Connect with us

National

ഡല്‍ഹി ചലോ മാര്‍ച്ച് അഞ്ചാം ദിവസവും തുടരുന്നു; ബി.ജെ.പി നേതാക്കളുടെ വസതികള്‍ക്ക് മുന്നില്‍ പ്രതിഷേധം

നിലവില്‍ സമരരംഗത്തുള്ള കര്‍ഷകര്‍ക്ക് പിന്തുണയുമായി കൂടുതല്‍ കര്‍ഷക സംഘടനകള്‍ രംഗത്തെത്തുന്നുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാറിനെതിരെ കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ച് അഞ്ചാം ദിവസവും തുടരുന്നു. സമരം ശക്തമാക്കാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലാണ് കൂടുതല്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. നിലവില്‍ സമരരംഗത്തുള്ള കര്‍ഷകര്‍ക്ക് പിന്തുണയുമായി കൂടുതല്‍ കര്‍ഷക സംഘടനകള്‍ രംഗത്തെത്തുന്നുണ്ട്.

ഭാരതീയ കിസാന്‍ യൂണിയന്‍ (ഏക്താ ഉഗ്രഹാന്‍) വിഭാഗം പഞ്ചാബിലെ ബി.ജെ.പി നേതാക്കളുടെ വസതികള്‍ക്ക് മുന്നില്‍ ഇന്ന് പ്രതിഷേധിക്കും. ഇന്നലെയും കേന്ദ്ര സര്‍ക്കാറുമായി കര്‍ഷകര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായി നാളെയും ചര്‍ച്ച നടക്കും. കര്‍ഷകരെ നേരിടാനായി അതിര്‍ത്തിയാകെ ബാരിക്കേഡുകളും മുള്ളുവേലിയും സ്ഥാപിച്ച് അടച്ചിരിക്കുകയാണ്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ വെള്ളിയാഴ്ച കര്‍ഷകരും പോലീസും ഏറ്റുമുട്ടിയിരുന്നു.

നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് 200 ഓളം കര്‍ഷക സംഘടനകളാണ് ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കര്‍ഷകരാണ് പ്രധാനമായും സമരത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്ര മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് കര്‍ഷകര്‍ മാര്‍ച്ചുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. കാലങ്ങളായി കര്‍ഷകര്‍ ഉന്നയിക്കുന്ന താങ്ങുവില, വിള ഇന്‍ഷുറന്‍സ്, കര്‍ഷകര്‍ക്ക് എതിരായ എഫ്‌ഐആര്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ട് വെക്കുന്നത്.