Connect with us

delhi chalo march

ഡല്‍ഹി ചലോ: കൂടുതല്‍ കര്‍ഷകരെ എത്തിച്ചു പ്രക്ഷോഭം കടുപ്പിക്കുന്നു; താല്‍ക്കാലികമായി സമരം നിര്‍ത്തി തന്ത്രം മെനയുന്നു

അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൂടുതല്‍ കര്‍ഷകരെ അണിനിരത്തി പ്രക്ഷോഭം രൂക്ഷമാക്കുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരം താല്‍ക്കാലികമായി നിര്‍ത്തി. പോലസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ശുഭ്കരണ്‍ സിങ്ങിന് നീതി ഉറപ്പാക്കുക എന്ന മുദ്രാവാക്യം കൂടി ഉയര്‍ത്തി പ്രക്ഷോഭം കടുപ്പിക്കാനാണു തീരുമാനമെന്നു നേതാക്കള്‍ പറഞ്ഞു. ഹരിയാന ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

മുഖ്യമന്ത്രിയുടെ ഒരു കോടി രൂപ സഹായധന വാഗ്ദാനം കര്‍ഷക നേതാക്കളും കുടുംബവും നിഷേധിച്ചു. കൊലപാതക കുറ്റം ചുമത്തി ഹരിയാന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. നടപടികള്‍ തുടങ്ങാതെ യുവ കര്‍ഷകന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ബുധനാഴ്ച ഖനൗരിയില്‍ പോലീസ് വെടിവയ്പ്പില്‍ മരിച്ച യുവ കര്‍ഷകന്‍ ശുഭ കരന്‍ സിംഗിന്റെ മൃതദേഹം നിലവില്‍ പട്യാല ആശുപത്രിയില്‍ ആണുള്ളത്. ബട്ടിന്‍ഡ സ്വദേശി ദര്‍ശന്‍ സിംഗ് സമരത്തിനിടെ ഇന്ന് അതിര്‍ത്തിയില്‍ മരിച്ചതോടെ ചലോ ഡല്‍ഹി മാര്‍ച്ചില്‍ മരിച്ച സമരക്കാരുടെ എണ്ണം അഞ്ചായി എന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.

അതിര്‍ത്തിയില്‍ സമരം ശക്തമാക്കുന്നതിനായി കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തിയിലേക്ക് എത്തിക്കും. ശുഭ് കരണ്‍ സിംഗിന് നീതി ഉറപ്പാക്കുക എന്ന ആവശ്യവും ശക്തമായി ഉന്നയിക്കും. ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എഫ് ഐ ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഹരിയാനയിലും കര്‍ഷക സമരം ശക്തമാകുന്നു. ഹിസാറിലെ കേരി ചോപ്ടയില്‍ നിന്ന് ഖനൗരി അതിര്‍ത്തിയിലേക്കുള്ള കര്‍ഷകരുടെ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. പ്രാദേശിക കര്‍ഷക സംഘടനകളാണ് സമരം ചെയ്തത്. ഇവര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കര്‍ഷക നേതാക്കളില്‍ ചിലരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സമരത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാന നിയമസഭയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകര്‍ക്ക് വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2024 മെയ് മാസത്തിനുള്ളില്‍ വായ്പ അടച്ച് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വായ്പ പലിശയിളവിനൊപ്പം പിഴയിളവും നല്‍കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. 14 വിളകള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഖനൗരി അതിര്‍ത്തിയിലെ പോലീസിന്റെയും കേന്ദ്രസേനയുടെയും നടപടിയില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നു ഇന്നലെ മരിച്ച ദര്‍ശന്‍ സിംഗ് എന്നും അര്‍ധ രാത്രി മരിച്ചുവെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഖനൗരി അതിര്‍ത്തിയില്‍ മൂന്നും ശംഭു അതിര്‍ത്തിയില്‍ രണ്ടും വീതം കര്‍ഷകരാണ് ഇതുവരെ മരിച്ചത്.

Latest