Connect with us

Articles

ഗസ്സയില്‍ തോറ്റു; ഇനി ലബനാനോ?

ഒന്നും നേടാതെയാണ് നെതന്യാഹു മടങ്ങുന്നത്. എന്ത് നേടിയെന്ന ചോദ്യം ഉച്ചത്തില്‍ ഉന്നയിക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം പൗരന്‍മാര്‍ തന്നെയാണ്. തെല്‍ അവീവടക്കമുള്ള സര്‍വ നഗരങ്ങളിലും ഇരമ്പിയാര്‍ക്കുന്ന പ്രക്ഷോഭങ്ങളില്‍ ഈ ചോദ്യമാണ് മുഴങ്ങുന്നത്. ആക്രമണം തുടരാന്‍ വയ്യ. അന്താരാഷ്ട്ര സമ്മര്‍ദം അത്രമേല്‍ രൂക്ഷമാണ്. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയേ തീരൂ. ആ കരാറിന് വഴങ്ങുന്നതിന് മുമ്പുള്ള കൂട്ടക്കൊലയാണ് റഫയില്‍ ഇപ്പോള്‍ നടക്കുന്നത്.

Published

|

Last Updated

നെതന്യാഹു സര്‍ക്കാറിന്റെ ഏത് ക്രൂരതക്കും ന്യായീകരണം ചമയ്ക്കുകയും ഫലസ്തീന്‍ ജനതക്കും ഹമാസ് അടക്കമുള്ള സംഘടനകള്‍ക്കുമെതിരെ നുണകള്‍ പടച്ചുവിടുകയും ചെയ്യുന്ന ഇസ്റാഈല്‍ ടെലിവിഷന്‍ ശൃംഖലയാണ് നൗ 14 അഥവാ ചാനല്‍ 14. കഴിഞ്ഞ ഞായറാഴ്ച ഈ ചാനലിന് ബെഞ്ചമിന്‍ നെതന്യാഹു ഒരു അഭിമുഖം നല്‍കി. സാമാന്യം ദീര്‍ഘമായ സംഭാഷണം. ഒക്ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ഇത്തരമൊരു അഭിമുഖത്തിന് വഴങ്ങുന്നത്. അതും തനിക്ക് ഹിതകരമായതേ ചോദിക്കൂ എന്നുറപ്പുള്ള ചാനലിന്. ഫാസിസ്റ്റ് സമീപനമുള്ള ഭരണാധികാരികള്‍ അങ്ങനെയാണ്, അവര്‍ക്ക് യഥാര്‍ഥ ചോദ്യങ്ങളെ അഭിമുഖീകരിക്കാനാകില്ല. ഈ അഭിമുഖം കേട്ടാല്‍ മൂന്ന് കാര്യങ്ങള്‍ വ്യക്തമാകും. ഒന്ന്, ഹമാസ് ആക്രമണമുണ്ടാക്കിയ അങ്കലാപ്പില്‍ നിന്ന് ഇപ്പോഴും നെതന്യാഹുവും സംഘവും മുക്തമായിട്ടില്ല. രണ്ട്, ഗസ്സ ആക്രമണത്തെ ഇനി എങ്ങനെ കൊണ്ടുപോകുമെന്നതില്‍ ഒരു നിശ്ചയവുമില്ല. മൂന്ന്, ആഭ്യന്തരമായി ഉയരുന്ന പ്രതിഷേധങ്ങളെ എങ്ങനെ മറികടക്കണമെന്നതില്‍ യാതൊരു ധാരണയുമില്ല. ആ അഭിമുഖത്തില്‍ നെതന്യാഹു സമ്മതിക്കുന്നുണ്ട്, ഗസ്സ ആക്രമണത്തിന്റെ കടുത്ത ഘട്ടം ഏറെക്കുറെ അവസാനിച്ചുവെന്ന്. അതിനര്‍ഥം ആക്രമണം അവസാനിച്ചുവെന്നല്ല എന്ന് അടുത്ത ശ്വാസത്തില്‍ തന്നെ തിരുത്തുകയും ചെയ്യുന്നു. ഗസ്സയില്‍ നിന്ന് മടങ്ങുകയാണെന്ന് നെതന്യാഹുവിന് പറയാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? ഭാവി പദ്ധതിയെന്തെന്ന് വ്യക്തമായി പറയാന്‍ എന്താണ് മടി?

