Kerala
റഹീം കേസില്‍ മുന്‍ എംബസി ഉദ്യോഗസ്ഥനെതിരെ അപവാദ പ്രചാരണം; പരാതി നല്‍കി
കാര്‍ വാങ്ങിയത് ദിയാധനത്തിനായി പിരിച്ച തുകയില്‍ നിന്നെന്നാണ് വാട്‌സ്ആപ്പ് വഴി പരോക്ഷമായി പ്രചരിപ്പിച്ചത്

കോഴിക്കോട് | സഊദി ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുര്‍റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യുന്നതിനായി സമാഹരിച്ച ദിയാധനവുമായി ബന്ധപ്പെട്ട് അപവാദങ്ങള്‍ പ്രചരിപ്പിച്ച കോഴിക്കോട് സ്വദേശിക്കെതിരെ റിയാദിലെ ഇന്ത്യന്‍ എംബസി മുന്‍ ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. റഹീം കേസുമായി ബന്ധപ്പെട്ട നടപടികളില്‍ കഴിഞ്ഞ 18 വര്‍ഷം ഇന്ത്യന്‍ എംബസി പ്രതിനിധിയായി ഇടപെട്ടിരുന്ന ഉദ്യോഗസ്ഥനാണ് യൂസുഫ് കാക്കഞ്ചേരി.
ഔദ്യോഗിക കാലാവധി പൂര്‍ത്തിയായതോടെ കഴിഞ്ഞ മാസം നാട്ടിലേക്ക് മടങ്ങിയിരുന്നു. അദ്ദേഹം കോഴിക്കോട്ടെ പ്രമുഖ വാഹന ഷോറൂമില്‍നിന്ന് കാര്‍ വാങ്ങുന്നതിന്റെ ചിത്രം പകര്‍ത്തി തെറ്റിദ്ധരിപ്പിക്കും വിധം അടിക്കുറിപ്പുകള്‍ നല്‍കി വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും ദിയാധനത്തിനായി പിരിച്ച തുകയില്‍ നിന്നാണ് ഇതെല്ലാമുണ്ടാക്കുന്നതെന്ന് പരോക്ഷമായി സൂചിപ്പിച്ച് അപവാദം നടത്തുകയും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.