National
ഡല്‍ഹി മദ്യനയ കേസ്: സഞ്ജയ് സിംഗിന്റെ സഹായികള്‍ക്ക് സമന്‍സ് അയച്ച് ഇഡി
സഞ്ജയ് സിംഗിന്റെ അടുത്ത സഹായികളായ വിവേക് ത്യാഗി, സര്‍വേഷ് മിശ്ര എന്നിവര്‍ക്കാണ് ഇഡി സമന്‍സ് അയച്ചത്.
ന്യൂഡല്‍ഹി| ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗിന്റെ സഹായികള്‍ക്ക് സമന്‍സ് അയച്ച് ഇഡി. സഞ്ജയ് സിംഗിന്റെ അടുത്ത സഹായികളായ വിവേക് ത്യാഗി, സര്‍വേഷ് മിശ്ര എന്നിവര്‍ക്കാണ് ഇഡി സമന്‍സ് അയച്ചത്. ഇരുവരും ഒക്ടോബര്‍ ആറിന് ഇഡിക്ക് മുന്നില്‍ ഹാജരാകും.
ഡല്‍ഹി മദ്യനയം രൂപീകരണത്തില്‍ സഞ്ജയ് സിംഗിന് വേണ്ടി സര്‍വേഷ് ഒരു കോടി രൂപ കൈപ്പറ്റിയതായി കേന്ദ്ര അന്വേഷണ ഏജന്‍സി ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സഞ്ജയ് സിംഗിനെ ബുധനാഴ്ചയാണ് ഇഡി അറസ്റ്റ് ചെയ്തത്. ഇതേ കേസുമായി ബന്ധപ്പെട്ട് ഒരുവര്‍ഷത്തിനിടെ ഇഡി അറസ്റ്റ് ചെയ്യുന്ന മൂന്നാമത്തെ എഎപി നേതാവാണ് സഞ്ജയ് സിംഗ്.
സഞ്ജയ് സിംഗിനെ ഒക്ടോബര്‍ 10 വരെ കേന്ദ്ര ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസം നീണ്ടുനിന്ന ചോദ്യംചെയ്യലിന് ശേഷമാണ് സഞ്ജയ് സിംഗിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ (പിഎംഎല്‍എ) പ്രകാരം അറസ്റ്റ് ചെയ്തത്.