ഉത്തരം ലളിതമാണ്. ആയിരക്കണക്കിന് കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നുതള്ളിയിട്ടും നിരായുധരായ യുവാക്കളെ വകവരുത്തിയിട്ടും ആശുപത്രികളും സ്‌കൂളുകളും അഭയാര്‍ഥി കേന്ദ്രങ്ങളും തകര്‍ത്തിട്ടും മനുഷ്യരെ പട്ടിണിക്കിട്ട് കൊന്നിട്ടും പതിനായിരക്കണക്കിന് മനുഷ്യരെ ജീവച്ഛവമാക്കിയിട്ടും ഒന്നനങ്ങാന്‍ പോലുമാകാത്ത വൃദ്ധരെ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളിലകപ്പെടുത്തിയിട്ടും അംഗഭംഗം വന്ന മനുഷ്യരെ രക്ഷിക്കാന്‍ സ്വജീവന്‍ നോക്കാതെ പാഞ്ഞുനടന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും വകവരുത്തിയിട്ടും ഒന്നും നേടാതെയാണ് നെതന്യാഹു മടങ്ങുന്നത്. എന്ത് നേടിയെന്ന ചോദ്യം ഉച്ചത്തില്‍ ഉന്നയിക്കുന്നത് അയാളുടെ സ്വന്തം പൗരന്‍മാര്‍ തന്നെയാണ്. ടെല്‍ അവീവടക്കമുള്ള സര്‍വ നഗരങ്ങളിലും ഇരമ്പിയാര്‍ക്കുന്ന പ്രക്ഷോഭങ്ങളില്‍ ഈ ചോദ്യമാണ് മുഴങ്ങുന്നത്. ആക്രമണം തുടരാന്‍ വയ്യ. അന്താരാഷ്ട്ര സമ്മര്‍ദം അത്രമേല്‍ രൂക്ഷമാണ്. യു എസ് പ്രസിഡന്റ് ജോ ബൈഡന്റെയും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും മുന്‍കൈയില്‍ രൂപമെടുത്ത വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയേ തീരൂ. ഹമാസ് കൂടി അംഗീകരിച്ച ആ കരാറിന് വഴങ്ങുന്നതിന് മുമ്പുള്ള കൂട്ടക്കൊലയാണ് റഫയില്‍ ഇപ്പോള്‍ നടക്കുന്നത്. ഇത് വംശഹത്യയല്ലാതെ മറ്റെന്താണ്? ഇത് അവസാനിപ്പിച്ചേ തരമുള്ളൂവെന്ന് നെതന്യാഹുവിന് നന്നായറിയാം. അപ്പോള്‍ ഒരു വഴിയേ ഉള്ളൂ. ‘ഇന്റന്‍സ് ഫേസ്’ അവസാനിച്ചുവെന്ന് പറയുക. യുദ്ധം തീര്‍ന്നിട്ടില്ലെന്നും പറയുക.

