National
ഡല്‍ഹിയിലെ വായുഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുന്നു
സ്‌കൂളുകളും കോളേജുകളും ഇന്ന് തുറന്നു.
ന്യൂഡല്‍ഹി| ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തന്നെ തുടരുന്നു. രാവിലെ എട്ട് മണിയോടെ, ആര്‍കെ പുരത്ത് 346, ന്യൂ മോട്ടി ബാഗില്‍ 342, ഐജിഐ എയര്‍പോര്‍ട്ട് ഏരിയയില്‍ 318, ആനന്ദ് വിഹാര്‍ ഏരിയയില്‍ 364, നെഹ്റു നഗറില്‍ 383 എന്നിങ്ങനെയാണ് പ്രദേശങ്ങളില്‍ എക്യുഐ രേഖപ്പെടുത്തി. എക്യുഐ മെച്ചപ്പെട്ടതിനാല്‍ ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും ഇന്ന് മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ഡല്‍ഹിയിലെ 24 മണിക്കൂര്‍ ശരാശരി എക്യുഐ, ഞായറാഴ്ച 301, ശനിയാഴ്ച 319, വെള്ളിയാഴ്ച 405 എന്നിങ്ങനെയാണ്. ഡല്‍ഹിയിലെ താപനിലയും കുറഞ്ഞതായാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗ്രാപ്പ് നാലിന് കീഴിലുള്ള നിയന്ത്രണങ്ങള്‍ ശനിയാഴ്ച നീക്കം ചെയ്തിരുന്നു.
ഖനനം, ഡീസല്‍ ജനറേറ്ററുകള്‍ എന്നിവയുടെ നിരോധനം ഉള്‍പ്പെടെയുള്ളവയുടെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മലിനീകരണ നിയന്ത്രണ ബോഡി അറിയിച്ചു. പൂജ്യത്തിനും 50നും ഇടയിലാണെങ്കില്‍ വായു നിലവാര സൂചിക ‘മികച്ചത്’ എന്നാണ് കണക്കാക്കുക. 51നും 100നും ഇടയിലാണെങ്കില്‍ ‘തൃപ്തികരം’, 101നും 200നും ഇടയില്‍ ‘ ഇടത്തരം’, 201നും 300നും ഇടയില്‍ ‘മോശം’, 301നും 400നും ഇടയില്‍ ‘വളരെ മോശം’, 401നും 500നുമിടയില്‍ ‘ഗുരുതരം’ എന്നിങ്ങനെയാണ് കണക്കാക്കുക.