Connect with us

National

ഡൽഹി മദ്യ അഴിതിക്കേസ്: അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ ഡി സമൻസ്

കെജരിവാളിന് ഇഡി സമൻസ് അയക്കുന്നത് ഇത് ആറാം തവണ; അഞ്ച് തവണയും കെജരിവാൾ ഹാജരായില്ല

Published

|

Last Updated

ന്യൂഡൽഹി | മദ്യ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമൻസ് അയച്ചു. ഫെബ്രുവരി 19ന് ഹാജരാകാനാണ് ഇഡി കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മുമ്പ് കെജ്‌രിവാളിന് ഇഡി അഞ്ച് സമൻസുകൾ അയച്ചിട്ടുണ്ട്. അഞ്ച് തവണയും കെജരിവാൾ ഹാജരായിരുന്നില്ല. ഇഡി സമൻസ് പ്രതികാര നടപടിയാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ജനുവരി 31, ജനുവരി 17, ജനുവരി 3, ഡിസംബർ 21, നവംബർ 2 തീയതികളിലാണ് ഇഡി കെജ്‌രിവാളിന് സമൻസ് അയച്ചത്. ഇഡി തുടർച്ചയായി സമൻസ് അയച്ചതിന് പിന്നാലെ, അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ഈ നടപടികളെല്ലാം നടക്കുന്നതെന്ന് ആം ആദ്മി പാർട്ടി അവകാശപ്പെടുന്നു. ചോദ്യം ചെയ്യാനെന്ന വ്യാജേന വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാനാണ് ഇഡി ആഗ്രഹിക്കുന്നത്. ഇഡിക്ക് ചോദ്യം ചെയ്യണമെങ്കിൽ അവരുടെ ചോദ്യങ്ങൾ എഴുതി കെജ്‌രിവാളിന് നൽകാമെന്ന് എഎപി പറയുന്നു.

നിയമപരമായ എല്ലാ സമൻസുകളും സ്വീകരിക്കാൻ തയ്യാറാണെന്നും എന്നാൽ മുൻ സമൻസുകളെപ്പോലെ ഈ ഇഡി സമൻസും നിയമവിരുദ്ധമാണെന്നും കെജ്‌രിവാൾ ഇഡിക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സത്യസന്ധതയോടെയും സുതാര്യതയോടെയുമാണ് താൻ ജീവിതം നയിച്ചതെന്നും കെജ്‌രിവാൾ നേരത്തെ പറഞ്ഞിരുന്നു.

Latest