Kerala
തോല്‍വിയെ അംഗീകരിക്കണം; പണക്കാര്‍ക്കായി ദാസ്യപ്പണിയെടുത്താല്‍ പാര്‍ട്ടി ശിക്ഷിക്കപ്പെടും: ബിനോയ് വിശ്വം
സ്വന്തമായി കണ്ടു പോന്ന ഒരു വിഭാഗം ജനങ്ങള്‍ താക്കീതായി തിരുത്തണം എന്ന് പറഞ്ഞതാണ് തിരഞ്ഞെടുപ്പ് ഫലം
തിരുവനന്തപുരം | തോല്‍വിയെ തോല്‍വി ആയി അംഗീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ഇടതുപക്ഷത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും ജനവിധിയെ വിനയത്തോടെ അംഗീകരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സ്വന്തമായി കണ്ടു പോന്ന ഒരു വിഭാഗം ജനങ്ങള്‍ താക്കീതായി തിരുത്തണം എന്ന് പറഞ്ഞതാണ് തിരഞ്ഞെടുപ്പ് ഫലം.ഇപ്പോള്‍ നോക്കിയില്ലെങ്കില്‍ പിന്നെ എപ്പോഴാണ് തിരുത്തുകയെന്നും അദ്ദേഹം ചോദിച്ചു.
ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ ആണ് സിപിഐ നിലപാട് എടുക്കുന്നത്. ചുവന്ന കൊടി പിടിച്ചു പണക്കാര്‍ക്ക് ദാസ്യപ്പണി എടുത്താല്‍ പാര്‍ട്ടി ശിക്ഷിക്കപ്പെടും. നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. സിപിഐക്കും സിപിഎമ്മിനും ഇത് ബാധകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സിപിഐ നല്ലത് എന്നും സിപിഐഎം മോശം എന്ന അഭിപ്രായം സിപിഐക്ക് ഇല്ല. പാര്‍ട്ടിയില്‍ പറയുന്നത് ട്രോള്‍ ആക്കാന്‍ വേണ്ടി ഒറ്റു കൊടുക്കുന്നത് നെറികേടാണ്. സിപിഐയില്‍ ചര്‍ച്ചകള്‍ നടക്കും. നേതാവ് കല്‍പ്പിക്കുന്നത് ശരി എന്ന് പറയുന്ന രീതി അല്ല സിപിഐയുടേതെന്ന് ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ട ചികിത്സ ജനങ്ങളുമായുള്ള ബന്ധം പുനസ്ഥാപിക്കുക എന്നുള്ളതാണ്-് ബിനോയ് വിശ്വം പറഞ്ഞു