പാളയത്തില്‍ പട
നെതന്യാഹുവിന്റെ വാര്‍ ക്യാബിനറ്റ് പ്രഖ്യാപിച്ച ആദ്യത്തെ ലക്ഷ്യം ഹമാസിനെ നിശ്ശേഷം തകര്‍ക്കുക എന്നതായിരുന്നു. അത് നേടിയോ? ഇല്ലെന്ന് മാത്രമല്ല, ആ ലക്ഷ്യം അസാധ്യമാണെന്ന് പറഞ്ഞത് സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി തന്നെയാണ്. ചില്ലറക്കാരനല്ല ഹഗാരി. ഹമാസ് ക്രൂരതയുടെ പൊലിപ്പിച്ച കഥകള്‍ ലോകത്താകെ വിതറി കൂട്ടക്കുരുതിക്ക് ന്യായീകരണം ചമക്കുന്നതില്‍ മുന്നില്‍ നിന്ന സൈനിക മുഖമായിരുന്നു. കുഞ്ഞുങ്ങള്‍ മരിക്കുന്നത് ഹമാസ് അവരെ മനുഷ്യ കവചമാക്കുന്നത് കൊണ്ടാണെന്ന് നുണ പറഞ്ഞയാളാണ്. ഇസ്റാഈല്‍ സൈനികര്‍ പരസ്പരം വെടിവെച്ചപ്പോള്‍ അതിനെ സ്വാഭാവിക കാര്യമായി അവതരിപ്പിച്ചയാളുമാണ്. ആ ഹഗാരിയാണ് നെതന്യാഹുവിനെ കൈയൊഴിഞ്ഞിരിക്കുന്നത്. ഹഗാരിയുടെ വാക്കുകള്‍ ഇങ്ങനെ വായിക്കാം: ‘പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരിക്കലും നേടാനാകാത്ത ലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. ഹമാസിനെ വേണമെങ്കില്‍ കാഴ്ചയില്‍ നിന്ന് മറയ്ക്കാം. ഇല്ലാതാക്കാനാകില്ല. ഹമാസിനെ നശിപ്പിക്കും വരെ ആക്രമണം തുടരുമെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. ഹമാസ് ഒരു ആശയമാണ്. അതൊരു രാഷ്ട്രീയ പാര്‍ട്ടിയാണ്. അതിന്റെ വേരുകള്‍ ജനങ്ങളുടെ ഹൃദയത്തിലാണ്. ഹമാസിനെ നിശ്ശേഷം തുടച്ചു നീക്കാനാകുമെന്നത് സ്വപ്നം മാത്രമാണ്’. ഹമാസിനെ കണ്ണുമടച്ച് ന്യായീകരിക്കുന്നവര്‍ പോലും ഇങ്ങനെ സംസാരിക്കില്ല. അത്രമേല്‍ കൃത്യം, വ്യക്തം. നെതന്യാഹുവിന്റെ ആക്രമണ നയങ്ങളെ എങ്ങനെയാണ് സൈന്യം കാണുന്നതെന്നതിന്റെ മികച്ച തെളിവാണ് ഹഗാരിയുടെ തുറന്നു പറച്ചില്‍. ഒരിക്കലും നടക്കാത്ത ലക്ഷ്യങ്ങള്‍ ഇടക്കിടക്ക് പ്രഖ്യാപിക്കുന്ന നെതന്യാഹു സര്‍ക്കാറിന് യാഥാര്‍ഥ്യ ബോധമില്ലെന്ന വിലയിരുത്തല്‍ ഊട്ടിയുറപ്പിക്കുന്നതാണ് ഈ പ്രസ്താവന.

ഇരുട്ടടി കിട്ടിയതിന്റെ ആഘാതത്തിലായി പ്രധാനമന്ത്രിയുടെ ഓഫീസ്. പിറകേ സൈന്യത്തെ തള്ളി രംഗത്ത് വന്നു. ഹമാസിന്റെ സൈനിക ശക്തിയും ഭരണശേഷിയും തകര്‍ക്കുകയെന്നത് ഗസ്സ ആക്രമണ പദ്ധതിയുടെ ലക്ഷ്യമാണെന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാ ക്യാബിനറ്റ് തീരുമാനിച്ചതാണെന്നും ഇത് പാലിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമായിരിക്കണമെന്നും ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് പിറകെ വിശദീകരണവുമായി സൈനിക നേതൃത്വവും വന്നു. ക്യാബിനറ്റ് നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ നിന്ന് പിന്നോട്ട് പോകുമെന്ന് റിയര്‍ അഡ്മിറല്‍ ഹഗാരി പറഞ്ഞിട്ടില്ലെന്നും യുദ്ധ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ രാപ്പകല്‍ പ്രവര്‍ത്തിക്കുമെന്നുമാണ് വിശദീകരണം. പക്ഷേ, ഹഗാരി പറഞ്ഞതിനെ തള്ളിപ്പറയാന്‍ സൈന്യം തയ്യാറായില്ല. ഹമാസ് ഒരു പ്രത്യയശാസ്ത്രമാണെന്ന ഹഗാരിയുടെ പ്രസ്താവന വളച്ചൊടിക്കേണ്ട കാര്യമില്ലെന്ന് മാത്രം പറഞ്ഞു. ശ്രദ്ധിച്ചോ, നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലുമുണ്ട് ചെറിയൊരു വെള്ളം ചേര്‍ക്കല്‍. ഹമാസിനെ നശിപ്പിക്കുകയെന്നതില്‍ നിന്ന് അതിന്റെ സൈനിക, ഭരണശേഷി നശിപ്പിക്കുകയെന്നതിലേക്ക് ഇറങ്ങിയിട്ടുണ്ട്. ആകപ്പാടെ കേട്ടാല്‍ എന്ത് മനസ്സിലായി? സൈന്യം ഒരു വഴിക്ക്, സര്‍ക്കാര്‍ മറ്റൊരു വഴിക്ക്. രണ്ട് വഴിയും ബോധിക്കാത്ത ഇസ്റാഈല്‍ ജനത.

