്, ചലഞ്ചർ ഡീപ്പ് അതിൻ്റെ ആഴമേറിയ പോയിൻ്റാണ്. സൂര്യപ്രകാശം ഒട്ടും കടന്നു ചെല്ലാത്ത ഇടമാണിത്‌. സമുദ്രനിരപ്പിനേക്കാൾ 1071 മടങ്ങാണ് ഇവിടുത്തെ മർദ്ദം. ഒരു ചതുരശ്ര ഇഞ്ചിന് എട്ട് ടണ്ണിലധികം. അതിനാൽ ചലഞ്ചർ ഡീപ്പിൽ നേരിട്ട് എത്തുക മനുഷ്യർക്ക് അസാധ്യമാണ്.എന്നിരുന്നാലും, പ്രത്യേക വാഹനങ്ങൾ ഇത് സാധ്യമാക്കി.
ഡോൺ വാൽഷും ജാക്വസ് പിക്കാർഡും ചേർന്ന് സ്വിസ് ഗവേഷകനായ ഓഗസ്റ്റ് പിക്കാർഡിൻ്റെ അണ്ടർവാട്ടർ പര്യവേക്ഷണ വാഹനമായ ട്രൈസ്റ്റെയിൽ 1960 ജനുവരി 23-ന് ചലഞ്ചർ ഡീപ്പിലെത്തി ചരിത്രം സൃഷ്ടിച്ചു.

ഭൂമിയിലെ ഏറ്റവും താഴ്ന്ന സ്ഥലത്തേക്കുള്ള ട്രൈസ്റ്റെയുടെ ശ്രദ്ധേയമായ യാത്ര ശാസ്ത്രജ്ഞരെയും പര്യവേക്ഷകരെയും പൊതുജനങ്ങളെയും ഒരുപോലെ ആകർഷിച്ചു.
2012-ൽ ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ ആണ് ഈ ആഴത്തിലേക്ക് രണ്ടാമത് എത്തുന്ന മനുഷ്യൻ. ഡീപ് സീ ചലഞ്ചർ എന്ന സബ്‌മെർസിബിൾ ആണ് ഇത് സാധ്യമാക്കിയത്.

ലോകത്തെ അഞ്ച് സമുദ്രങ്ങളിലെയും ഏറ്റവും ആഴമേറിയ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി വ്യവസായിയും പര്യവേക്ഷകനുമായ വിക്ടർ വെസ്കോവോയുടെ നേതൃത്വത്തിൽ ഫൈവ് ഡീപ്സ് എക്സ്പെഡിഷൻ എന്ന പേരിൽ ഒരു പര്യവേഷണം ആരംഭിച്ചു. 2019-ൽ ദൗത്യം വിജയകരമായി ചലഞ്ചർ ഡീപ്പിലുമെത്തി.

ചലഞ്ചർ ഡീപ്പിലേക്കുള്ള ഈ പര്യവേക്ഷണ ദൗത്യങ്ങളെല്ലാം ശ്രദ്ധേയമായ നിരവധി കണ്ടെത്തലുകൾ നടത്താൻ ശാസ്ത്ര ലോകത്തെ സഹായിച്ചു. ആഴക്കടൽ ആവാസവ്യവസ്ഥ, ഭൂമിശാസ്ത്രം, മലിനീകരണം, മനുഷ്യ പ്രവർത്തനങ്ങളുടെ ആഘാതം എന്നിവയെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യവും ഇത് വളരെയധികം മെച്ചപ്പെടുത്തി. ഭൂമിയുടെ ഏറ്റവും തീവ്രവും നിഗൂഢവുമായ പരിസ്ഥിതിയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഈ ദൗത്യങ്ങൾ.

വിക്ടർ വെസ്‌കോവോയുടെ (2019) പര്യവേഷണം ആദ്യത്തെ 4K വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ഭൂമിശാസ്ത്രപരമായ വിശകലനത്തിനായി പാറ, അവശിഷ്ട സാമ്പിളുകൾ ശേഖരിക്കുകയും പുതിയ ഇനം ആഴക്കടൽ മത്സ്യങ്ങൾ, ചെമ്മീൻ, മറ്റ് ജീവികൾ എന്നിവയെ കണ്ടെത്തുകയും ചെയ്തു.കാതറിൻ സള്ളിവൻ്റെ (2020) യാത്ര വിശദമായ ഭൂപ്രകൃതി ഭൂപടങ്ങൾ സൃഷ്ടിക്കാനും മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് പഠിക്കാൻ സാമ്പിളുകൾ ശേഖരിക്കാനും സഹായിച്ചു.

ജാക്വസ് പിക്കാർഡ്, ഡോൺ വാൽഷ് (1960), ജെയിംസ് കാമറൂൺ (2012) എന്നിവരുടെ പര്യവേഷണങ്ങൾ അവശിഷ്ട സാമ്പിളുകൾ ശേഖരിക്കുകയും ആഴക്കടൽ പരിസ്ഥിതി നിരീക്ഷണങ്ങൾ നടത്തുകയും ഭീമാകാരമായ ആംഫിപോഡ് സാമ്പിളുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ വിവരങ്ങളും ദൃശ്യങ്ങളും ശേഖരിക്കുകയും ചെയ്തു. ചലഞ്ചർ ഡീപ്പിൽനിന്നു ശേഖരിച്ച ചെളിയിൽ നിന്നും 200 വ്യത്യസ്ത ഇനങ്ങളിലുള്ള സൂക്ഷ്മജീവികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എക്സ്ട്രീമോഫൈല്‍സുകളുടെ വിസ്മയ ലോകമാണ് മരിയാന ട്രഞ്ച്.