Kerala
സുഗന്ധഗിരി വനംകൊള്ള; ഡിഎഫ്ഒ സജ്‌നക്ക് സ്ഥലം മാറ്റം
നേരത്തെ സജ്നയെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് മരവിപ്പിച്ചിരുന്നു
തിരുവനന്തപുരം | സുഗന്ധഗിരി വനംകൊള്ളയുമായി ബന്ധപ്പെട്ട് ഡിഎഫ്ഒ സജ്നയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് ആയാണ് സ്ഥലം മാറ്റം .ഡിഎഫ്ഒക്ക് കൃത്യനിര്‍വ്വഹണത്തില്‍ ഗുരുതര വീഴ്ചയുണ്ടായി എന്ന് ഉത്തരവില്‍ പറയുന്നു. അനധികൃത മരം മുറി കണ്ടെത്താന്‍ സാധിച്ചില്ലെന്നും തടി കടത്തിക്കൊണ്ട് പോകാന്‍ സാഹചര്യം ഉണ്ടായി എന്നും ഉത്തരവിലുണ്ട്. നേരത്തെ സജ്നയെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് മരവിപ്പിച്ചിരുന്നു. അതിലെ തുടര്‍ നടപടി ആണ് സ്ഥലം മാറ്റം.
നടപടിക്രമങ്ങളിലെ പാളിച്ചയെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ മരവിപ്പിച്ചതെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശിധരന്‍ പിന്നീട് വിശദീകരിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിഎഫ്ഒയോട് വിശദീകരണം തേടണമെന്ന് ശിപാര്‍ശയുണ്ടായിരുന്നു. എന്നാല്‍ വിശദീകരണം തേടാതെയാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.
സസ്‌പെന്‍ഷന്‍ നടപടി കോടതിയിലോ ട്രിബ്യൂണലിലോ ചോദ്യം ചെയ്താല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന സാധ്യതയുണ്ടെന്ന് വിലയിരുത്തതിലിലാണ് സസ്പെന്‍ഷന്‍ മരവിപ്പിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു. ഡിഎഫ്ഒ എം ഷജ്ന കരീം, ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവരെയായിരുന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നത്