National
ഡല്‍ഹി മദ്യനയ കേസ്: മനീഷ് സിസോദിയയുടെ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് വരുത്തി സുപ്രീം കോടതി
പുതിയ ജാമ്യ വ്യവസ്ഥകള്‍ പ്രകാരം സിസോദിയ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ റിപോര്‍ട്ട് ചെയ്താല്‍ മതി
ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി കേസുകളില്‍ എ എ പി നേതാവും മുന്‍ ഉപ മുഖ്യമന്ത്രിയുമായ മനിഷ് സിസോദിയയുടെ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് വരുത്തി സുപ്രീം കോടതി. പുതിയ ജാമ്യ വ്യവസ്ഥകള്‍ പ്രകാരം സിസോദിയ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ റിപോര്‍ട്ട് ചെയ്താല്‍ മതി. ജസ്റ്റിസുമാരായ ബി ആര്‍ ഗവി, കെ വി വിശ്വനാഥന്‍ എന്നിവരാണ് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് വരുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ആവശ്യമുള്ളപ്പോഴെല്ലാം പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നായിരുന്നു നേരത്തെയുള്ള കോടതി നിര്‍ദേശം.
ആഗസ്റ്റ് ഒമ്പതിനാണ് സിസോദിയക്ക് പരമോന്ന കോടതി ജാമ്യം അനുവദിച്ചിരുന്നത്. വിചാരണ കൂടാതെ 17 മാസത്തോളം തടവിലിട്ടത് വേഗത്തില്‍ വിചാരണ നടത്തുകയെന്ന അദ്ദേഹത്തിന്റെ അവകാശത്തെ ലംഘിക്കുകന്നതാണെന്ന് കോടതി വിലയിരുത്തി. എങ്കിലും എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും രാവിലെ 10നും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ റിപോര്‍ട്ട് ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു. മറ്റ് ഉപാധികള്‍ ആവശ്യമില്ലെന്ന് കണ്ടത് കൊണ്ട് ഒഴിവാക്കുകയാണെന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചു.
സിസോദിയയുടെ ഹരജികളില്‍ കഴിഞ്ഞ മാസം 22ന് കോടതി വാദം കേട്ടിരുന്നു. 60 തവണയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ സിസോദിയക്ക് ഹാജരാകേണ്ടി വന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദം കേള്‍ക്കലിനിടെ കോടതിയെ അറിയിച്ചിരുന്നു.
2023 ഫെബ്രുവരി 26 നാണ് സി ബി ഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി എക്സൈസ് നയം 2021-22 രൂപവത്കരിക്കുന്നതിലും നടപ്പാക്കിയതിലും ക്രമക്കേടുകള്‍ ആരോപിച്ചായിരുന്നു അറസ്റ്റ്. 2023 മാര്‍ച്ച് ഒമ്പതിന് സി ബി ഐ എഫ് ഐ ആറില്‍ നിന്ന് ഉരുത്തിരിഞ്ഞ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 2023 ഫെബ്രുവരി 28 ന് സിസോദിയ ല്‍ഹി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു.