National
ഡൽഹി മദ്യനയ അഴിമതിക്കേസ്: കെജരിവാളിന് സുപ്രിം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു
കെജരിവാളിന്റെ ജയിൽവാസം "ഇൻഷുറൻസ് അറസ്റ്റ്" എന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി
ന്യൂഡൽഹി | ഡൽഹി മദ്യ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. കെജരിവാളിന്റെ ജാമ്യാപേക്ഷയിൽ സിബിഐയുടെ മറുപടി തേടിയ കോടതി കേസ് ഓഗസ്റ്റ് 23ലേക്ക് മാറ്റി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി.
ഇത് വിചിത്രമായ സാഹര്യമാണെന്ന് കെജ്‌രിവാളിന് വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി കോടതിയിൽ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ കേസിൽ (പിഎംഎൽഎ) മെയ് 10 ന് കെജരിവാളിന് ഇടക്കാല ജാമ്യം ലഭിച്ചിട്ടുണ്ട്. അതിനുശേഷം ജൂലൈയിൽ അദ്ദേഹത്തിന് സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചു. സിബിഐ കേസിൽ കീഴ്ക്കോടതിയും ജാമ്യം അനുവദിച്ചു. ഇങ്ങനെ മൂന്ന് ജാമ്യ ഉത്തരവുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കെജരിവാളിന്റെ ജയിൽവാസം “ഇൻഷുറൻസ് അറസ്റ്റ്” ആണെന്ന് സിംഗ്വി പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്ത് 1 വർഷവും 10 മാസവും കഴിഞ്ഞ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത് നിയമപരമായി സ്വീകാര്യമല്ലെന്നും ദുരുദ്ദേശ്യപരമാണെന്നും മുതിർന്ന അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ഇടക്കാല ജാമ്യം നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇടക്കാല ജാമ്യം എന്ന് പറയരുതെന്നും ഞങ്ങൾ ഇടക്കാല ജാമ്യം നൽകില്ലെന്നും കോടതി വ്യക്തമക്കി.
നേരത്തെ, ഓഗസ്റ്റ് 5 ന് ഡൽഹി ഹൈക്കോടതി മുഖ്യമന്ത്രിയുടെ അറസ്റ്റ് ശരിവച്ചിരുന്നു. സിബിഐയുടെ നടപടികളിൽ ദുരുദ്ദേശ്യമില്ലെന്നും എഎപി നേതാവിന് സാക്ഷികളെ എങ്ങനെ സ്വാധീനിക്കാൻ കഴിയുമെന്ന് ഏജൻസി തെളിയിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചായിരുന്നു കോടതി നടപടി.
2021 നവംബറിൽ കൊണ്ടുവന്ന ഡൽഹി മദ്യനയത്തിൽ അഴിമതി ആരോപിച്ചാണ് കെജരിവാളിനും മറ്റു പാർട്ടി നേതാക്കൾക്കും കോടതി കേസെടുത്തത്. ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കെജ്‌രിവാളിനെ കൂടാതെ, എഎപിയുടെ ഉന്നത നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിംഗും മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിൽ അറസ്റ്റിലായിരുന്നു. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്.