യുദ്ധ ക്യാബിനറ്റിലെ അടി
നെതന്യാഹു സര്‍ക്കാറിനെ താങ്ങി നിര്‍ത്തുന്ന മധ്യ വലതുപക്ഷ സഖ്യകക്ഷിയുടെ നേതാവും മുന്‍ സൈനിക മേധാവിയുമായ ബെന്നി ഗാന്റ്‌സ് യുദ്ധ ക്യാബിനറ്റില്‍ നിന്ന് രാജിവെച്ചതും ഇതേ ഭിന്നതയുടെ പുറത്താണ്. ഹമാസ് പ്രത്യാക്രമണത്തിന് പിറകെ ഒക്ടോബര്‍ പതിനൊന്നിനാണ് നെതന്യാഹു ഏഴംഗ യുദ്ധ ക്യാബിനറ്റ് ഉണ്ടാക്കിയത്. ഗസ്സയെ തകര്‍ക്കുന്നതില്‍ യോജിച്ച തീരുമാനങ്ങളെടുക്കാനായിരുന്നു ഈ ചെറു (ഗൂഢാലോചനാ സംഘം) ഉണ്ടാക്കിയത്. എന്നാല്‍ തുടക്കത്തിലേ അടിയായിരുന്നു. യുദ്ധ ക്യാബിനറ്റിലെ അംഗവും പ്രതിരോധ മന്ത്രിയുമായ യോവ് ഗാലന്റും നെതന്യാഹുവും കണ്ടാല്‍ മിണ്ടാത്തത്ര ഭിന്നതയിലാണെന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് വെളിപ്പെടുത്തിയത് പ്രതിപക്ഷ നേതാവ് യേര്‍ ലാപിഡാണ്. നെതന്യാഹു മന്ത്രിസഭയിലെ ഘടകകക്ഷി നേതാവും ഫലസ്തീന്‍വിരുദ്ധ തീവ്രവാദി സംഘത്തിന്റെ നേതാവുമായ ഇതാമിര്‍ ബെന്‍ ഗിവിര്‍, തന്നെ യുദ്ധ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പരസ്യമായി രംഗത്തു വന്നതും നെതന്യാഹുവിന് തലവേദനയുണ്ടാക്കി. ഗസ്സ സൈനിക നടപടിയില്‍ ചിലര്‍ രഹസ്യമായി തീരുമാനമെടുക്കുകയാണ്, ഇത് നടക്കില്ലെന്നായിരുന്നു ബെന്‍ ഗവിറിന്റെ വാദം. ഇയാള്‍ ദേശീയ സുരക്ഷാ മന്ത്രിയാണെന്നോര്‍ക്കണം. ഇയാളുടെ പാര്‍ട്ടിക്ക് നെസ്സറ്റില്‍ 14 അംഗങ്ങളുണ്ട്. അതുകൊണ്ട്, നെതന്യാഹു ഇയാള്‍ക്കെതിരെ ഒരക്ഷരം മിണ്ടിയില്ല. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് ഈ സഖ്യ സര്‍ക്കാര്‍. ബെന്നി ഗാന്റ്സ് പിണങ്ങിപ്പോയതോടെ യുദ്ധ ക്യാബിനറ്റ് പിരിച്ചു വിടാന്‍ നെതന്യാഹു തീരുമാനിച്ചത് ബെന്‍ ഗിവിറിന് കൊടുക്കാന്‍ മറുപടിയില്ലാത്തത് കൊണ്ട് കൂടിയാണ്.

കൃത്യമായി നിര്‍ണയിക്കാത്ത ലക്ഷ്യങ്ങള്‍ വേറെയുമുണ്ടായിരുന്നു ഗസ്സ വംശഹത്യക്ക്. ഗസ്സ ജീവിക്കാന്‍ സാധ്യമല്ലാത്ത ഇടമായി മാറുമ്പോള്‍ ജനങ്ങള്‍ പലായനം ചെയ്തുകൊള്ളുമെന്നായിരുന്നു ആ സ്വപ്നം. ഈജിപ്തിലെ സിനായി പെനിന്‍സുലയിലേക്ക് ഗസ്സക്കാരെ മാറ്റാന്‍ പദ്ധതിയും തയ്യാറാക്കി. പക്ഷേ, കണക്കുകൂട്ടലുകള്‍ പിഴച്ചു. പലായനത്തിന്റെ ചരിത്രം നന്നായറിയാവുന്ന ഗസ്സക്കാര്‍ മരിച്ചാലും സ്വന്തം മണ്ണ് കൈവിടില്ലെന്ന മനസ്സുറപ്പില്‍ കഴിഞ്ഞു. ഗസ്സയില്‍ തെക്കും വടക്കും പലായനം ചെയ്തതല്ലാതെ ഒഴിഞ്ഞു പോയതേയില്ല അവര്‍. നഖ്ബയുടെ നടുക്കുന്ന കാലത്ത് ഒഴിഞ്ഞു പോയവര്‍ക്കാര്‍ക്കും തിരിച്ചു വരാന്‍ സാധിച്ചിട്ടില്ലെന്ന ചരിത്രം പുതുതലമുറയും പഠിച്ചിട്ടുണ്ട്. ഗസ്സയില്‍ ഹമാസിനെ തകര്‍ത്താല്‍ ഭരണം ആരെ ഏല്‍പ്പിക്കുമെന്ന കാര്യത്തില്‍ പോലും ഏകാഭിപ്രായത്തിലെത്താന്‍ യുദ്ധ ക്യാബിനറ്റിന് സാധിച്ചിരുന്നില്ല. ചിലര്‍ പറഞ്ഞു, വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ അതോറിറ്റിയെ ഏല്‍പ്പിക്കാമെന്ന്. അറബ് രാജ്യങ്ങളുടെ കൂട്ടായ്മ ഭരിക്കട്ടെയെന്നായി മറ്റു ചിലര്‍. ഓസ്ലോ കരാറിന് മുമ്പുള്ളത് പോലെ നേരിട്ട് ഭരിക്കാമെന്നായിരുന്നു പിന്നെ ചിലരുടെ മനപ്പായസം. സാങ്കല്‍പ്പിക ചോദ്യത്തിന് പോലും ഉത്തരം പറയാനാകാത്ത ഗതികേടിന്റെ പേരാണ് നെതന്യാഹുവിന്റെ മന്ത്രിസഭ. ഹമാസ് ബന്ദിയാക്കിയ 12 പേരെ കുറിച്ചുള്ള ചോദ്യത്തിനും മറുപടിയുണ്ടായില്ല. ഒരു ബന്ദിയെപ്പോലും മോചിപ്പിക്കാന്‍ സാധിച്ചില്ല. ദി ടൈംസ് ഓഫ് ഇസ്റാഈലിന്റെ ഇന്നലത്തെ എഡിറ്റോറിയല്‍ തലക്കെട്ട്, ‘ഇസ്റാഈല്‍ ഈസ് നോ ക്ലോസര്‍ ടു ഇറ്റ്സ് ഗോ
ള്‍സ്’ എന്നാണ്.

