National
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം
ശനിയാഴ്ച തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
ന്യൂഡല്‍ഹി| ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് നാളെ. സംസ്ഥാനത്തെ 70 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഇന്ന് നിശബ്ദ പ്രചാരണം നടക്കും. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്ന ഡല്‍ഹിയില്‍ ഇത്തവണ ആരെ തുണക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. ശനിയാഴ്ച തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
ഭരണ തുടര്‍ച്ചക്ക് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുമ്പോള്‍, അട്ടിമറിയിലൂടെ ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ബിജെപിയും. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പ്രചാരണത്തിനെത്തിയപ്പോള്‍ കോണ്‍ഗ്രസ് പാളയത്തെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ നയിച്ചു.
ഡല്‍ഹി സര്‍ക്കാര്‍ നഗരത്തിലുനീളമുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തിരഞ്ഞെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും വോട്ടെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പോളിങ് ദിവസം പുലര്‍ച്ചെ 4 ന് ഡല്‍ഹി മെട്രോ സര്‍വീസുകള്‍ ആരംഭിക്കും. രാവിലെ 6 വരെ അരമണിക്കൂര്‍ ഇടവിട്ട് മെട്രോ ട്രെയിനുകള്‍ ഉണ്ടാകും. അതിനുശേഷം പതിവ് ഷെഡ്യൂളുകള്‍ പുനരാരംഭിക്കും. പുലര്‍ച്ചെ 4 മണി മുതല്‍ 35 റൂട്ടുകളില്‍ അധിക ബസ് സര്‍വീസുകള്‍ നടത്തുമെന്ന് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്.