Kerala
നിമിഷ പ്രിയയുടെ അമ്മക്ക് യെമനിലേക്ക് പോകാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി
യാത്ര സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കണമെന്നും കോടതി

ന്യൂഡൽഹി | യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് യമനിലേക്ക് പോകാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. സ്വന്തം ഉത്തരവാദിത്വത്തിൽ യമനിൽ ജോലി ചെയ്യുന്ന മറ്റൊരാളോടൊപ്പം പോകുന്നതിനാണ് കോടതി അനുമതി നൽകിയത്. കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകൾക്ക് ഇവരുട യാത്രയിൽ ഉത്തരവാദിത്വം ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
യമനിലേക്ക് ഇന്ത്യക്കാർക്ക് യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ പ്രേമകാരിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ചുരുന്നു. ഈ സാഹചര്യത്തിൽ യാത്രാവിലക്കുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ ഇളവ് വരുത്താൻ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. യാത്രാ തീയതിയും മടക്കയാത്രാതീയതിയും കാണിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാൻ നിമിഷപ്രിയയുടെ അമ്മയോട് കോടതി അഭ്യർഥിച്ചു.
തന്റെ മകളെ തൂക്കുമരത്തിൽ നിന്ന് രക്ഷിക്കാനുള്ള ഏക മാർഗം യെമനിലേക്ക് പോയി രക്തപ്പണം നൽകി മരിച്ചയാളുടെ കുടുംബവുമായി ചർച്ച നടത്തുകയാണെന്ന് അമ്മക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇന്ത്യൻ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതിനാൽ അവർക്ക് യമൻ സന്ദർശിക്കാൻ സാധിക്കുന്നില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
2017-ൽ തലാൽ അബ്ദു മഹ്ദി എന്ന യമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയെ ശിക്ഷിച്ചത്. നിമിഷ പ്രിയയുടെ അപ്പീൽ 2022 മാർച്ച് 7-ന് യെമനിലെ അപ്പീൽ കോടതി തള്ളിയിരുന്നു.