Connect with us

National

വ്യാജ രേഖ ചമച്ച് ഐ എ എസ്; പൂജ ഖേദ്ക്കർക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

പൂജ ഖേദ്കറുടെ നടപടി വൻ ഗൂഢാലോചനയുടെ ഭാഗവും അധികൃതരെ കബളിപ്പിക്കലുമാണെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.

Published

|

Last Updated

ന്യൂഡൽഹി | വ്യാജ ഒബിസി സർട്ടിഫിക്കറ്റ് ചമച്ച് പരീക്ഷ എഴുതി ഐ എ എസ് നിയമനം നേടുകയും തട്ടിപ്പ് പുറത്തായതോടെ കേന്ദ്ര സർക്കാർ സർവീസിൽ നിന്ന് പുറത്താക്കുകയും ചെയ്ത പൂജ ഖേദ്കർക്ക് ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. പൂജ ഖേദ്കറുടെ നടപടി വൻ ഗൂഢാലോചനയുടെ ഭാഗവും അധികൃതരെ കബളിപ്പിക്കലുമാണെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.

പൂജ ഐ എ എസ് നേടാൻ യോഗ്യയായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. യുപിഎസ്സിയോട് മാത്രമല്ല രാജ്യത്തോട് മുഴുവൻ ചെയ്യുന്ന വഞ്ചനയുടെ മികച്ച ഉദാഹരണമാണിത്. വ്യാജ സർട്ടിഫിക്കറ്റ് നേടുന്നതിന് പൂജയുടെ കുടുംബം ഉന്നതരുമായി ഒത്തുകളിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. പൂജക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകി നേരത്തെ സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച വിധിയും കോടതി റദ്ദാക്കി.

താൻ അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും തനിക്കെതിരായ കാര്യങ്ങൾ ഡോക്യുമെന്ററി സ്വഭാവത്തിൽ ഉള്ളതായതിനാൽ കസ്റ്റഡി ആവശ്യമില്ലെന്നുമുള്ള പൂജയുടെ വാദം തള്ളിയാണ് കോടതി നടപടി. എന്നാൽ പൂജയെ ചോദ്യം ചെയ്യാനും കുറ്റകൃത്യത്തിൽ മറ്റുള്ളവരുടെ പങ്ക് കണ്ടെത്തുന്നതിനും കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. പൂജക്ക് ജാമ്യം അനുവദിച്ചാൽ കേസിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന് അത് തടസ്സമാകുമെന്നും പോലീസ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സെപ്തംബറിലാണ് പൂജയെ കേന്ദ്ര സർക്കാർ സർവീസിൽ നിന്ന് പുറത്താക്കിയത്. ജൂണില്‍ പൂജയ്ക്കെതിരെ പൂണെ കലക്ടറായിരുന്ന സുഹാസ് ദിവാസെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ക്രമക്കേടുകള്‍ പുറത്തറിയുന്നത്. ഐ‌എ‌എസ് ട്രെയിനി മാത്രമായ പൂജ, പരിശീലന കാലയളവില്‍ തന്നെ കാറും സ്റ്റാഫും ഓഫിസും ആവശ്യപ്പെട്ടതും കലക്ട്രേറ്റിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതുമായിരുന്നു പരാതിക്ക് അടിസ്ഥാനം.

 

 

Latest