Connect with us

National

ഡല്‍ഹി മുഖ്യമന്ത്രി; വിവിധ സമവാക്യങ്ങളുമായി പ്രമുഖര്‍ രംഗത്ത്

അരവിന്ദ് കെജ്രിവാളിനെ തോല്‍പ്പിച്ച പര്‍വേഷ് വര്‍മ്മയാണ് മുഖ്യമന്ത്രി സ്ഥാനം കൊതിക്കുന്നവരില്‍ പ്രമുഖന്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രിയാകാന്‍ പ്രമുഖര്‍ ഓപ്പറേഷന്‍ ശക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമിത് ഷായേയും ആര്‍ എസ് എസ് പ്രമുഖരേയും സന്ദര്‍ശിക്കുന്ന തിരക്കിലാണ് നേതാക്കള്‍.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെ തോല്‍പ്പിച്ച പര്‍വേഷ് വര്‍മ്മയാണ് മുഖ്യമന്ത്രി സ്ഥാനം കൊതിക്കുന്നവരില്‍ പ്രമുഖന്‍. പര്‍വേഷ് വര്‍മ്മ ഇന്ന് രാജ് നിവാസിലെത്തി ലഫ്. ഗവര്‍ണറെ കണ്ടു. ഇന്നലെ അമിത് ഷായെയും അദ്ദേഹം കണ്ടിരുന്നു. തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ജാതി സമവാക്യങ്ങളും അദ്ദേഹം നേതാക്കളെ അറിയിച്ചതായാണ് വിവരം. ജാട്ട് വിഭാഗത്തില്‍നിന്നുള്ള തന്നെ മുഖ്യമന്ത്രിയാക്കിയാല്‍ ഹരിയാനയില്‍ ഒ ബി സി വിഭാഗത്തില്‍ നിന്നുള്ള നായബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ആ വിഭാഗത്തിലുണ്ടായ അതൃപ്തി മറികടക്കാനാകുമെന്നും പശ്ചിമ യുപിയിലും ഇത് നേട്ടമാകുമെന്നും പര്‍വേഷ് വര്‍മ അവകാശപ്പെടുന്നു.

ആര്‍ എസ് എസ് നേതാവായ അഭയ് മഹാവര്‍, വനിതാ മുഖ്യമന്ത്രിവേണമെന്ന ആവശ്യവുമായി രേഖ ഗുപ്ത, ശിഖ റായ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവ, ബാന്‍സുരി സ്വരാജ് എം പി എന്നിവരെല്ലാം വിവിധ ജാതി-സാമൂഹിക സമവാക്യങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ വിജേന്ദര്‍ ഗുപ്തയും സതീഷ് ഉപാധ്യായും രംഗത്തുവന്നതും പ്രതിസന്ധി രൂക്ഷമാക്കി.
സാഹചര്യം പ്രതിസന്ധിയിലേക്കു നീങ്ങിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായും പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുമായും ഇന്നലെ ആദ്യ ചര്‍ച്ച നടത്തി. രാവിലെ അമിത് ഷായുടെ വസതിയില്‍ ജെ പി നദ്ദയും ജന സെക്രട്ടറി ബിഎല്‍ സന്തോഷും സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവയും കൂടികാഴ്ച നടത്തി.

പര്‍വേഷ് വര്‍മയുടെ പേരിനു പാര്‍ട്ടി മുന്‍തൂക്കം നല്‍കിയെങ്കിലും മറ്റു നേതാക്കളും മുഖ്യമന്ത്രി പദത്തിനായി രംഗത്തുവന്നതോടെയാണ് പാര്‍ട്ടി നേതൃത്വം അങ്കലാപ്പിലായത്. അമിത് ഷായുടെ വസതിയില്‍ ഇന്നു നടന്ന നിര്‍ണായക ചര്‍ച്ചയില്‍ അന്തിമ തീരുമാനത്തില്‍ എത്താനായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിനുശേഷം സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം എന്നതിനാല്‍ ചര്‍ച്ച നടത്താന്‍ ഇനിയും സമയമുണ്ടെന്ന നിലപാടിലാണ് നേതൃത്വം.

ഫ്രാന്‍സ് – അമേരിക്ക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ പോകും മുന്‍പ് പ്രഖ്യാപനമുണ്ടാകും വിധം തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് നേതാക്കള്‍ പറയുന്നത്. ശനിയാഴ്ചയോ ഞായറാഴ്ചയോ സത്യപ്രതിജ്ഞ ചടങ്ങ് നടന്നേക്കും. എന്‍ ഡി എയിലെ എല്ലാ മുഖ്യമന്ത്രിമാരെയും പ്രധാനപ്പെട്ട നേതാക്കളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തി പ്രകടനമാക്കാനാണ് ബി ജെ പി തീരുമാനം.

 

Latest