National
ഡല്‍ഹി മദ്യനയക്കേസ്; സിസോദിയയുടെ പേരില്ലാതെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
സിസോദിയയ്‌ക്കെതിരായ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് അന്വേഷണ ഏജന്‍സിയായ സിബിഐ വ്യക്തമാക്കി
![](https://assets.sirajlive.com/2022/08/sisodia-897x538.jpg)
ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേര് ഉള്‍പ്പെടുത്താതെ കുറ്റപത്രം സമര്‍പ്പിച്ചു. അതേസമയം, സിസോദിയയ്‌ക്കെതിരായ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് അന്വേഷണ ഏജന്‍സിയായ സിബിഐ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിക്കുന്ന ആദ്യ കുറ്റപത്രമാണിത്.
ആം ആദ്മി പാര്‍ട്ടിയുടെ കമ്മ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജ് വിജയ് നായര്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അഭിഷേക് ബോയിന്‍പള്ളി എന്നിവരുള്‍പ്പെടെ ഏഴുപേരെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.
മദ്യവ്യാപാരി സമീര്‍ മഹേന്ദ്രു, ബോയിന്‍പള്ളിയുടെ സഹായി അരുണ്‍ പിള്ള, മുത്തു ഗൗതം, എക്‌സൈസ് വകുപ്പില്‍ മുമ്പ് ജോലി ചെയ്തിരുന്ന രണ്ട് പൊതുപ്രവര്‍ത്തകര്‍ എന്നിവരാണ് കുറ്റപത്രത്തിലുള്ള മറ്റുള്ളവര്‍. ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ പ്രത്യേക സിബിഐ ജഡ്ജി എംകെ നാഗ്പാലിന് മുമ്പാകെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
10,000 പേജുള്ള രേഖകള്‍ പരിഗണിക്കുന്നതിന് മുമ്പ് നവംബര്‍ 30 ന് വാദം കേള്‍ക്കാന്‍ കോടതി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. മദ്യനയ കേസില്‍ മനീഷ് സിസോദിയയെ ഒന്നാം പ്രതിയാക്കിയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡല്‍ഹി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിര്‍ന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സിസോദിയയുമായി ചേര്‍ന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികള്‍ക്ക് അനധികൃതമായി ടെണ്ടര്‍ നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. സിസോദിയയുമായി അടുപ്പമുള്ളവര്‍ക്ക് ഇവര്‍ കോടികള്‍ കൈമാറിയെന്നും, ഇത് കമ്മീഷന്‍ തുകയാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു.