Connect with us

From the print

പാലക്കാട്ടെ തോൽവി; ബി ജെ പിയിൽ കലാപം രൂക്ഷം

പാലക്കാട് മത്സരിച്ചത് കൃഷ്ണകുമാറാണെങ്കിലും ശരിക്കും തോറ്റത് സുരേന്ദ്രനാണെന്നാണ് പാർട്ടിയിലെ ചില നേതാക്കൾ പറയുന്നത്.

Published

|

Last Updated

പാലക്കാട് | എ ക്ലാസ്സ് മണ്ഡലമായ പാലക്കാട്ടെ അടിത്തറ ഇളക്കിയുള്ള തോൽവിയിൽ ബി ജെ പിക്കകത്ത് കലാപം രൂക്ഷമാകുന്നു. നിരവധി നേതാക്കൾ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്നാണ് ഇവർ പറയുന്നത്. ബി ജെ പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലുൾപ്പെടെ വൻതോതിലാണ് വോട്ട് ചോർച്ചയുണ്ടായത്. ആർ എസ് എസ്, സംഘ്പരിവാർ സംഘടനകൾ കൈമൈയ് മറന്ന് പ്രവർത്തിച്ചിട്ടും തിരിച്ചടിയുണ്ടാകാൻ കാരണം നേതാക്കൾക്കെതിരെ പ്രാദേശികതലത്തിൽ ഉയർന്ന വികാരമാണെന്നും ഈ നില തുടർന്നാൽ നഗരസഭാ ഭരണം ഉൾപ്പെടെ നഷ്ടപ്പെടുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

പാലക്കാട് മത്സരിച്ചത് കൃഷ്ണകുമാറാണെങ്കിലും ശരിക്കും തോറ്റത് സുരേന്ദ്രനാണെന്നാണ് പാർട്ടിയിലെ ചില നേതാക്കൾ പറയുന്നത്. മണ്ഡലത്തിൽ ക്യാമ്പ് ചെയത് സുരേന്ദ്രൻ മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളി. കഴിഞ്ഞ തവണത്തേക്കാൾ പതിനായിരം വോട്ടാണ് ബി ജെ പിക്ക് കുറഞ്ഞത്. സുരേന്ദ്രൻ വളരെ കുറച്ച് മാത്രം പോയ ചേലക്കരയിൽ പാർട്ടിക്ക് കൂടിയത് 9,000ത്തിലേറെ വോട്ടുകളാണ്.

സംഘടനാ സംവിധാനത്തിലെ പാളിച്ചയാണ് പാലക്കാട്ടെ കനത്ത തോൽവിക്ക് കാരണമെന്ന് വി മുരളീധരനെയും പി കെ കൃഷ്ണദാസിനെയും അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നു. ശോഭാ സുരേന്ദ്രനായിരുന്നെങ്കിൽ മറിച്ചായിരിക്കും ഫലമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെയും നിലപാട്. അതൃപ്തിയുള്ള ശോഭാ സുരേന്ദ്രന്റെ അടുത്ത നീക്കവും നിർണായകമാണ്. പാലക്കാട് തിരെഞ്ഞടുപ്പ് ഫലം സൂചന മാത്രമാണെന്നും നേതൃസംവിധാനത്തിൽ മാറ്റം വരാത്തപക്ഷം സംസ്ഥാനത്ത് ബി ജെ പിയുടെ നില വളരെ പരുങ്ങലിലാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. മണ്ഡലത്തിൽ യു ഡി എഫ് ശക്തമായ നിലയിലാണ് എന്നതും എൽ ഡി എഫ് തൊട്ടുപിന്നിലുണ്ടെന്നതും ബി ജെ പിക്ക് തലവേദനയായിട്ടുണ്ട്. സുരേന്ദ്രനിൽ അടിയുറച്ച് വിശ്വസിച്ച ആർ എസ് എസിനും കിട്ടിയത് കനത്ത തിരിച്ചടിയാണ്.
നേതാക്കൾ വേദിയിൽ മാത്രം ഇരിക്കാതെ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ ചോദിച്ച് മനസ്സിലാക്കണം. സ്ഥാനാർഥിയുടെ തലയിൽ മാത്രം പരാജയം കെട്ടിവെച്ചിട്ട് കാര്യമില്ലെന്നും ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. സാധാരണ പ്രവർത്തകരെ വേണ്ട രീതിയിൽ പരിഗണിക്കാതെ പാർട്ടി രക്ഷപ്പെടില്ല. സന്ദീപ് വാര്യർ പാർട്ടി വിടാൻ പാടില്ലായിരുന്നു. സന്ദീപിനെ പിടിച്ചുനിർത്താൻ നേതൃത്വം ശ്രമിക്കേണ്ടതായിരുന്നു. ആര് പോയാലും കുഴപ്പമില്ലെന്ന രീതി ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി ജെ പി ആരുടെയും സ്വത്തല്ലെന്ന് സംസ്ഥാന സമിതിയംഗം സി വി സജിനി അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് താത്പര്യമുള്ളവർ സംഘടനയുടെ മുഖമാകണമെന്നും അവർ പറഞ്ഞു.

മുതിർന്ന നേതാവ് എൻ ശിവരാജനും നേതൃത്വത്തിനെതിരെ രൂക്ഷ വിമർശം ഉയർത്തിയിരുന്നു. സംഘടനയുടെ അടിത്തറക്ക് യാതൊരു കുഴപ്പവുമില്ലെന്നും മേൽക്കൂര അഴിച്ച് പണിയണമെന്നുമാണ് അദ്ദേഹം തുറന്നടിച്ചത്. തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ അടിയന്തര കോർ കമ്മിറ്റി വിളിച്ച് കൂട്ടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ പാലക്കാട്ടെ തോൽവി പ്രധാന ചർച്ചയാകുമെന്നാണ് സൂചന.

---- facebook comment plugin here -----