Ongoing News
വിന്‍ഡീസിനെ 44 റണ്‍സിന് തോല്‍പ്പിച്ചു; രണ്ടാം ഏകദിനവും പരമ്പരയും ഇന്ത്യക്ക്
അഹമ്മദാബാദ് | വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്്. രണ്ടാം ഏകദിനത്തില്‍ 44 റണ്‍സിന് വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടീം ഇന്ത്യയുടെ ഈ വര്‍ഷത്തെ ആദ്യ പരമ്പര ജയമാണിത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. മൂന്നാമത്തെ മത്സരം വെള്ളിയാഴ്ച നടക്കും.
ഇന്ത്യ മുന്നോട്ടുവച്ച 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റെടുത്ത ഷാര്‍ദുല്‍ ഠാക്കൂറും ചേര്‍ന്നാണ് വിന്‍ഡീസ് ബാറ്റിംഗ് നിരയെ വരിഞ്ഞുകെട്ടിയത്. മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 44 റണ്‍സെടുത്ത ഷെമാര്‍ ബ്രൂക്സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. അകീല്‍ ഹുസൈന്‍ 34, ഷായ് ഹോപ് 27, ഓഡിയന്‍ സ്മിത്ത് 24, ബ്രണ്ടന്‍ കിംഗ് 18 റണ്‍സെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ നായകന്‍ രോഹിത് ശര്‍മ (18)യെ നഷ്ടമായി. കെമര്‍ റോചിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപിന് ക്യാച്ച്. രോഹിതിനൊപ്പം ഓപ്പണറായെത്തിയ പന്തിനെ(18) 12 ാം ഓവറില്‍,ഒഡിയന്‍ സ്മിത്ത് ഹോള്‍ഡറിന്റെ കൈകളിലെത്തിച്ചു. 30 പന്തില്‍ 18 റണ്‍സെടുത്ത കോലിയുടെ ഊഴമായിരുന്നു അടുത്തത്. ഫോം കണ്ടെത്താന്‍ കഷ്ടപ്പെടുന്ന കോലി സ്മിത്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. മൂന്ന് വിക്കറ്റിന് 43 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. 83 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെ യാദവ് 64 റണ്‍സെടുത്തു. 48 പന്തുകള്‍ നേരിട്ട രാഹുല്‍ നാല് ബൗണ്ടറിയും രണ്ട് സിക്സും സഹിതം 49 റണ്‍സ് നേടി. 30ാം ഓവറില്‍ രാഹുല്‍ റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. സൂര്യകുമാറിനെ 39ാം ഓവറില്‍ ഫാബിയാന്‍ അലന്‍ മടക്കി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 90 റണ്‍സ് നിര്‍ണായകമായി.
41 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും 25 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത ദീപക് ഹൂഡയും ചേര്‍ന്നാണ് ഇന്ത്യയെ 200 കടത്തിയത്. ഷാര്‍ദുല്‍ താക്കൂര്‍ (എട്ട്), മുഹമ്മദ് സിറാജ് (മൂന്ന്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 11 റണ്‍സെടുത്ത യുസ്‌വേന്ദ്ര ചഹലും റണ്‍സെടുക്കാതെ പ്രസിദ്ധ്് കൃഷ്ണയും പുറത്താകാതെ നിന്നു. വിന്‍ഡീസിനായി അല്‍സാരി ജോസഫും ഒഡീന്‍ സ്മിത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യന്‍ നിരയില്‍ കെ എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷന് സ്ഥാനം നഷ്ടമായി.