National
കര്‍ണാടക ബിജെപി നല്‍കിയ മാനനഷ്ടക്കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം
സംസ്ഥാനത്തെ മുന്‍ ബിജെപി സര്‍ക്കാര്‍ എല്ലാ സര്‍ക്കാര്‍ പദ്ധതി നടത്തിപ്പിനും 40 ശതമാനം കമീഷന്‍ ഈടാക്കിയെന്ന പരാമര്‍ശത്തിനെതിരെയാണ് കേശവ് പ്രസാദ് ഹരജി നല്‍കിയത്.
ബെംഗളുരു| കര്‍ണാടക ബിജെപി നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. മുഖ്യധാരാ പത്രങ്ങളില്‍ അപകീര്‍ത്തികരമായ പരസ്യം നല്‍കിയതിന് ബിജെപി നല്‍കിയ കേസിലാണ് രാഹുല്‍ ഗാന്ധിക്ക് ബെംഗളുരു കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. ബിജെപി എംഎല്‍സിയും കര്‍ണാടക ജനറല്‍ സെക്രട്ടറിയുമായ കേശവ് പ്രസാദ് ആണ് പരാതിക്കാരന്‍. സംസ്ഥാനത്തെ മുന്‍ ബിജെപി സര്‍ക്കാര്‍ എല്ലാ സര്‍ക്കാര്‍ പദ്ധതി നടത്തിപ്പിനും 40 ശതമാനം കമീഷന്‍ ഈടാക്കിയെന്ന പരാമര്‍ശത്തിനെതിരെയാണ് കേശവ് പ്രസാദ് ഹരജി നല്‍കിയത്.
കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ ഇന്ന് രാവിലെ ബെംഗളുരുവില്‍ എത്തിയിരുന്നു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രാഹുലിനെ ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചത്. കോടതി വളപ്പില്‍ പാര്‍ട്ടി പതാകകള്‍ കൊണ്ടുവരരുതെന്നും ബിജെപിക്കെതിരെ മുദ്രാവാക്യം വിളിക്കരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
സിദ്ധരാമയ്യക്കും ഡി.കെ. ശിവകുമാറിനുമെതിരെയും കേശവ് പ്രസാദ് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഇരു നേതാക്കളും അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുമ്പാകെ നേരിട്ട് ഹാജരായി കേസില്‍ ജാമ്യം നേടി.