Connect with us

vadakara

വടകരയിലെ പോളിങ്ങ് വൈകല്‍; യു ഡി എഫ് ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സി പി എം അട്ടിമറി നടത്താന്‍ ശ്രമിച്ചു എന്നാണ് യു ഡി ഫ് ആക്ഷേപം

Published

|

Last Updated

കോഴിക്കോട് | വടകരയില്‍ പോളിങ്ങ് രാത്രി വൈകിയും നീണ്ടതില്‍ യു ഡി എഫ് ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. യു ഡി എഫ് അനുകൂല ബൂത്തുകളില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സി പി എം ബോധപൂര്‍വം അട്ടിമറി നടത്താന്‍ ശ്രമിച്ചു എന്നാണ് യു ഡി ഫ് പരാതി.

വൈകീട്ട് വോട്ടര്‍മാര്‍ കൂട്ടത്തോടെ എത്തിയതാണ് പോളിങ് നീളാന്‍ കാരണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം. പരാതി കിട്ടിയാല്‍ പരിശോധിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ സഞ്ജയ് കൗള്‍ അറിയിച്ചിട്ടുണ്ട്.

വടകരയില്‍ പോളിങ് നീണ്ടുപോയതും പോളിങ് കുറഞ്ഞതും സി പി എമ്മിന്റെ അട്ടിമറിയാണെന്നാണ് യു ഡി എഫ് ആരോപണം. അതേസമയം വടകരയില്‍ മാത്രമല്ല പലയിടങ്ങളിലും പോളിങ് വൈകിയെന്നും യു ഡി എഫിന് പരാജയഭീതിയാണെന്നുമായിരുന്നു വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയുടെ പ്രതികരണം.

ഷാഫിയുടെ റോഡ് ഷോകളില്‍ ഒഴുകിയെത്തിയ യുവ വോട്ടര്‍ മാര്‍ ഷാഫിയുടെ വിജയം ഉറപ്പിക്കുമെന്നാണ് യു ഡി എഫ് കരുതുന്നത്. കെ കെ ശൈലജയെ ടീച്ചറമ്മയായി അവതരിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്നും യു ഡി എഫ് കരുതുന്നു.

എന്നാല്‍ ടീച്ചര്‍ക്ക് കേരളീയ സമൂഹത്തിലുള്ള പ്രതിച്ഛായ വടകരമണ്ഡലത്തില്‍ നിറഞ്ഞു നിന്നതായും വടകരയെ തിരിച്ചു പിടിക്കാന്‍ ടീച്ചര്‍ക്കു കഴിയുമെന്നും എല്‍ ഡി എഫും കരുതുന്നു. വടകരയിലെ ജയ പരാജയം ആര്‍ എം പി ഐക്ക് നിര്‍ണായകമാണ്. ആര്‍ എം പി ഐയാണ് വടകരയില്‍ യു ഡി എഫിന്റെ വിജയം ഉറപ്പിക്കുന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മണ്ഡലം യു ഡി എഫിനു നഷ്ടപ്പെട്ടാല്‍ അത് വലിയ തിരിച്ചടിയാവുക ആര്‍ എം പി ഐയുടെ അസ്ഥിത്വത്തിനായിരിക്കും.

 

Latest