Connect with us

Prathivaram

പൈശാചികതയെ പരാജയപ്പെടുത്തുക

പിശാച് മനുഷ്യ ശരീരത്തിലെ രക്ത ധമനികളിലൂടെ സഞ്ചരിക്കുമെന്നാണ് തിരുനബി(സ) പറഞ്ഞത്. പിശാചിന്റെ ബോധനങ്ങളത്രയും തിന്മയും അധമവുമാണ്. പ്രത്യക്ഷത്തിൽ ചിലത് നന്മയായി തോന്നുമെങ്കിലും ആത്യന്തികമായി അത് മഹാനഷ്ടമായിരിക്കും.

Published

|

Last Updated

സർവശക്തന്റെ സൃഷ്ടികളില്‍ ശ്രദ്ധേയരായ മൂന്ന് വിഭാഗങ്ങളാണ് മലക്ക്, പിശാച്, മനുഷ്യന്‍. വ്യത്യസ്ത ഭാവങ്ങളിലും പ്രകൃതികളിലുമാണ് ഈ മൂന്ന് വിഭാഗങ്ങളും പടക്കപ്പെട്ടത്. മാലാഖമാർക്ക് അന്നപാനീയങ്ങൾ ആവശ്യമില്ല. ഉറക്കമോ വിശ്രമമോ അവർക്കില്ല. പാപസുരക്ഷിതരും അല്ലാഹുവിന്റെ നിയമങ്ങള്‍ പൂർണമായി പാലിക്കുന്നവരുമാണവർ. പിശാചുക്കൾ ധിക്കാരികളും അഹങ്കാരികളും പിഴച്ചവരും പിഴപ്പിക്കുന്നവരും അനന്തമായി നരകത്തിൽ വസിക്കേണ്ടവരുമാണ്. എന്നാല്‍ മനുഷ്യ പ്രകൃതി നന്നാകാനും ദുഷിക്കാനും പാകത്തിലാണ് സംവിധാനിക്കപ്പെട്ടത്. അവനിൽ മലക്കിന്റെയും പിശാചിന്റെയും ഇടപെടലുകൾ നിരന്തരം നടന്നുകൊണ്ടിരിക്കും. ഓരോരുത്തരുടെയും സ്വഭാവത്തിനനുസരിച്ചാണ് മലക്കിന്റെയും പിശാചിന്റെയും സ്വാധീനമേൽക്കൽ. തിരുനബി(സ) പറഞ്ഞു: “ഓരോ മനുഷ്യനിലും മലക്കിന്റെയും പിശാചിന്റെയും പ്രേരണയുണ്ടായിരിക്കും. മലക്ക് സത്യം സ്വീകരിക്കാനും നന്മകള്‍ വീണ്ടെടുക്കാനും പ്രചോദനം തരുമ്പോള്‍ പിശാച് സത്യനിഷേധത്തിനും തിന്മകളെ പുൽകുന്നതിനും വേണ്ടി സമ്മർദം ചെലുത്തിക്കൊണ്ടിരിക്കും’ (തുർമുദി).

സത്യവിശ്വാസിയുടെ ജീവിതം മുഴുക്കെ പിശാചുമായുള്ള സംഘട്ടനത്തിലേർപ്പെടേണ്ടിവരും. കാരണം മനുഷ്യവർഗത്തിന്റെ സൃഷ്ടിപ്പിന്റെ ആരംഭത്തോടെ തന്നെ അവന്റെ ആജന്മ ശത്രുവായി ശപിക്കപ്പെട്ട പിശാചിനെയും ഒരുക്കിയിട്ടുണ്ട്. അഹങ്കാരിയായ പിശാച് അല്ലാഹുവിനെ വെല്ലുവിളിച്ചുകൊണ്ടാണ് മനുഷ്യനെ പിഴപ്പിക്കാനിറങ്ങിയത്. മനുഷ്യസമൂഹത്തെ സന്മാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിക്കാന്‍ അവൻ കഴിവതും ശ്രമിച്ചുകൊണ്ടിരിക്കും. അതിന് സ്രഷ്ടാവ് അവന് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. ഖുർആൻ പറയുന്നു: “അവന്‍ (ഇബ്‌ലീസ്) പറഞ്ഞു: മനുഷ്യര്‍ ഉയിര്‍ത്തെഴുന്നേൽപ്പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി നല്‍കേണമേ.

അവന്‍ (അല്ലാഹു) പറഞ്ഞു: തീര്‍ച്ചയായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു. അവന്‍ (ഇബ്‌ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായപാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും അവരുടെ പിന്നിലൂടെയും അവരുടെ വലതുഭാഗങ്ങളിലൂടെയും ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുകതന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല’ (അഅ്‌റാഫ്: 14-17). സ്വയം വഴിപിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ് പിശാച്. അവനെ പറ്റി ഖുർആൻ കടുത്ത ഭാഷയാണ് പ്രയോഗിച്ചത്. “നിശ്ചയം പിശാച് നിങ്ങളുടെ വ്യക്തമായ ശത്രുവാണ്’ (സൂറതു യാസീൻ: 60) വിശുദ്ധ ഖുർആൻ പിശാചിനെ ഇബ്്ലീസ് എന്നും ശൈത്വാന്‍ എന്നും പ്രയോഗിച്ചതുകാണാം. അവന് അനുയായികളും സന്തതികളുമുണ്ടെന്നും തിരുവചനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

പിശാച് മനുഷ്യ ശരീരത്തിലെ രക്ത ധമനികളിലൂടെ സഞ്ചരിക്കുമെന്നാണ് തിരുനബി(സ) പറഞ്ഞത്. പിശാചിന്റെ ബോധനങ്ങളത്രയും തിന്മയും അധമവുമാണ്. പ്രത്യക്ഷത്തിൽ ചിലത് നന്മയായി തോന്നുമെങ്കിലും ആത്യന്തികമായി അത് മഹാനഷ്ടമായിരിക്കും.

സ്രഷ്ടാവിന്റെ വിധിവിലക്കുകൾ പൂർണമായും അനുസരിക്കുകയും നല്ല സൗഹൃദങ്ങൾ പുലർത്തുകയും ചെയ്യുന്നവർക്ക് പിശാചിനെ തുരത്താനും ദൗര്‍ബല്യങ്ങളോട് പൊരുതാനുമുള്ള കരുത്തുണ്ടാകും. അതിനുള്ള അനേകം സുവർണാവസരങ്ങളാണ് വിശുദ്ധ റമസാനിലുള്ളത്. മനസ്സിൽ കുടിയേറിപ്പാർക്കുന്ന പിശാചുക്കളെ പിടിച്ചുകെട്ടി പുറന്തള്ളാനും ഹൃദയത്തിലെ സ്വർഗകവാടങ്ങൾ തുറക്കാനും പുണ്യറമസാനിലെ അനുഗൃഹീത ദിനരാത്രങ്ങൾ നിദാനമാകട്ടെ.

---- facebook comment plugin here -----

Latest