National
ഡൽഹി മദ്യനയ അഴിമതിക്കേസ്: ബി ആർ എസ് നേതാവ് കെ കവിതക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു
സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിലാണ് ജാമ്യം. അന്വേഷണം അവസാനിച്ചുവെന്നും വിചാരണ തീരാൻ ഏറെ സമയമെടുക്കുമെന്നും നിരീക്ഷിച്ചാണ് കോടതി കവിതക്ക് ജാമ്യം അനുവദിച്ചത്.

ന്യൂഡൽഹി | ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി കേസുകളിൽ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ആണ് ജാമ്യം നൽകിയത്. സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിലാണ് ജാമ്യം. അന്വേഷണം അവസാനിച്ചുവെന്നും വിചാരണ തീരാൻ ഏറെ സമയമെടുക്കുമെന്നും നിരീക്ഷിച്ചാണ് കോടതി കവിതക്ക് ജാമ്യം അനുവദിച്ചത്. 20 മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് കവിത ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്.
അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. അപേക്ഷകൻ്റെ കസ്റ്റഡി ആവശ്യമില്ല. അവർ അഞ്ച് മാസമായി ജയിലിൽ കഴിയുകയാണ്. സമീപഭാവിയിൽ വിചാരണ പൂർത്തിയാക്കാനുള്ള സാധ്യത വിരളമാണ്. അണ്ടർ ട്രയൽ കസ്റ്റഡി ഒരു ശിക്ഷയായി മാറരുത് – ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 45 പ്രകാരം സ്ത്രീകൾക്ക് നൽകുന്ന പ്രത്യേക പരിഗണന ലഭിക്കാൻ കവിതയ്ക്ക് അർഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. പിഎംഎൽഎയ്ക്ക് കീഴിൽ സ്ത്രീകൾക്കുള്ള ഇളവ് അനുസരിച്ച് വിദ്യാസമ്പന്നയായ ഒരു സ്ത്രീക്ക് ജാമ്യത്തിന് അർഹതയില്ലെന്ന ഡൽഹി ഹൈക്കോടതി നിരീക്ഷണളെ കോടതി തള്ളി.
ഡൽഹി ഹൈക്കോടതി ഉത്തരവ് നിയമമാകാൻ അനുവദിച്ചാൽ, വിദ്യാസമ്പന്നരായ ഒരു സ്ത്രീക്കും ജാമ്യം ലഭിക്കില്ല എന്ന് അർഥം വരും. ഡൽഹിയുടെ അധികാരപരിധിയിലുള്ള എല്ലാ കോടതികൾക്കുമെങ്കിലും ഇത് ബാധകമാകും. എംപിയും സാധാരണക്കാരനും തമ്മിൽ വ്യത്യാസം പാടില്ല എന്ന നിലപാടാണ് കോടതികൾ സ്വീകരിക്കേണ്ടത്. നിയമത്തിൽ ഇല്ലാത്ത ഒരു കൃത്രിമ വിവേചനാധികാരം കണ്ടെത്തുകയാണ് ഡെൽഹി ഹൈക്കോടതി ചെയ്തതെന്നും സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു.
കഴിഞ്ഞ ജൂലൈ ഒന്നിനാണ് ഡൽഹി ഹൈക്കോടതി ബിആർഎസ് നേതാവ് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയത്. തുടർന്ന് അവർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനായ പി മോഹിത് റാവു മുഖേനയാണ് കവിത സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
മാർച്ച് 15ന് ഹൈദരാബാദിൽ നിന്നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. തുടർന്ന് ഏപ്രിൽ 11ന് സിബിഐയും ഇവരെ കസ്റ്റഡിയിലെടുത്തു. ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് കൈക്കൂലി കൈമാറ്റത്തിലും കള്ളപ്പണം വെളുപ്പിക്കുന്നതിലും അവർക്ക് പങ്കുണ്ടെന്നാണ് സിബിഐയുടെയും ഇഡിയുടെയും വാദം.
സിബിഐ, ഇഡി കേസുകളിൽ കെ കവിതയുടെ ജാമ്യാപേക്ഷ മെയ് ആറിന് വിചാരണ കോടതി തള്ളിയിരുന്നു.