National
ദില്ലി ചലോ മാര്‍ച്ച്; കര്‍ഷക സമരത്തിന് ഇന്ന് ഒരു വര്‍ഷം തികയുന്നു
സമരത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ഇന്ന് കൂടുതല്‍ കര്‍ഷകരെത്തും
ന്യൂഡല്‍ഹി | വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തുടങ്ങിയ സമരത്തിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ദില്ലി ചലോ മാര്‍ച്ച് 27നാണ് ഡല്‍ഹി അതിര്‍ത്തിലെ സിംഗുവില്‍ എത്തിയത്. സമരക്കാരെ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. ഇതോടെ സിംഗു കര്‍ഷകരുടെ സമരകേന്ദ്രമായി മാറുകയായിരുന്നു. ഡല്‍ഹിയുടെ മറ്റ് അതിര്‍ത്തികളായ ടിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളിലേക്കും കര്‍ഷകര്‍ ഒഴുകി എത്തിയതോടെ അത് പുതിയൊരു സമര ചരിത്രത്തിന് തുടക്കമാവുകയായിരുന്നു. പിന്നീട് സംഭവബഹുലമായിരുന്നു ഒരു വര്‍ഷം നീണ്ട കര്‍ഷകരുടെ പോരാട്ടം.
യുപിയിലും പഞ്ചാബിലും തിരഞ്ഞെടുപ്പ് വരാനിരിക്കെ കഴിഞ്ഞ 19ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അതേസമയം എംഎസ്പി അടക്കം കൂടുതല്‍ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് സമരം കടുപ്പിക്കുകയാണ് കര്‍ഷകര്‍. സമരത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ഇന്ന് കൂടുതല്‍ കര്‍ഷകരെത്തും. അതിര്‍ത്തികളില്‍ പ്രകടനങ്ങളും ട്രാക്ടര്‍ റാലികളും നടന്നേക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനൊപ്പം താങ്ങുവിലക്കായി നിയമം കൂടി കൊണ്ടുവന്നാല്‍ മാത്രമെ സമരം അവസാനിപ്പിക്കൂ എന്നതാണ് കര്‍ഷകരുടെ നിലപാട്.കൃഷി ചെലവിന്റെ ഒന്നര ഇരട്ടി വരുമാനം കര്‍ഷകന് ഉറപ്പാക്കണം എന്ന എം എസ് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
അതേസമയം താങ്ങുവിലക്കായി പ്രത്യേക നിയമം കൊണ്ടുവരുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.