Connect with us

National

അഗ്‌നിപഥ് പദ്ധതി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി

രാജ്യ താല്‍പര്യം ലക്ഷ്യം വെച്ചാണ് പദ്ധതിയെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യന്‍ സായുധ സേനയുമായി ബന്ധപ്പെട്ട അഗ്‌നിപഥ് പദ്ധതിക്കെതിരായ കേസില്‍ അഗ്‌നിപഥ് പദ്ധതി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. പദ്ധതിയില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പദ്ധതിക്കെതിരായ എല്ലാ ഹര്‍ജികളും കോടതി തള്ളി. രാജ്യ താല്‍പര്യം ലക്ഷ്യം വെച്ചാണ് പദ്ധതിയെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.

സൈന്യത്തെ നവീകരിക്കാനാണ് പദ്ധതിയെന്ന് വ്യക്തമാക്കിയ കോടതി, അഗ്‌നിപഥിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തി വെച്ചതിനെതിരായ ഹര്‍ജിയും തള്ളി. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.

കേന്ദ്രസര്‍ക്കാര്‍ 2022 ജൂണ്‍ 14-ന് പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. അഗ്‌നിപഥുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള ഹര്‍ജികളും ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. പദ്ധതി നിയമവിരുദ്ധമാണെന്നും നേരത്തെ നടത്തിയ റിക്രൂട്‌മെന്റുകള്‍ ഒറ്റയടിക്ക് നിര്‍ത്തലാക്കിയ നടപടി തെറ്റാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ ഹര്‍ജികള്‍ തള്ളണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്.

അന്‍പതിനായിരം യുവാക്കളെ ഓരോ വര്‍ഷവും ഹ്രസ്വകാലത്തേക്ക് സൈന്യത്തിലെടുക്കുന്നതാണ് അഗ്‌നിപഥ് പദ്ധതി. ടൂര്‍ ഓഫ് ഡ്യൂട്ടി മാത്യകയിലുള്ള സൈനിക സേവനത്തിലൂടെ പതിനേഴര മുതല്‍ 21 വയസു വരെ പ്രായമുള്ളവര്‍ക്ക് സൈന്യത്തില്‍ ചേരാന്‍ പദ്ധതി വഴി അവസരം ലഭിക്കും. പദ്ധതി പ്രകാരം എത്തുന്നവരെ അഗ്‌നിവീര്‍ എന്നാകും വിളിക്കുക. ആറ് മാസത്തെ പരിശീലനം ഉള്‍പ്പെടെ നാല് വര്‍ഷത്തേക്കാണ് നിയമനം. 30000 രൂപ മാസ ശമ്പളവുമുണ്ടാകും.

 

 

 

---- facebook comment plugin here -----

Latest