Connect with us

National

മുഴുവന്‍ ശേഷിയും ഉപയോഗിച്ച് പ്രതിരോധിക്കുക; പ്രധാനമന്ത്രി കശ്മീരിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തു

പ്രധാനമന്ത്രി ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി സംസാരിക്കുകയും പ്രാദേശിക ഭരണകൂടം ഭീകരാക്രമണത്തിന് എതിരെ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കശ്മീരില്‍ കഴിഞ്ഞ നാലു ദിവസത്തിനിടെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഭ്യന്തരമന്ത്രി അമിത്ഷായുമായും സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായും പ്രധാനമന്ത്രി സംസാരിച്ചു.

മേഖലയില്‍  സായുധസേന നടത്തുന്ന തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് സമഗ്രമായ അവലോകനം നല്‍കി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സായുധസേനയുടെ ഭീകരവിരുദ്ധ ശേഷിയുടെ മുഴുവന്‍ സ്‌പെക്ട്രവും വിന്യസിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും പ്രധാനമന്ത്രി സംസാരിച്ചു. പ്രാദേശിക ഭരണകൂടം ഭീകരാക്രമണത്തിന് എതിരെ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി  ചോദിച്ചറിഞ്ഞതായാണ്  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ ദോഡയിലെ രണ്ടാമത്തെയും കേന്ദ്രഭരണപ്രദേശത്ത് നാലാമത്തെയും ആക്രമണമാണിത്. ജൂണ്‍ 9ന് റിയാസി ജില്ലയില്‍ ഒരു ബസില്‍ തീര്‍ഥാടകര്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം തെക്കന്‍ കത്വ മേഖലയിലും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.

മൂന്നോ നാലോ ഭീകരരടങ്ങുന്ന സംഘത്തെ ദോഡയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കണ്ടതായി സീനിയര്‍ പോലീസ് ഓഫീസര്‍ ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച രാത്രി ഭാദേര്‍വ-പത്താന്‍കോട്ട് റോഡില്‍ ചാറ്റര്‍ഗല്ലയുടെ മുകള്‍ ഭാഗത്തുള്ള ചെക്ക്പോസ്റ്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രാഷ്ട്രീയ റൈഫിള്‍സിലെ അഞ്ച് സൈനികര്‍ക്കും ഒരു പോലീസ് ഓഫീസര്‍ക്കും പരിക്കേറ്റിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് കത്വ ജില്ലയില്‍ സുരക്ഷാ സേന ഒരു പാകിസ്ഥാന്‍ ഭീകരനെ വധിച്ചിരുന്നു. രാത്രി ഏറെ നേരെ നീണ്ടുനിന്ന ഏറ്റുമുട്ടല്‍ ബുധനാഴ്ച രണ്ടാമത്തെ ഭീകരനെയും വധിച്ചതിനെ തുടര്‍ന്നാണ് അവസാനിച്ചത്.ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

 

Latest