Connect with us

From the print

ഹജ്ജിന് പോകുന്നവര്‍ക്ക് ഡീ ഹൈഡ്രേഷന്‍ കിറ്റുകള്‍ നല്‍കും

വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഇന്നലെ ഹജ്ജ് മന്ത്രി വി അബ്ദുര്‍റഹ്മാന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഹജ്ജ് സ്റ്റേറ്റ് ഏജന്‍സി യോഗത്തിലാണ് തീരുമാനം.

Published

|

Last Updated

മന്ത്രി വി അബ്ദുര്‍റഹ്മാന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഹജ്ജ് സ്റ്റേറ്റ് ഏജന്‍സി യോഗം

കോഴിക്കോട് | ഹജ്ജ് വേളയില്‍ സഊദിയിലെ കടുത്ത ചൂട് പരിഗണിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്നവര്‍ക്ക് ഡീ ഹൈഡ്രേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യും. വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഇന്നലെ ഹജ്ജ് മന്ത്രി വി അബ്ദുര്‍റഹ്മാന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഹജ്ജ് സ്റ്റേറ്റ് ഏജന്‍സി യോഗത്തിലാണ് തീരുമാനം.

ഹജ്ജ് വേളയില്‍ സഊദിയില്‍ ചൂട് വലിയതോതില്‍ ഉയരുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡീ ഹൈഡ്രേഷന്‍ കിറ്റ് കരിപ്പൂര്‍, നെടുമ്പാശ്ശേരി, കണ്ണൂര്‍ ഹജ്ജ് ക്യാമ്പുകളില്‍ ലഭ്യമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

സംസം വെള്ളം പരാതികളില്ലാതെ എത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ എയര്‍ലൈന്‍സ് അധികൃതരോട് ആവശ്യപ്പെട്ടു. ഹജ്ജ് കഴിഞ്ഞ് ഹാജിമാര്‍ എത്തുന്ന സമയത്ത് തന്നെ സംസം വെള്ളം ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. ഹാജിമാര്‍ക്ക് സഊദിയില്‍ ലഭ്യമാകുന്ന തരത്തില്‍ റോമിംഗ് സൗകര്യമുള്ള മൊബൈല്‍ കണക്ഷനുകള്‍ നല്‍കും. ഇതിനായി ഹജ്ജ് ക്യാമ്പുകളില്‍ പ്രത്യേക കൗണ്ടറുകളിടാന്‍ ബി എസ് എന്‍ എല്ലിന് നിര്‍ദേശം നല്‍കി. ഹജ്ജ് ക്യാമ്പുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ ഗുണനിലവാരമുള്ളതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉറപ്പുവരുത്തും. ക്യാമ്പുകള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ക്യാമ്പിന്റെ ഭാഗത്തേക്കുള്ള റോഡുകള്‍ അറ്റകുറ്റപ്പണി നടത്തും. ക്യാമ്പിന്റെ പരിസരത്തെ ഗതാഗത ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ പോലീസ് നിയന്ത്രിക്കും.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അബ്ദുന്നാസര്‍, മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്, എറണാകുളം എ ഡി എം, കണ്ണൂര്‍ എ ഡി എം, ഹജ്ജ് അസ്സി. സെക്രട്ടറി ജാഫര്‍ കക്കൂത്ത് തുടങ്ങിയവരും വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

 

Latest