Kerala
ഒറ്റപ്പെടുത്തുംവിധമുള്ള പുനസംഘടനാ നീക്കങ്ങളില്‍ കടുത്ത അതൃപ്തി; പരാതിപ്പെടാനൊരുങ്ങി കെ സുധാകരന്‍
തന്നെ മാറ്റാന്‍ വേണ്ടിയാണോ പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ള ദീപദാസ് മുന്‍ഷി ഓരോ നേതാക്കളെയും നേരില്‍ കാണുന്നതെന്ന് തന്നോട് പറയണമെന്ന് കെ സുധാകരന്‍
കോഴിക്കോട് | കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയേക്കുമെന്ന സൂചനകള്‍ക്കിടെ നേതൃത്വത്തോട് നേരിട്ട് അതൃപ്തി അറിയിക്കാനൊരുങ്ങി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിക്കുന്നുവെന്നാണ് സുധാകരന്റെ പ്രധാന പരാതി. പരാതി അറിയിക്കാന്‍ കെസി വേണുഗോപാലിനെ കെ സുധാകരന്‍ നാളെ നേരിട്ട് കാണും. നിലവില്‍ പാര്‍ട്ടി പുനഃസംഘടനയുമായി നടക്കുന്ന ചര്‍ച്ചകളില്‍ കെ സുധാകരന് കടുത്ത നീരസമുണ്ട്. ഇക്കാര്യം അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു കഴിഞ്ഞു. കെ സി വേണുഗോപാലിലൂടെ അതൃപ്തി നേരിട്ട് അറിയിക്കുകയാണ് പുതിയ നീക്കം.തന്നെ മാറ്റാന്‍ വേണ്ടിയാണോ പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ള ദീപദാസ് മുന്‍ഷി ഓരോ നേതാക്കളെയും നേരില്‍ കാണുന്നതെന്ന് തന്നോട് പറയണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. തന്നെ അറിയിക്കാതെ എന്തുകൊണ്ടാണ് പുനഃസംഘടന തീരുമാനമെന്നും സുധാകരന്‍ ചോദിക്കുന്നു
അതേ സമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റിയേക്കാന്‍ സാധ്യത. നേതാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കം. സ്ഥാനം ഒഴിയാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ സുധാരന്‍ എതിര്‍പ്പ് പ്രകടിപ്പിക്കാനാണ് സാധ്യത.കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള അഭിപ്രായ ഭിന്നത സംഘടനാ സംവിധാനത്തെ സാരമായി ബാധിക്കുന്നു എന്നൊരു വാദം പാര്‍ട്ടിക്കുള്ളിലുണ്ട്.വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ നേതൃനിരയിലെ അഭിപ്രായഭിന്നത ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് പാര്‍ട്ടില്‍ പൊതുവെ ഉള്ളത്. ഈ സാഹചര്യത്തില്‍ കെ സുധാകരന് കസേര വിട്ടൊഴിയേണ്ടി വന്നേക്കും.
പുതിയ കെപിസിസി പ്രസിഡന്റാവാന്‍ ക്രിസ്ത്യന്‍ പ്രാധിനിധ്യമായി ബെന്നി ബെഹനാന്‍, സണ്ണി ജോസഫ്, ആന്റോ ആന്റണി എന്നിവര്‍ക്ക് പുറമെ മുന്‍ പരിചയമുള്ള എം എം ഹസന്‍, ദളിത് മുഖം കൊടിക്കുന്നില്‍ സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, യുവനേതാക്കളില്‍ നിന്ന് വിടി ബല്‍റാം, പിസി വിഷ്ണുനാഥ് എന്നിങ്ങനെ നീളുന്ന സാധ്യതാ ലിസ്റ്റ്.മത-സാമുദായിക,ഗ്രൂപ്പ് സന്തുലനം പാലിക്കും വിധമായിരിക്കും പുതിയ പ്രസിഡന്റിനെ തീരുമാനിക്കുക.ഇത് കൂടാതെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനുഗേലു, ഹൈക്കമാന്‍ഡ് പ്രതിനിധി ദീപാ ദാസ്മുന്‍ഷി എന്നിവരും കേന്ദ്രനേതൃത്വത്തിന് പേരുകള്‍ സമര്‍പ്പിക്കും