National
ഡല്‍ഹി ജ്വല്ലറി കവര്‍ച്ച: 25 കോടിയുടെ സ്വര്‍ണം കവര്‍ന്ന രണ്ടുപേര്‍ പിടിയില്‍
മോഷണം പോയ സാധനങ്ങള്‍ എവിടെയാണെന്ന് ഇവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ ജ്വല്ലറി കവര്‍ച്ച കേസില്‍ നടപടിയുമായി പോലീസ്. ഛത്തീസ്ഗഡില്‍ നിന്ന് രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡല്‍ഹിയിലെ ഒരു ജ്വല്ലറിയില്‍ നിന്ന് 25 കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. കസ്റ്റഡിയിലെടുത്ത കുറ്റവാളികളില്‍ ഒരാള്‍ കൊടും കള്ളനാണെന്നാണ് സൂചന. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
മോഷണം പോയ സാധനങ്ങള്‍ എവിടെയാണെന്ന് ഇവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കാന്‍ പോലീസ് ചിലയിടങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. ഭോഗല്‍ പ്രദേശത്തെ ഉംറാവു ജ്വല്ലേഴ്‌സില്‍ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് 25 കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിക്കപ്പെട്ടത്. തിങ്കളാഴ്ച അവധിയായതിനാല്‍ ഞായറാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെയുള്ള സമയത്തിനിടെയാണ് കവര്‍ച്ച നടന്നിരിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് സ്ഥാപനം പൂട്ടിപ്പോയ ഉടമ ചൊവ്വാഴ്ച രാവിലെ എത്തി തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സ്ട്രോങ് റൂമിന്റെ ഭിത്തിയില്‍ വലിയൊരു ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ ഉള്ളില്‍ പ്രവേശിച്ച് കവര്‍ച്ച നടത്തിയിരിക്കുന്നത്. നാല് നിലകളുള്ള കെട്ടിടത്തിന്റെ ടെറസിലൂടെയാണ് മോഷ്ടാക്കള്‍ ജ്വല്ലറിയില്‍ കടന്നതെന്ന് പോലീസ് പറഞ്ഞു. ജ്വല്ലറിയിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയ നിലയിലായിരുന്നെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.