ലബനാനിലേക്ക്?
തോറ്റുമടങ്ങുന്നതിന്റെ നാണം മറയ്ക്കാന്‍ ലബനാനിന് നേരെ തിരിയുമെന്നാണ് നെതന്യാഹു നല്‍കുന്ന സൂചന. ലബനാനിലേക്ക് പോകരുതെന്ന് യു എസും ജര്‍മനിയും പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മധ്യധരണ്യാഴിയില്‍ നിലയുറപ്പിച്ചെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഈയിടെ ഇസ്റാഈലിലെ ഹൈഫ തുറമുഖം വരെ മിസൈലുകള്‍ അയച്ച് വിറപ്പിച്ച ഹിസ്ബുല്ലയെ തകര്‍ക്കാനാണ് നെതന്യാഹുവിന്റെ പടപ്പുറപ്പാട്. ഹമാസല്ല, ഹിസ്ബുല്ലയെന്ന് ഇസ്റാഈല്‍ സൈന്യത്തിന് നന്നായറിയാം. അത് ഒരേസമയം ഒരു മത സംഘവും (ശിയാ), രാഷ്ട്രീയ കക്ഷിയും, സായുധ സംഘവുമാണ്. ലബനീസ് പാര്‍ലിമെന്റില്‍ എം പിമാരും സര്‍ക്കാറില്‍ മന്ത്രിമാരുമുണ്ട് അവര്‍ക്ക്. ഇറാന്റെ പ്രതിരോധ അച്ചുതണ്ടില്‍ പ്രധാന പങ്കുവഹിക്കുന്ന ഹിസ്ബുല്ലക്ക് ശിയാ രാഷ്ട്രീയത്തിന്റെ സമ്പൂര്‍ണ സംരക്ഷണമുണ്ട്. ഹമാസിനേക്കാള്‍ ആയുധ, ആള്‍ ബലവുമുണ്ട് ഇക്കൂട്ടര്‍ക്ക്. ഇസ്റാഈലുമായുള്ള പോരാട്ടത്തിന്റെ സുദീര്‍ഘ ചരിത്രവും ഇവര്‍ക്കുണ്ട്. ആ ചരിത്രം സയണിസ്റ്റ് വ്യാമോഹങ്ങള്‍ക്ക് നിരന്തരം തിരിച്ചടി നല്‍കിയതിന്റേതാണ്.

1982ല്‍ തുടങ്ങിയ ഒന്നാം ലബനീസ് യുദ്ധത്തില്‍ ഇസ്റാഈല്‍ സേന തോറ്റ് പിന്‍വാങ്ങുകയാണ് ചെയ്തത്. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും മറ്റ് സായുധ ഗ്രൂപ്പുകളും തെക്കന്‍ ലബനാനിലെ ഇസ്റാഈല്‍ അധിനിവേശത്തെ ശക്തമായി പ്രതിരോധിച്ചു. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് മേല്‍ മരണം വിതച്ച സാബ്റ, ശാതില കൂട്ടക്കൊല അവരെ തളര്‍ത്തുകയല്ല, ശക്തരാക്കുകയാണ് ചെയ്തത്. ക്രിസ്ത്യന്‍ ഭീകര സംഘങ്ങളും ഇസ്റാഈല്‍ ഡിഫന്‍സ് ഫോഴ്സും കൈകോര്‍ത്താണ് ഈ കൂട്ടക്കൊല നടത്തിയത്. മൂന്ന് വര്‍ഷം നീണ്ട രൂക്ഷ പോരാട്ടത്തിനൊടുവില്‍ 1985ല്‍ ഇസ്റാഈല്‍ സേന തോല്‍വി സമ്മതിച്ച് പിന്‍വാങ്ങി. എന്നിട്ടും അതിര്‍ത്തിയില്‍ സെക്യൂരിറ്റി സോണുണ്ടാക്കി കുറച്ച് സൈനികരെ ഇസ്റാഈല്‍ നിലനിര്‍ത്തി. അപ്പോഴേക്കും ശക്തിയാര്‍ജിച്ച് വന്ന ഹിസ്ബുല്ലയടക്കമുള്ള ശിയാ ഗറില്ലാ ഗ്രൂപ്പുകള്‍ ഇടക്കിടക്ക് ഈ സൈനികര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പൂക്കള്‍ വെച്ച ശവപ്പെട്ടികള്‍ ഇസ്റാഈലിലേക്ക് വന്നുകൊണ്ടേയിരുന്നു. അതോടെ അമ്മമാര്‍ തെരുവിലിറങ്ങി. ഞങ്ങളുടെ മക്കളെ കുരുതി കൊടുക്കുന്ന ഈ ഏര്‍പ്പാട് നിര്‍ത്തണമെന്ന് അവര്‍ ഭരണകൂടത്തോട് കേണു. 2,000ത്തില്‍ യഹൂദ് ബരാക് സമ്പൂര്‍ണ പിന്‍മാറ്റം നടപ്പാക്കി. അതായിരുന്നു ഇസ്റാഈല്‍ പരാജയത്തിന്റെ രണ്ടാമധ്യായം. ഇതിനിടക്ക് ഹിസ്ബുല്ല കൂടുതല്‍ ശക്തമാകുന്നുണ്ടായിരുന്നു. ഇടക്കിടക്ക് ഉരസിക്കൊണ്ടേയിരുന്നു. 2006 ജൂണില്‍ മറ്റൊരു യുദ്ധം കൂടിയുണ്ടായി. അതേ വര്‍ഷം ആഗസ്റ്റില്‍ യു എന്‍ രക്ഷാ സമിതി പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ വെടിനിര്‍ത്തല്‍. അന്ന് ഇരുകൂട്ടരും വിജയം അവകാശപ്പെട്ടെങ്കിലും ഇസ്റാഈല്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ തന്നെ അതിനെ ‘നഷ്ടപ്പെട്ട അവസര’മെന്നാണ് വിശേഷിപ്പിച്ചത്.

