wild animals issue
വന്യമൃഗങ്ങളുടെ കാടിറക്കവും ആക്രമണവും
വന്യജീവികളുടെ പ്രജനനം കുറക്കാൻ നടപടി സ്വീകരിച്ചതു കൊണ്ടു മാത്രമായില്ല. വനത്തിനുള്ളിലെ മൃഗങ്ങൾക്ക് ആവശ്യമായ വെള്ളവും വിഭവങ്ങളും ഉറപ്പ് വരുത്താനായുള്ള നടപടികൾ കൂടി സർക്കാർ സ്വീകരിക്കേണ്ടതുണ്ട്.
കടുവയുടെ ആക്രമണത്തെ തുടർന്ന് പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ് ദാരുണമായി മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് വയനാട് ഇപ്പോഴും മുക്തമായിട്ടില്ല. അതിനിടെ വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മണിയാർ പോലീസ് ക്വാർട്ടേഴ്‌സിന് സമീപമാണ് വെള്ളിയാഴ്ച കടുവയെത്തിയത്. മലയോര പ്രദേശങ്ങളിൽ മാത്രമല്ല, വനങ്ങളിൽ നിന്ന് ബഹുദൂരെ സ്ഥിതി ചെയ്യുന്ന മേഖലകളിൽ പോലും കടുവ, പുലി, കാട്ടുപന്നി തുടങ്ങിയ വന്യജീവികളെത്തി ഭീതി വിതക്കുകയും മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുകയും ചെയ്യുന്നത് പതിവു വാർത്തയായി മാറിക്കഴിഞ്ഞു. മട്ടന്നൂർ നഗരസഭയിലെ ശിവപുരത്തിനടുത്ത അയ്യല്ലൂരിൽ പുലി ഇറങ്ങിയതും ആറളം ഫാമിൽ കടുവ തമ്പടിച്ചതും അടുത്തിടെയാണ്. നടുറോഡിൽ വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു വാഹനയാത്രികർക്കും ഇവ പ്രയാസം സൃഷ്ടിക്കുന്നു. കേരളമിന്ന് വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയിലാണ്.
സംസ്ഥാനത്ത് കഴിഞ്ഞ വർഷം ആഗസ്റ്റ് വരെയുള്ള ആറ് വർഷക്കാലയളവിൽ വന്യജീവി ആക്രമണത്തിൽ 735 പേർ മരിച്ചതായാണ് വിവരാവകാശ രേഖ കാണിക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ പൊതുപ്രവർത്തകൻ രാജു വാഴക്കാലക്ക് വനം, വന്യജീവി വകുപ്പിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലേതാണ് ഈ കണക്ക്. ഇതിനിടെ കേരള വന ഗവേഷണ കേന്ദ്രം (കെ എഫ് ആർ ഐ) പ്രസിൻസിപ്പൽ സയന്റിസ്റ്റ് ടി വി രാജു പുറത്തുവിട്ട കണക്കു പ്രകാരം 2008 മുതൽ 2011 വരെയുള്ള 13 വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 1,423 വരും. 7,982 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വർഷം തിരിച്ചുള്ള കണക്കെടുത്താൽ ഓരോ വർഷം കഴിയുന്തോറും ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വന്യജീവികളുടെ ഇറക്കവും ആക്രമണവും മരണനിരക്കും വർധിച്ചു വരികയാണെന്നാണ് ബോധ്യമാകുന്നത്.
പുലി, കടുവ, ആന, കാട്ടുപന്നി, പാമ്പ് എന്നിവയാണ് മനുഷ്യർക്ക് കൂടുതൽ ഭീഷണി സൃഷ്ടിക്കുന്നത്. ജനവാസ മേഖലയിൽ വന്യജീവികളെത്തുന്നത് തടയാൻ വൈദ്യുത വേലി, കിടങ്ങ് നിർമാണം, സോളാർ ഫെൻസിംഗ്, ആനപ്രതിരോധ മതിൽ തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട് സർക്കാർ. ജനങ്ങളെ ജാഗ്രത്താക്കാൻ എസ് എം എസ് അലർട്ട് സിസ്റ്റം, കമ്മ്യൂണിറ്റി അലാറം തുടങ്ങിയവയമുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചു വന്യജീവികൾ പിന്നെയും കാടിറങ്ങുകയാണ്. എന്താണ് ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വന്യമൃഗങ്ങളുടെ ഇറക്കം വർധിക്കാൻ കാരണം? വനത്തിന് ഉൾക്കൊള്ളാനുള്ള ശേഷിയേക്കാളുപരി വന്യമൃഗങ്ങൾ വർധിച്ചതാണെന്നാണ് വനം മന്ത്രി എ കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടത്. വനാതിർത്തി പൂർവോപരി വർധിച്ചിട്ടുണ്ടെങ്കിലും ഇതോടൊപ്പം വനാതിർത്തിക്കുള്ളിൽ വനമല്ലാത്ത സ്ഥലങ്ങളുടെ എണ്ണവും പരിധിയും വർധിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ ഇറക്കവും ആക്രമണവും തടയാൻ വനം ഉദ്യോഗസ്ഥർ ആത്മാർഥമായി ശ്രമിക്കുന്നുണ്ടെങ്കിലും അവ ഫലപ്രാപ്തിയിൽ എത്താത്ത സാഹചര്യമാണുള്ളത്. വന്യമൃഗങ്ങളുടെ ജനന നിയന്ത്രണ നടപടികൾ തടഞ്ഞുകൊണ്ടുള്ള 2013ലെ ഉത്തവ് ദുർബലപ്പെടുത്താനായി കേരളം താമസിയാതെ സുപ്രീം കോടതിയിൽ ഹരജി നൽകുമെന്നും മന്ത്രി അറിയിച്ചു. വനത്തിൽ ഉൾക്കൊള്ളാനാകുന്ന മൃഗങ്ങളുടെ പരിധി, അവക്ക് വേണ്ടത്ര ഭക്ഷണവും വെള്ളവും ലഭ്യമാണോ തുടങ്ങിയവയെക്കുറിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ, മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും.
