Connect with us

Ongoing News

പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു; ഫൈനലില്‍ കിവീസിനെ നേരിടാന്‍ ഓസീസ്

Published

|

Last Updated

ദുബൈ | ടി 20 ലോകകപ്പില്‍ ആസ്‌ത്രേലിയ-ന്യൂസിലന്‍ഡ് പോരാട്ടം. രണ്ടാം സെമിയില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ആസ്‌ത്രേലിയ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറില്‍ പാക്കിസ്ഥാന്‍ നേടിയ 176 റണ്‍സ് അവസാന ഓവര്‍ ശേഷിക്കേ ഓസീസ് മറികടന്നു. ആദ്യം ഡേവിഡ് വാര്‍നര്‍-മിഷേല്‍ മാര്‍ഷ് സഖ്യവും പിന്നീട് മാര്‍കസ് സ്റ്റോയിനിസ്, മാത്യു വേഡ് കൂട്ടുകെട്ടും നടത്തിയ വെടിക്കെട്ടാണ് ആസ്‌ത്രേലിയക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. നവംബര്‍ 14 ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഓസീസും കിവീസും തമ്മില്‍ മാറ്റുരക്കും.

മത്സരം അന്തിമ ഘട്ടത്തിലേക്ക് കടക്കും വരെയും പാക്കിസ്ഥാനായിരുന്നു വിന്‍ പ്രെഡിക്ടറില്‍ ഏറെ മുന്നിട്ട് നിന്നത്. ഒരു സമയത്ത് അഞ്ചിന് 96 റണ്‍സെന്ന നിലയില്‍ ഓസീസ് തോല്‍വിയെ മുന്നില്‍ കണ്ടിരുന്നു. എന്നാല്‍, അവസാന ഓവറുകളില്‍ കത്തിക്കയറിയ മാത്യു വേഡും മാര്‍കസ് സ്‌റ്റോയിനിസും ചേര്‍ന്ന് പാക്കിസ്ഥാനില്‍ നിന്ന് വിജയം കൊത്തിയെടുക്കുകയായിരുന്നു. 81 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. 17 പന്തുകളില്‍ നാല് സിക്‌സും രണ്ടു ഫോറും ഉള്‍പ്പെടെ 41 റണ്‍സാണ് വേഡ് അടിച്ചെടുത്തത്. 30 പന്തില്‍ രണ്ട് സിക്‌സും രണ്ട് ഫോറുമടക്കം 40 ആയിരുന്നു സ്റ്റോയിനിസിന്റെ സംഭാവന. ഇരുവരും പുറത്താകാതെ നിന്നു. ഷഹീന്‍ ഷാ അഫ്രീദി എറിഞ്ഞ 19 ാം ഓവറില്‍ മൂന്ന് സിക്സറുകളാണ് വേഡ് പറത്തിയത്. ഓസീസ് ബാറ്റിംഗിന്റെ തുടക്കത്തില്‍ 30 പന്ത് മാത്രം നേരിട്ട് 49ല്‍ എത്തിയ ഡേവിഡ് വാര്‍നറും 22 പന്തില്‍ 28 റണ്‍സ് നേടിയ മിഷേല്‍ മാര്‍ഷുമാണ് വിജയക്കുതിപ്പിന്

നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഷതാബ് ഖാനാണ് പാക്കിസ്ഥാന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഷതാബ് സ്വന്തമാക്കിയത്. ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗ് തുടങ്ങിയ ഓസീസിന് മൂന്നാം പന്തില്‍ തന്നെ തിരിച്ചടിയേറ്റു. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ നായകന്‍ ആരോണ്‍ ഫിഞ്ച് (0) പവലിയനിലേക്ക് മടങ്ങി. എന്നാല്‍, പിന്നീട് ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ഒന്നിച്ചതോടെ സ്‌കോറിംഗ് വേഗത്തിലായി. എന്നാല്‍, 22 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 28 റണ്‍സെടുത്ത മാര്‍ഷിനെ മടക്കി ഷതാബ് ഖാന്‍ പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

തുടര്‍ന്ന് ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിന് അഞ്ചു റണ്‍സ് മാത്രമേ നേടാനായുള്ളൂ. എന്നാല്‍ 11-ാം ഓവറിലാണ് പാകിസ്താന് നിര്‍ണായകമായ വിക്കറ്റ് ലഭിക്കുന്നത്. 30 പന്തുകള്‍ നേരിട്ട് മൂന്ന് വീതം സിക്സും ഫോറുമടക്കം 49 റണ്‍സെടുത്ത വാര്‍ണര്‍ ഷതാബിന്റെ പന്തില്‍ വീണു. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച് നല്‍കിയാണ് വാര്‍നര്‍ മടങ്ങിയത്. പിന്നാലെ, കിടിലനടികള്‍ പുറത്തെടുത്ത ഗ്ലെന്‍ മാക്സ്വെല്ലിനെയും (ഏഴ്) ഷതാബ് വീഴ്ത്തി. പക്ഷെ, സ്റ്റോയ്നിസും വേഡും കഥ മാറ്റിയെഴുതുകയായിരുന്നു. തുടക്കത്തില്‍ ശ്രദ്ധയോടെ സ്‌കോര്‍ ചെയ്ത ഇരുവരും പിന്നീട് കത്തിക്കയറുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ആസ്േ്രതലിയ, പാക്കിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ക്യാപ്റ്റന്‍ ബാബര്‍ അസം എന്നിവരുടെ മികവുറ്റ ബാറ്റിംഗാണ് പാക്കിസ്ഥാനെ കിടയറ്റ ടോട്ടലിലെത്തിച്ചത്. 52 പന്തില്‍ നിന്ന് നാലു സിക്സും മൂന്ന് ഫോറുമടക്കം 67 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ടൂര്‍ണമെന്റില്‍ താരത്തിന്റെ മൂന്നാം അര്‍ധ ശതകമായിരുന്നു ഇത്. 32 പന്തുകള്‍ നേരിട്ട ഫഖര്‍ സമാന്‍ നാലു സിക്സും മൂന്ന് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്നു. സമാന്റെ ക്യാച്ച് സ്റ്റീവ് സ്മിത്ത് നഷ്ടപ്പെടുത്തിയത് മത്സര ഫലത്തില്‍ നിര്‍ണായകമായി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനായി ഓപ്പണര്‍മാരായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 10 ഓവറില്‍ ഇരുവരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 34 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 39 റണ്‍സെടുത്ത ബാബറിനെ മടക്കി ആദം സാംപയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.എന്നാല്‍, രണ്ടാം വിക്കറ്റില്‍ ഫഖര്‍ സമാനുമായി ചേര്‍ന്ന് റിസ്വാന്‍ സ്‌കോര്‍ ഉയര്‍ത്തി. 72 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. 18-ാം ഓവറില്‍ റിസ്വാനെ മടക്കി മിച്ചല്‍ സ്റ്റാര്‍ക്കാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ആസിഫ് അലിയെ (0) പാറ്റ് കമ്മിന്‍സ് മടക്കി. തുടര്‍ന്നെത്തിയ ഷുഐബ് മാലിക്കിനും (1) തിളങ്ങാനായില്ല. എന്നാല്‍ തുടക്കത്തിലെ മന്ദത അവസാനിപ്പിച്ച് അന്തിമ ഓവറുകളില്‍ തകര്‍ത്തടിച്ച സമാനാണ് പാകിസ്താനെ 176 ല്‍ എത്തിച്ചത്. ഓസീസിനായി സ്റ്റാര്‍ക്ക് രണ്ടും പാറ്റ് കമ്മിന്‍സ്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.