ചോര തന്നെ
ലബനാനുമായി അഥവാ ഹിസ്ബുല്ലയുമായി കൊമ്പുകോര്‍ക്കാന്‍ ഇസ്റാഈല്‍ ഇറങ്ങുമ്പോള്‍ മറ്റൊരു യുദ്ധവ്യാപനത്തിനാണ് കളമൊരുങ്ങുന്നത്. മനുഷ്യരുടെ ജീവന്‍ വെച്ചുള്ള കളിയാണിത്. ഇത്തവണ ലബനാന്റെ അയല്‍ രാജ്യമായ സൈപ്രസില്‍ നിന്നാകും ഇസ്റാഈല്‍ ആയുധങ്ങള്‍ പ്രയോഗിക്കുകയെന്ന് റിപോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ യൂറോപ്യന്‍ രാജ്യമായ സൈപ്രസിലേക്കും ഹിസ്ബുല്ലയുടെ ആക്രമണമുണ്ടാകും. അതോടെ യുദ്ധം മറ്റൊരു തലത്തിലേക്ക് നീങ്ങും. സ്വാഭാവികമായും ഇറാനുമിറങ്ങും. ഇതൊന്നും ജൂത രാഷ്ട്രത്തിന് പ്രശ്നമല്ല. അവര്‍ പിറവിയിലേ സൂക്ഷിക്കുന്ന അതിര്‍ത്തി വ്യാപന വ്യാമോഹങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കില്ല. ആ കിനാവില്‍ ഫലസ്തീനും സിറിയയും ലബനാനും ഇറാഖും ഇറാനും അറബ് രാജ്യങ്ങളുമെല്ലാമുണ്ട്. അതാണ് സയണിസ്റ്റ് സ്നേക്. വാല്‍ വായിലാക്കി വൃത്തം വരച്ച് നില്‍ക്കുന്ന സര്‍പ്പം. അതിനകത്ത് ഇപ്പറഞ്ഞ രാജ്യങ്ങളെല്ലാം. ഒരിക്കല്‍ കൂടി ലബനാനോട് മുട്ടാന്‍ പോകുന്ന നെതന്യാഹു ഈ സ്വപ്നത്തിലേക്കാണ് ഇസ്റാഈല്‍ ജനതയെ ആനയിക്കുന്നത്. അങ്ങനെയെങ്കിലും ആഭ്യന്തര പ്രതിഷേധം തണുപ്പിക്കാനാകുമോയെന്നാണ് നോക്കുന്നത്. അധികാരം സംരക്ഷിക്കാന്‍ യുദ്ധത്തോളം നല്ല മരുന്നില്ലല്ലോ.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest