Connect with us

delhi chalo march

ഡല്‍ഹി ചലോ: കര്‍ഷകരുമായി ചര്‍ച്ച ഇന്നു വൈകീട്ട്

അതുവരെ കര്‍ഷകര്‍ സമാധാനപരമായി തുടരും; ബാരിക്കേഡുകള്‍ മറികടക്കില്ല

Published

|

Last Updated

ചണ്ഡീഗഢ് | ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. അതുവരെ കര്‍ഷകര്‍ സമാധാനപരമായി തലസ്ഥാനത്തു തുടരുമെന്നും ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമം നടത്തില്ലെന്നും കര്‍ഷക സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

കര്‍ഷകസമരം പരിഹരിക്കാനായി ഇന്ന് നടത്താനിരുന്ന ഓണ്‍ലൈന്‍ ചര്‍ച്ച മാറ്റിയിരുന്നു. ചര്‍ച്ച നാളെ വൈകിട്ട് ചണ്ഡീഗഡില്‍ നടക്കും. കര്‍ഷക നേതാക്കളും കേന്ദ്രമന്ത്രിയുമായാണ് ചര്‍ച്ച നടക്കുക. കൃത്യമായ സമയം ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഉച്ചയ്ക്ക് ശേഷമായിരിക്കും കൂടിക്കാഴ്ച നടത്തുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് രാജ്യതലസ്ഥാനം ലക്ഷ്യമിട്ട് മാര്‍ച്ച് നടത്തുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില സംബന്ധിച്ച നിയമം, വായ്പ എഴുതിത്തള്ളല്‍ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഈ ‘ഡല്‍ഹി ചലോ’ പ്രക്ഷോഭം.

പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കടുത്ത പ്രതിഷേധമാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്. കര്‍ഷകര്‍ക്കെതിരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു. ഡ്രോണുകള്‍ വഴി കണ്ണീര്‍ വാതകം പ്രയോഗിച്ച പോലീസിനെതിരെ പട്ടം പറത്തിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളായി കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട, കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, നിത്യാനന്ദ റായ് എന്നിവര്‍ കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. രണ്ടുദിവസമായി തലസ്ഥാനത്തേക്കു നടത്തുന്ന കര്‍ഷക മാര്‍ച്ച് തടയാന്‍ പോലീസ് പഞ്ചാബ് – ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ വ്യാപകമായി കണ്ണീര്‍ വാതകം പ്രയോഗിച്ചു. പരിക്കേറ്റ കര്‍ഷകനെ ആശുപത്രിയിലേക്ക് മാറ്റി. ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പോകാന്‍ ശംഭു അതിര്‍ത്തിയില്‍ ട്രാക്ടറുകളില്‍ തമ്പടിച്ചിരിക്കുകയാണ്.

അതിര്‍ത്തിയില്‍ അര്‍ധസൈനികവിഭാഗവും പോലീസും ബാരിക്കേഡുകള്‍  വിന്യസിച്ചിട്ടുണ്ട്. കര്‍ഷകരെ ഒരുവിധത്തിലും ഡല്‍ഹിയിലേക്ക് കടത്തിവിടില്ലെന്നാണ് പോലീസ് നിലപാട്. കണ്ണീര്‍വാതകപ്രയോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നനഞ്ഞ തുണികളും മുഖാവരണങ്ങളുമടക്കം കര്‍ഷകര്‍ ഉപയോഗിക്കുന്നുണ്ട്. മാര്‍ച്ചിനെ നേരിടാന്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ റോഡില്‍ അള്ളുകളും ഉപയോഗിക്കുന്നു.

ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ ഉഗ്രശബ്ദത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌ഫോടക സാമഗ്രികളും ഉപയോഗിക്കുന്നുണ്ട്. പ്രതിഷേധക്കാരുടെ കേള്‍വിശക്തിയ്ക്ക് ഇത് തകരാര്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. തങ്ങള്‍ക്കുമുകളിലൂടെ കണ്ണീര്‍വാതക ഷെല്ലുകളുമായി പറക്കുന്ന ഡ്രോണുകളെ പട്ടം പറത്തി പിടികൂടാനാണ് കര്‍ഷകര്‍ ശ്രമിച്ചത്. പട്ടങ്ങളുടെ ചരട് ഡ്രോണുകളുടെ റോട്ടറുകള്‍ക്കിടയില്‍ കുടുക്കി അവയുടെ നിയന്ത്രണം തകര്‍ക്കുക എന്ന തന്ത്രമാണ് സ്വീകരിച്ചത്.

24 പോലീസ് ഉദ്യോഗസ്ഥര്‍ക്കും 30-ലധികം സമരക്കാര്‍ക്കും ചൊവ്വാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഖനോരി അതിര്‍ത്തിയിലും കുരുക്ഷേത്രയിലും പോലീസുമായി കര്‍ഷകര്‍ ഏറ്റുമുട്ടിയിരുന്നു.

Latest