National
ഡല്‍ഹി മദ്യനയക്കേസ്; മനീഷ് സിസോദിയക്ക് ജാമ്യമില്ല
ജനാധിപത്യ മൂല്യങ്ങളെ വഞ്ചിച്ച സിസോദിയ അധികാര ദുര്‍വിനിയോഗവും വിശ്വാസ ലംഘനവും നടത്തിയതായി ബോധ്യപ്പെട്ടെന്ന് കോടതി

ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ ജാമ്യഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജനാധിപത്യ മൂല്യങ്ങളെ വഞ്ചിച്ച സിസോദിയ അധികാര ദുര്‍വിനിയോഗവും വിശ്വാസ ലംഘനവും നടത്തിയതായി ബോധ്യപ്പെട്ടെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി ഹരജി തള്ളിയിരിക്കുന്നത്. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് സിസോദിയ ജാമ്യ ഹരജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്
മദ്യനയം രൂപീകരണത്തില്‍ പക്ഷപാതപരമായ നടപടികള്‍ കൈക്കൊണ്ടതായി തെളിവുകളിലൂടെ വ്യക്തമായതായും വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങളും സിസോദിയ പരിഗണിച്ചില്ലെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവില്‍ പറയുന്നു. അതേ സമയം ഡല്‍ഹി റോസ് അവന്യൂ കോടതി സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി കഴിഞ്ഞ ദിവസം മേയ് 31 വരെ നീട്ടിയിരുന്നു.അതേസമയം വിചാരണക്കോടതിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് രോഗബാധിതയായ ഭാര്യയെ കാണുന്നതിന് സിസോദിയയ്ക്ക് അനുവാദം നല്‍കി. ഫെബ്രുവരി മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സിസോദിയ.