Connect with us

From the print

തൃശൂരിലെ തോല്‍വി: കാരണം പൂരമല്ലെന്ന് ഉപസമിതി റിപോര്‍ട്ട്; തെറ്റായ വാര്‍ത്തയെന്ന് കോണ്‍ഗ്രസ്സ്

ബൂത്തുതല പ്രവര്‍ത്തനം അമ്പേ പരാജയപ്പെട്ടുവെന്നും മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായെന്നുമാണ് ഉപസമിതിയുടെ കണ്ടെത്തല്‍.

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് കാരണമായത് പൂരം വിവാദമല്ലെന്ന് കെ പി സി സി ഉപസമിതി കണ്ടെത്തിയതായി റിപോര്‍ട്ട്. ബൂത്തുതല പ്രവര്‍ത്തനം അമ്പേ പരാജയപ്പെട്ടുവെന്നും മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായെന്നുമാണ് ഉപസമിതിയുടെ കണ്ടെത്തല്‍.

കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയുടെ വരവിന് കിട്ടിയ ആവേശം തിരഞ്ഞെടുപ്പില്‍ ഫലം കണ്ടില്ല. ടി എന്‍ പ്രതാപന്‍ ആദ്യമേ മത്സര രംഗത്തില്ലെന്ന് പരസ്യപ്രചാരണം നടത്തിയത് കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. കൂടുതല്‍ വോട്ടര്‍മാരെ ചേര്‍ക്കുന്നതിലും കോണ്‍ഗ്രസ്സ് പരാജയപ്പെട്ടുവെന്നും ഉപസമിതി റിപോര്‍ട്ട് വിലയിരുത്തുവെന്നാണ് വിവരം. തൃശൂരിലെ തോല്‍വി സംബന്ധിച്ച് പഠിക്കാന്‍ നിയമിച്ച കെ സി ജോസഫ്, ടി സിദ്ദീഖ്, ആര്‍ ചന്ദ്രശേഖരന്‍ എന്നിവരുള്‍പ്പെട്ട ഉപസമിതി കഴിഞ്ഞ ദിവസമാണ് കെ പി സി സിക്ക് റിപോര്‍ട്ട് നല്‍കിയത്. ഈ റിപോര്‍ട്ട് കെ പി സി സി പരിശോധിച്ചുവരികയാണ്.

അതേസമയം, കെ പി സി സി ഉപസമിതി റിപോര്‍ട്ട് സംബന്ധിച്ച വാര്‍ത്തകള്‍ കോണ്‍ഗ്രസ്സ് നിഷേധിച്ചു. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. ഉപസമിതി സമര്‍പ്പിച്ച റിപോര്‍ട്ട് കെ പി സി സിയുടെ പരിഗണനയിലാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ പാര്‍ട്ടി ഈ വിഷയത്തിന്‍മേല്‍ ചര്‍ച്ച നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു.

വാര്‍ത്തയില്‍ സൂചിപ്പിക്കുന്ന കാര്യങ്ങളല്ല ഉപസമിതി റിപോര്‍ട്ടിലുള്ളത്. വസ്തുത ഇതായിരിക്കെ തെറ്റിദ്ധാരണ പരത്തുന്ന പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ ഉപസമിതി റിപോര്‍ട്ട് എന്ന പേരില്‍ പ്രചരിച്ചത്.

പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയും സി പി എം- ബി ജെ പി സഖ്യത്തെ വെള്ളപൂശുകയുമാണ് ഈ വാര്‍ത്തയുടെ പിന്നിലെ ലക്ഷ്യം. തൃശൂരില്‍ ബി ജെ പി സ്ഥാനാര്‍ഥി വിജയിച്ചതിന് പിന്നിലെ യഥാര്‍ഥ കാരണം സി പി എമ്മുമായുള്ള അന്തര്‍ധാരയാണ്. തൃശൂരില്‍ ബി ജെ പിയുടെ വിജയത്തിലേക്ക് നയിച്ചതില്‍ പൂരം കലക്കിയതിന് നിര്‍ണായകമായ പങ്കാണുള്ളതെന്നും കെ സുധാകരന്‍ പറഞ്ഞു.