വന്യമൃഗങ്ങളുടെ പെരുപ്പം മാത്രമല്ല, വനത്തിനുള്ളിലെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനം, നഗരവത്കരണത്തിന്റെ ഭാഗമായി വനമേഖലയിലെ നിർമാണ പ്രവർത്തനങ്ങളിലുണ്ടായ വർധനവ്, വനമേഖലയിലെ വിനോദ സഞ്ചാര പദ്ധതികൾ, കാട്ടുതീ, വനത്തിനുള്ളിൽ ഭക്ഷ്യവസ്തുക്കളുടെ കുറവ്, വനസാമീപ്യ മേഖലകളിൽ ഭക്ഷണമാലിന്യം തള്ളുന്ന പ്രവണത, വനം വകുപ്പിൽ ഉദ്യോഗസ്ഥരുടെയും സംവിധാനങ്ങളുടെയും കുറവ് തുടങ്ങി മറ്റു വിവിധ കാരണങ്ങളുമുണ്ടെന്നാണ് ജൈവവൈവിധ്യ ബോർഡ് വൃത്തങ്ങളുടെ അഭിപ്രായം. താപനിലയിൽ അടുത്ത കാലത്തായി അനുഭവപ്പെടുന്ന ക്രമാതീത വർധന വനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ജലദൗർലഭ്യം, കാട്ടുവിഭവങ്ങളുടെ കുറവ്, മരങ്ങളിലും ചെടികളിലും ഇല കൊഴിച്ചിൽ തുടങ്ങി ഇതിന്റെ പ്രത്യാഘാതങ്ങൾ നിരവധിയാണ്. വന്യമൃഗങ്ങൾ കുടിവെള്ളത്തിനും നീരാട്ടിനുമായി ആശ്രയിക്കുന്ന വനാതിർത്തികളിലും വനത്തിലുമുള്ള ചെറുതും വലുതുമായ പ്രകൃതിദത്ത തോടുകളും നീരുറവകളും വറ്റിവരളുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇടക്കിടെയുണ്ടായ കാട്ടുതീ സംസ്ഥാനത്തെ 18,170 ഹെക്ടർ വനപ്രദേശത്ത് നാശം വിതച്ചതായാണ് വനം വകുപ്പിന്റെ കണക്ക്. ഇതൊക്കെ കാരണമായി മരുഭൂമി പോലെ വരണ്ടു പോകുന്ന കാട്ടിൽ നിന്ന് മരുപ്പച്ച തേടി മൃഗങ്ങൾ നാടുകളിലേക്ക് ഇറങ്ങാൻ നിർബന്ധിതമാകുകയാണ്.
വന്യജീവികളുടെ പ്രജനനം കുറക്കാൻ നടപടി സ്വീകരിച്ചതു കൊണ്ടു മാത്രമായില്ല. വനത്തിനുള്ളിലെ മൃഗങ്ങൾക്ക് ആവശ്യമായ വെള്ളവും വിഭവങ്ങളും ഉറപ്പ് വരുത്താനാവശ്യമായ നടപടികൾ കൂടി സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. ഭൂമിയിലെ വിഭവങ്ങൾ മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന കാര്യം അധികാര കേന്ദ്രങ്ങൾ മറക്കരുത്. വന്യജീവികളുടെ അനിയന്ത്രിതമായ വർധന തടയാൻ അമേരിക്ക, ബ്രിട്ടൻ, ആസ്ത്രേലിയ, ആഫിക്കൻ രാജ്യങ്ങൾ തുടങ്ങി ലോകരാഷ്ട്രങ്ങൾ കാട്ടുമൃഗങ്ങളുടെ ദയാവധം നടപ്പാക്കി വരുന്നുണ്ട്. ആസ്ത്രേലിയ കംഗാരുക്കളുടെ എണ്ണം നിയന്തിക്കുന്നതിനും ആഫ്രിക്കൻ രാജ്യങ്ങൾ ആനകളുടെ വംശവർധന തടയുന്നതിനുമാണ് ഇത് നടപ്പാക്കുന്നത്. ഇന്ത്യയിലും ഇത് നടപ്പാക്കുന്ന കാര്യം കേന്ദ്ര സർക്കാറിന്റെ പരിഗണനയിലുണ്ടെന്നാണ് റിപോർട്ട്. വന്യമൃഗ ആക്രമണത്തിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെങ്കിലും അതിനായി മൃഗങ്ങളെ കൊന്നൊടുക്കുന്നതിന്റെ ധാർമികത വിലയിരുത്തപ്പെടേണ്ടതുണ്ട്.