Connect with us

International

സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അറിയിപ്പ് നല്‍കാന്‍ വൈകി; ഹജ്ജ് യാത്രാ പ്രതിസന്ധിക്ക് പിന്നില്‍ ഇന്ത്യൻ ഹജ്ജ് മിഷൻ്റെ വീഴ്ച

സഊദി നല്‍കിയ അവസാന തീയതി ഫെബ്രുവരി14; അവസാന പണം അടക്കാന്‍ കേന്ദ്രം നോട്ടീസ് നല്‍കിയത് നുസ്‌ക് പോര്‍ട്ടല്‍ അടച്ച ശേഷം

Published

|

Last Updated

ദമാം | ഹജ്ജ് യാത്ര മുടങ്ങാന്‍ കാരണം സ്വകാര്യ ഓപറേറ്റര്‍മാരുടെ വീഴ്ചയാണെന്ന് കേന്ദ്ര സര്‍ക്കാറും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാരും പരസ്പരം കുറ്റപ്പെടുത്തുന്നതിനിടെ അരലക്ഷത്തോളം വരുന്ന ഹാജിമാരുടെ യാത്ര പ്രതിസന്ധിയിലായതിന് പിന്നില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്റെയും ഹജ്ജ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെയും വീഴ്ചയാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയില്‍ നിന്നും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി ബുക്കിംഗ് പൂര്‍ത്തിയാക്കിത് വിവിധ ഹജ്ജ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട രണ്ടായിരത്തോളം അപേക്ഷകര്‍ ഉള്‍ക്കൊള്ളുന്ന കമ്പൈന്‍ഡ് ഹജ്ജ് ഗ്രൂപ്പ് ഓര്‍ഗനൈസേഷന്‍ (സി എച്ച് ജി ഒ) മുഖേനയായിരുന്നു. നിലവില്‍ രാജ്യത്ത് 26 സി എച്ച് ജി ഒകളാണ് പ്രവര്‍ത്തിച്ച് വരുന്നത്. കേരളത്തിലെ ഹജ്ജ് അപേക്ഷകള്‍ മൂന്ന് കമ്പൈന്‍ഡ് ഹജ്ജ് ഗ്രൂപ്് ഓര്‍ഗനൈസേഷന്‍ വഴിയാണ് അപേക്ഷകള്‍ പൂര്‍ത്തീകരിച്ചത്.

ഹജ്ജ് 2025-രജിസ്‌ട്രേഷനായി കമ്പൈന്‍ഡ് ഹജ്ജ് ഗ്രൂപ് ഓര്‍ഗനൈസേഷനുകള്‍ അടിയന്തര പണമിടപാടുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷകാര്യ മന്ത്രാലയം (ഹജ്ജ് ഡിവിഷന്‍) അറിയിപ്പ് മാര്‍ച്ച് 13നാണ് പുറത്തിറക്കിയയത്. അറിയിപ്പില്‍ മക്കയിലും മദീനയിലും ഭവന കരാറുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതിയും ഇ- ഹജ്ജ്/ നുസുക് പോര്‍ട്ടലിലെ ഗതാഗത കരാറുകല്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി 2025 മാര്‍ച്ച് 25 ആണെന്നും എല്ലാ പണമിടപാടുകളും 2025 മാര്‍ച്ച് 12നകം തീര്‍പ്പാക്കണമെന്നുമാണ്് ഉണ്ടായത്. അതായത് ഒരുദിവസം കഴിഞ്ഞാണ് അറിയിപ്പ് ഹജ്ജ് കമ്പനികള്‍ക്ക് നല്‍കിയത്.

ഇന്ത്യയുടെ ഭാഗത്ത് നിന്ന് കാലതാമസം വന്നതോടെ മിനയിലെ ടെന്റുകള്‍ ഒന്നും രണ്ടും സോണുകള്‍ റദ്ദാക്കിയെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ഹജ്ജ് മന്ത്രാലയത്തെ അറിയിച്ചിരുന്നു. അടിയന്തരമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മറ്റ് സോണുകളും റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ എല്ലാ സേവന ക്രമീകരണങ്ങളും അന്തിമമാക്കുന്നതിന് സഊദി ഹജ്ജ് മന്ത്രാലയം നല്‍കിയ അവസാന തീയതി ഫെബ്രുവരി 14 ആയിരുന്നെന്നും തുടര്‍ന്ന് നുസുക് പോര്‍ട്ടല്‍ ഈ തീയതിക്ക് ശേഷം അടച്ചുപൂട്ടിയെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. സഊദിയിലെ ഇന്ത്യന്‍ ഹജ്ജ് മിഷനും ഇന്ത്യന്‍ ന്യൂനപക്ഷകാര്യ മന്ത്രാലയവും (ഹജ്ജ് ഡിവിഷന്‍) വിഷയത്തില്‍ കാലതാമസം വരുത്തിയതോടെ സഊദി അറേബ്യ പുതുതായി 10,000 ഹജ്ജ് ക്വാട്ട പാകിസ്ഥാന് അനുവദിച്ചു.

വിഷയത്തില്‍ നയതന്ത്ര ഇടപെടല്‍ മാത്രമാണ് പ്രശ്നത്തിനുള്ള ഏക പോംവഴി. ശാശ്വത പരിഹാരം, ആവശ്യപ്പെട്ട് ജമ്മു കശ്മീരിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയതോടെ സ്വകാര്യ ഗ്രൂപ്പുകളിലെ 52,000 ഹജ്ജ് അപേക്ഷകരില്‍ പതിനായിരം പേര്‍ക്ക് മാത്രമാണ് ഇതുവരെ അനുമതി ലഭിച്ചത്.

 

 

സിറാജ് പ്രതിനിധി, ദമാം

Latest