National
ഡല്‍ഹി കനത്ത മൂടല്‍മഞ്ഞില്‍; ഏഴ് വിമാന സര്‍വീസുകള്‍ റദ്ദാക്കി, റെയില്‍ , റോഡ് ഗതാഗതത്തേയും ബാധിച്ചു
തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നു

ന്യൂഡല്‍ഹി | ഡല്‍ഹിയും സമീപ പ്രദേശങ്ങളും കനത്ത മൂടല്‍മഞ്ഞില്‍. തുടര്‍ന്ന് ഏഴ് വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും നിരവധി സര്‍വീസുകള്‍ വൈകുകയും ചെയ്തു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നു. 184 വിമാന സര്‍വീസുകളാണ് വൈകിയത്. ഡല്‍ഹിയിലേക്കുള്ള 26 ട്രെയിനുകളും വൈകി ഓടുന്നതിനാല്‍ ആറ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ ഡല്‍ഹിയിലും സമീപ നഗരങ്ങളിലും റോഡ് ഗതാഗതത്തേയും ബാധിച്ചു. കുറഞ്ഞ ദൃശ്യപരത വിമാനങ്ങളെ ബാധിച്ചേക്കാമെന്ന് ബജറ്റ് കാരിയറുകളായ ഇന്‍ഡിഗോയും സ്പൈസ് ജെറ്റും മുന്നറിയിപ്പ് നല്‍കി. യാത്രക്കാര്‍ അവരുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയര്‍ലൈന്‍ കമ്പനികള്‍ അഭ്യര്‍ഥിച്ചു. ഡല്‍ഹിയില്‍ ഇന്ന് രാവിലെ 9 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. വൈകുന്നേരവും രാത്രിയും വീണ്ടും മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു